
വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിതാ ജീവനക്കാർക്ക് പ്രസവാവധിക്കും മറ്റ് ആനുകൂല്യങ്ങൾക്കും അവകാശമുണ്ടെന്ന് ഒഡിഷ ഹൈക്കോടതി. ഒഡിഷ ഫിനാൻസ് സർവീസ് വനിത ഉദ്യോഗസ്ഥയായ സുപ്രിയ ജെന 2020 ൽ സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജസ്റ്റിസ് എസ്.കെ പാനിഗ്രഹിയുടെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ജൂൺ 25 നാണ് കേസിൽ കോടതി വിധി പറഞ്ഞത്. വാടക ഗർഭധാരണത്തിലൂടെ ഗർഭിണിയായ സുപ്രിയയ്ക്ക് 180 ദിവസത്തെ പ്രസവാവധി ഉന്നത ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. തുടർന്നാണ് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
സ്വഭാവിക ഗർഭധാരണത്തിലും കുഞ്ഞിനെ ദത്തെടുക്കുന്ന സാഹചര്യത്തിലും സർക്കാർ ഉദ്യോഗസ്ഥർക്ക് 180 ദിവസത്തെ പ്രസവാവധി അനുവദിക്കുന്നതിനാൽ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്ന വനിതാ ജീനക്കാർക്കും ഈ ആനുകൂല്യം ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു. സ്വാഭാവിക ഗർഭധാരണത്തിലൂടെ അമ്മയാകുന്ന വനിതാ ജീവനക്കാർക്ക് പ്രസവാവധി നൽകാൻ സർക്കാരിന് കഴിയുമെങ്കിൽ വാടക ഗർഭധാരണത്തിലൂടെ അമ്മമാരാകുന്നവർക്ക് പ്രസാവവധി നൽകാൻ വിസമ്മതിക്കുന്നത് തികച്ചും അനുചിതമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ഉത്തരവ് പുറപ്പെടുവിച്ച് മൂന്ന് മാസത്തിനകം ഹർജിക്കാരന് 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു
.