
പമ്പാ നദിയിൽ ലോറിയിൽ നിന്നും ഇന്ധനം ചോർന്നതായി സംശയം പ്രകടിപ്പിച്ച് നാട്ടുകാർ. ഇന്ന് രാവിലെ മുതലാണ് പത്തനംതിട്ട റാന്നി പേരൂർചാൽ പാലത്തിന് കീഴെ ഓയിൽ സാന്നിധ്യം കണ്ടെത്തിയത്. ജലത്തിൽ കലർന്നത് എന്ത് രാസവസ്തുവാണെന്ന് പരിശോധനയിലൂടെ മാത്രമേ കണ്ടെത്താനാകൂ എന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പറഞ്ഞു.
രാവിലെയോടെയാണ് പമ്പാ നദിയിലെ ഓയിൽ സാന്നിധ്യം പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇക്കാര്യം അധികൃതരെ അറിയിക്കുകയായിരുന്നു. നദിയിൽ കലർന്ന വസ്തു എന്താണെന്നോ ഇതിൻ്റെ ഉറവിടം എവിടെയാണന്നോ എന്നതിൽ അധികൃതർക്ക് വ്യക്തതയില്ല. ഇന്നലെ വടശ്ശേരിക്കര പടയണിപ്പാറയിൽ ആറ്റിലേക്ക് ടിപ്പർ ലോറി മറിഞ്ഞിരുന്നു. ലോറിയിൽ നിന്നുള്ള ഇന്ധനം ചോർന്നതാകമെന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ പമ്പയിലേക്ക് അനധികൃതമായി മാലിന്യം കലർത്തിയതാണെങ്കിൽ കർശനമായ നടപടികൾ ഉണ്ടാവുമെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ വ്യക്തമാക്കി.
റാന്നിയിൽ നിന്ന് ആറന്മുള, കോഴഞ്ചേരി, ചെറുകോൽപ്പുഴ ഭാഗങ്ങളിലേക്ക് ഓയിൽ സാന്നിധ്യം പടർന്നതായും റിപ്പോർട്ടുകളുണ്ട്. ജില്ലയുടെ പ്രധാന കുടിവെള്ള സ്രോതസ്സായ പമ്പയിൽ പെട്ടെന്ന് ദ്രാവക സാന്നിധ്യം കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്.