
വൃക്ക ദാനത്തിലൂടെ ഉടലെടുത്ത ഒരു സൗഹൃദത്തിന്റെ കഥ പറയുകയാണ് കോഴിക്കോട്ടെ ആസ്റ്റർ മിംസ് മുഖാന്തിരം പരിചയപ്പെട്ട മൂന്നു കുടുംബങ്ങൾ. സ്വാപിലൂടെ പരസ്പരം വൃക്ക ദാനം ചെയ്ത് ആരംഭിച്ച സൗഹൃദം ഒരു കുടുംബം പോലെ വലുതാകുകയായിരുന്നു. 2019ൽ കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ സ്വാപ് ചികിത്സാ രീതിയിലൂടെ വൃക്ക ദാനം ചെയ്ത് സുഹൃത്തുക്കളായ മൂന്ന് കുടുംബങ്ങളുടെ കഥ അതിജീവനത്തിന്റെ കൂടിയാണ്.
വൃക്കയുടെ പ്രവർത്തനം തകരാറിലായതോടെയാണ് കണ്ണൂർ സ്വദേശി സുനിതാകുമാരി ചികിത്സ തേടി കോഴിക്കോട് ആസ്റ്റർ മിംസിൽ എത്തുന്നത്. വൃക്ക മാറ്റി വയ്ക്കൽ മാത്രമായിരുന്നു ജീവിതത്തിലേക്ക് തിരികെയെത്താൻ ഏക പോംവഴി. ഡയാലിസിസ് തുടരുന്നതിനിടയിലാണ് സ്വാപിനെ കുറിച്ച് ഡോക്ടർ സജിത്ത് നാരായണൻ അറിയിച്ചത്. തുടർന്ന് സാമ്യമുള്ള ഡോണറെ കണ്ടെത്താനായി ശ്രമം. ആശുപത്രിയിൽ തന്നെയുള്ള സമാന രോഗികളെ കണ്ടെത്തി. പരിശോധനകൾ നടത്തി. അവയവ മാറ്റം സാധ്യമെന്ന് ഉറപ്പിച്ചു. പിന്നീട് ശസ്ത്രക്രിയ നടത്തി. ആറ് വർഷത്തിനിപ്പുറം ജീവിതവും അതിലൂടെ അതിമനോഹരമായ സൗഹൃദങ്ങളും ലഭിച്ച സന്തോഷത്തിലാണ് സുനിതാ കുമാരി.
മറ്റ് രണ്ട് കുടുംബങ്ങളുടെയും കഥയും വ്യത്യസ്തമല്ല. 13 വർഷത്തിലധികമായി വൃക്ക രോഗത്തിന്റെ അവശതകളും ബുദ്ധിമുട്ടുകളും അനുഭവിച്ച് ആസ്റ്റർ മിംസിൽ എത്തിയതായിരുന്നു മലപ്പുറം പെരിന്തൽമണ്ണ സ്വദേശി അബൂബക്കർ. സുനിതാ കുമാരിയുടെ ഭർത്താവ് അനിൽ കുമാറാണ് അബുബക്കറിന് ജീവൻ പകുത്ത് നൽകിയത്. അബൂബക്കറിന്റെ ഭാര്യ നദീറ മറ്റൊരു കുടുംബത്തിന് വൃക്ക ധാനം ചെയ്തതോടെ സൗഹൃദ വലയം വലുതാകുകയായിരുന്നു.
2019 ൽ കേരളത്തിൽ ആദ്യമായാണ് സ്വാപ് ചികിത്സാ രീതി കോഴിക്കോട് ആസ്റ്റർ മിംസിൽ നടത്തിയത്. മൂവരുടെയും വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഏറെ വെല്ലുവിളികളും സങ്കീർണതകളും നിറഞ്ഞതായിരുന്നെങ്കിലും വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. പിന്നീടിതുവരെ നൂറിലധികം സ്വാപ് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതായി ആസ്റ്റർ മിംസിലെ നെഫ്രോളജി വിഭാഗം മേധാവി ഡോക്ടർ സജിത്ത് നാരായണൻ പറയുന്നു.
അതിജീവനത്തോടൊപ്പം മനോഹര സൗഹൃദത്തിന്റെയും കഥ അവയവ ദാനത്തിലൂടെ പറയുമ്പോഴും ജീവിതശൈലിയിൽ ചിട്ടയോടൊപ്പം കൃത്യമായ വ്യായാമം, ഭക്ഷണം, കൃത്യമായ ഇടവേളകളിലെ ആരോഗ്യ പരിശോധന എന്നിവയും എല്ലാവരും ഉറപ്പുവരുത്തേണ്ടതാണ്.