"തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല, വഖഫ് നിയമഭേദഗതി നടപ്പാക്കും"; വിവാദ പരാമർശവുമായി സുരേഷ് ഗോപി

ബോർഡിൻ്റെ പേര് വേദിയിൽ പറയില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി, അതിനെ കിരാതമെന്നാണ് വിശേഷിപ്പിച്ചത്
"തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ല, വഖഫ് നിയമഭേദഗതി നടപ്പാക്കും"; വിവാദ പരാമർശവുമായി സുരേഷ് ഗോപി
Published on


വഖഫ് ബോർഡിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ബോർഡിൻ്റെ പേര് പോലും വേദിയിൽ പറയില്ലെന്ന് പറഞ്ഞ സുരേഷ് ഗോപി, വഖഫ് ബോർഡിനെ കിരാതമെന്നാണ് വിശേഷിപ്പിച്ചത്. ഭാരതത്തിൽ ഇനി ആ കിരാതമുണ്ടാവില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട്ടിൽ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന്റെ പ്രചരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് കേന്ദ്രമന്ത്രി വിവാദ പരാമർശം നടത്തിയത്.

മണിപ്പൂർ പൊക്കിപ്പിടിച്ച് നടന്നവർ ഇന്ന് ബാക്കിയില്ല. ബിജെപി ഭരണകാലത്ത് തണ്ടെല്ലോട് കൂടി ഒരു ബോർഡും ഇവിടെയുണ്ടാകില്ലെന്നും, തണ്ടെല്ല് ഞങ്ങൾ ഊരിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മുനമ്പത്തെ ചിലരെ സംരക്ഷിക്കാൻ വേണ്ടി മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദി ഭരണം നടത്തുന്നത്. മുനമ്പത്തെ സുഖിപ്പിച്ചു കൊണ്ട് ഒന്നും നേടേണ്ടെന്നും വഖഫ് നിയമഭേദഗതി നടപ്പാക്കിയിരിക്കുമെന്നും കേന്ദ്രമന്ത്രി ഉറപ്പിച്ച് പറഞ്ഞു.

അതേസമയം, തൃശൂരിലെ പല്ലവി ആവർത്തിച്ച് വയനാട് ഞങ്ങളെടുക്കുന്നു എന്ന പ്രഖ്യാപനവും സുരേഷ് ഗോപി നടത്തി. തൃശൂരിൽ നടത്തിയ പ്രയോഗം ജനങ്ങൾ ഏറ്റെടുത്തെന്നും അതിനാൽ അത് വയനാട്ടിൽ ആവർത്തിക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. വയനാട് ബിജെപിക്കും മോദിക്കും അമിത് ഷായ്ക്കും വേണമെന്നും, വയനാട്ടിലെ ബിജെപി സ്ഥാനാർഥി നവ്യ ഹരിദാസിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ സുരേഷ് ഗോപി പറഞ്ഞു.

ഒരു പ്രധാന നിയമത്തെ കേന്ദ്രമന്ത്രി ഇത്തരത്തിൽ വിമർശിച്ചത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മതപരമായി ആളുകളെ വിഭജിക്കാനുള്ള ബ്രിട്ടീഷുകാരുടെ തന്ത്രമാണ് സുരേഷ് ഗോപി പയറ്റുന്നതെന്നായിരുന്നു മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിമർശനം.


ഭിന്നിപ്പിക്കൽ തന്ത്രമാണ് കേന്ദ്ര ഗവൺമെൻ്റ് പയറ്റുന്നത്. ജനങ്ങളെ തമ്മിൽ തമ്മിൽ തല്ലിക്കാനാണ് ഇവരുടെ ശ്രമം. വഖഫ് ഇല്ലാതാക്കുമെന്ന് പ്രചരിപ്പിക്കുന്നതും ഇതിൻ്റെ ഭാഗമായാണ്. കേരളം ഇതിനെ ശക്തമായി പ്രതിരോധിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരന്താനന്തരം ഒരു കേന്ദ്രമന്ത്രി വന്നു പറയേണ്ട വാക്കുകൾ അല്ല അദ്ദേഹം പറഞ്ഞതെന്ന വിമർശനവും കുഞ്ഞാലിക്കുട്ടി ഉയർത്തി. മോദി വന്നിട്ട് എന്താണ് ഉണ്ടായതെന്ന് ചോദിച്ച നേതാവ്, മുനമ്പത്തെ സമാധാന ശ്രമങ്ങളെ കലക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നതെന്നും ആരോപിച്ചു.

മതസ്പർദ വളർത്താൻ ബോധപൂർവം നടത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിൻ്റെ ഭാഗമാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്ന് സിപിഎം നേതാവ് എ.എ. റഹീം ന്യൂസ് മലയാളത്തോട് പറഞ്ഞു. വിദ്വേഷ രാഷ്ട്രീയം ബിജെപിയുടെ തുറുപ്പ് ചീട്ടാണെന്ന് പറഞ്ഞ എ.എ. റഹീം, ഇത് പാർട്ടിയുടെ പൊതു രീതിയാണെന്നും വിമർശിച്ചു.

അതേസമയം, മുനമ്പം വഖഫ് വിഷയത്തിൽ കൂടിയാലോചന നടത്തി പരിഹാരം കണ്ടെത്തണമെന്ന ആവശ്യവുമായി പിഡിപി രംഗത്തെത്തി. സർക്കാർ-വഖഫ് അധികൃതർ ഇടപെട്ട് ആളുകളെ പുനരധിവസിപ്പിക്കണം.വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ കഥയറിയാതെ ആട്ടം കാണുകയാണ്. സമരം ചെയ്യുന്നവരെ സംരക്ഷിക്കാനെന്ന പേരിൽ ചിലർ വർഗീയത ഉണ്ടാക്കുന്നതായും പിഡിപി ആരോപിച്ചു.

മുനമ്പം സമരത്തോട് ഐക്യദാർഢ്യമെന്ന് നിലപാടെടുത്തിരിക്കുകയാണ് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നാളെ കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആയിരം കേന്ദ്രങ്ങളിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രതിജ്ഞ ചൊല്ലും. നിങ്ങളുടെ മരണം വരെ, അവസാനത്തെ പോരാളി മരിച്ചു വീഴുന്നത് വരെ ഞാനുണ്ടാകും കൂടെയെന്നായിരുന്നു റാഫേൽ തട്ടിലിൻ്റെ പ്രതികരണം. മുനമ്പം നിരാഹാരസമരപന്തൽ സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com