
തിരുവനന്തപുരം മാറനല്ലൂർ സിഐക്കെതിരെ പരാതിയുമായി അതിജീവിത. ഭർത്താവിനെതിരെ പീഡന പരാതി നൽകാൻ എത്തിയപ്പോൾ മാറനല്ലൂർ സിഐ ഷിബു അപമാനിച്ചുവെന്നാണ് 22കാരിയായ അതിജീവിതയും കുടുംബവും പറയുന്നത്.
പീഡന പരാതി നൽകാനെത്തിയപ്പോൾ സിഐ പ്രതിക്ക് വേണ്ടി സംസാരിച്ചുവെന്നും, നൽകിയ മൊഴിയിൽ നിന്ന് പീഡിപ്പിച്ചു എന്നടക്കമുള്ള വാക്കുകൾ സിഐ മാറ്റിയെന്നും അതിജീവിത ആരോപിക്കുന്നു. വനിതാ ഉദ്യോഗസ്ഥ സ്റ്റേഷനിൽ ഉണ്ടായിട്ടും പുരുഷ പൊലീസാണ് മൊഴിയെടുത്തത്. മൊഴി നൽകാനെത്തിയപ്പോൾ സിഐയും പൊലീസുകാരും സ്റ്റേഷനിൽ IPL കണ്ടിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വീട്ടിൽ അതിക്രമിച്ചു കയറി ഭർത്താവ് മൃഗീയമായാണ് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. വേർപിരിഞ്ഞു കഴിയുകയായിരുന്ന ഭർത്താവിൻ്റെ ആക്രമണത്തെ തുടർന്ന് പരിക്കുകളോടെയാണ് യുവതി കൈക്കുഞ്ഞുമായി പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയത്. സംഭവം ഒത്തുത്തീർപ്പാക്കി മുന്നോട്ട് പോയ്‌ക്കൂടെ എന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ ചോദിച്ചത്. സിഐ ഭീഷണിപ്പെടുത്തിയെന്നും, തൻ്റെ ജാതി ചോദിച്ചുവെന്നും അതിജീവിതയുടെ സഹോദരൻ ആരോപിക്കുന്നുണ്ട്.