സ്റ്റെൻ്റ് വിതരണം നിലച്ചു, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങി; വലഞ്ഞ് രോഗികള്‍

സ്റ്റെൻ്റ് കരുതൽ ശേഖരം തീർന്നതോടെ ശസ്ത്രക്രിയ നിർത്തിവെച്ചു. മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയും നിർത്തിവെച്ചു
സ്റ്റെൻ്റ് വിതരണം നിലച്ചു, മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങി; വലഞ്ഞ് രോഗികള്‍
Published on

സ്റ്റെൻ്റ് വിതരണം നിർത്തിയതോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയകള്‍ നിലച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ് ഹൃദയ ശസ്ത്രക്രിയ പൂർണ്ണമായും നിലച്ചത്. നാല് കോടിയോളം രൂപ കുടിശ്ശികയായതോടെയാണ് സ്റ്റെൻ്റ് വിതരണം കമ്പനികൾ നിർത്തിയത്. ഹൃദ്രോഗ വിഭാഗം മുഖേന ചികിത്സ തുടരുന്നവരിൽ നൂറോളം പേർക്കും ശസ്ത്രക്രിയ ആവശ്യമുണ്ട്. എന്നാൽ സ്റ്റെൻ്റ് കരുതൽ ശേഖരം തീർന്നതോടെ ശസ്ത്രക്രിയ നിർത്തിവെച്ചു. മെഡിക്കൽ കോളേജിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയും നിർത്തിവെച്ചു.

മാസത്തിൽ 140ഓളം ഹൃദയ ശസ്ത്രക്രിയകളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നടക്കുന്നത്. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയുള്ളവർക്ക് സൗജന്യമായും, പരിരക്ഷയില്ലാത്തവർക്ക് 40,000 രൂപ ചെലവിലുമാണ് ശസ്ത്രക്രിയ. ശസ്ത്രക്രിയ മുടങ്ങിയതോടെ രോഗികൾ വലിയ ദുരിതത്തിലായി.

കാത് ലാബ് ആരംഭിച്ച് അഞ്ച് വർഷത്തിനകം ആദ്യമായാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഹൃദ്രോഗ വിഭാഗത്തിൻ്റെ പ്രവർത്തനം സ്തംഭിക്കുന്നത്. 2023 മുതലുള്ള കുടിശ്ശികയാണ് കമ്പനികൾക്ക് നിലവിൽ നൽകാനുളളത്. ശസ്ത്രക്രിയ മുടങ്ങിയതോടെ അയൽ ജില്ലകളിൽ നിന്നുള്ള രോഗികൾ അടക്കം, മഞ്ചേരി മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന നിരവധി രോഗികളാണ് ദുരിതത്തിലായത്. ദൗർലഭ്യം മുന്നിൽ കണ്ട് കരുതൽ ശേഖരം ഉപയോഗിച്ചായിരുന്നു ഒരു മാസത്തോളമായി ഹൃദ്രോഗ വിഭാഗത്തിൻ്റെ പ്രവർത്തനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com