സുരേഷ് ഗോപിയെ ജി7 സമ്മേളനത്തിലെ ഇന്ത്യൻ സംഘത്തലവനാക്കി മോദി; ഔദ്യോഗിക ചുമതലകളെ ബാധിക്കാതെയുള്ള അഭിനയത്തിനും അനുമതി

ഇറ്റലിയിൽ നടക്കുന്ന ജി 7 സമ്മേളനത്തിലെ സംഘത്തലവനായി നിയമിതനായ സുരേഷ് ഗോപി, ഈ മാസം 12 ന് ഇറ്റലിയിലേക്ക് യാത്രതിരിക്കും
സുരേഷ് ഗോപിയെ ജി7 സമ്മേളനത്തിലെ ഇന്ത്യൻ സംഘത്തലവനാക്കി മോദി; ഔദ്യോഗിക  ചുമതലകളെ ബാധിക്കാതെയുള്ള അഭിനയത്തിനും അനുമതി
Published on


പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സിനിമാ വിലക്കിൽ ട്വിസ്റ്റ്. സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ അനുമതി നൽകിയിരിക്കുകയാണ് കേന്ദ്രം. ഇറ്റലിയിൽ നടക്കുന്ന ജി 7 സമ്മേളനത്തിലെ ഇന്ത്യൻ സംഘത്തലവനായും സുരേഷ് ഗോപിയെ നിയമിച്ചു.

പ്രധാനമന്ത്രിയും സുരേഷ് ഗോപിയുമായി 45 മിനിറ്റിലേറെ കൂടിക്കാഴ്ച നടത്തി. ഔദ്യോഗിക, എംപി ചുമതലകളെ ബാധിക്കാതെ സിനിമാ അഭിനയത്തിനാണ് അനുമതി നൽകിയിരിക്കുന്നത്. ഇറ്റലിയിൽ നടക്കുന്ന ജി 7 സമ്മേളനത്തിലെ സംഘത്തലവനായി നിയമിതനായ സുരേഷ് ഗോപി, ഈ മാസം 12 ന് ഇറ്റലിയിലേക്ക് യാത്രതിരിക്കും. 25 ന് ആരംഭിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ ആഴ്ചയിയിൽ 4 ദിവസവും റോസ്റ്റർഡ്യൂട്ടി നൽകി.

തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്ക് ചലച്ചിത്രാഭിനയത്തിന് നിയന്ത്രണം വച്ച് മണിക്കൂറുകൾക്ക് ശേഷമാണ് കേന്ദ്ര സർക്കാർ വിലക്ക് പിൻവലിച്ചിരിക്കുന്നത്. മന്ത്രിപദവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നൽകിയ നിർദേശം.

സുരേഷ് ഗോപി സിനിമ അഭിനയം തുടരുന്നതിൽ താത്പര്യമില്ലെന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും സ്വീകരിച്ചിരുന്നത്. കേന്ദ്രമന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള നിർദേശമാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്.

ആഴ്ചയിൽ മൂന്ന് ദിവസം നിർബന്ധമായും ഡൽഹിയിൽ ഉണ്ടാകണമെന്നും കേരളഹൗസിൽ നിന്ന് താമസം മാറണമെന്നുമുള്ള നിർദേശങ്ങൾ സുരേഷ് ഗോപി അംഗീകരിച്ചു. പെട്രോളിയം മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഗോൾഫ് ലിങ്ക് ഗസ്റ്റ്ഹൗസിലേക്കാണ് അദ്ദേഹം താമസം മാറിയത്. പെട്രോളിയം മന്ത്രാലയത്തിൽ കുറഞ്ഞത് ഒരു ദിവസവും ടൂറിസം മന്ത്രാലയത്തിൽ രണ്ട് ദിവസവും ആഴ്ച്ചയിൽ ഉണ്ടായിരിക്കണം. പേഴ്സണൽ സ്റ്റാഫിൽ നിലവിൽ ഒഴിവുള്ള 12 പോസ്റ്റുകൾ നികത്തണം. ഫസ്‌റ്റ് പി. എയെ മാത്രമാണ് ഇതുവരെ നിയമിച്ചത്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com