മഹാകുംഭ മേളയിലെ അപകടം: ഗൂഢാലോചനയെന്ന് സംശയം, സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാൻ അന്വേഷണ സംഘം

വസന്തപഞ്ചമി ദിനത്തിലും കോടിക്കണക്കിന് ഭക്തരെത്തുന്നതിനാൽ കനത്ത സുരക്ഷയാണ് പ്രയാഗ് രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്
മഹാകുംഭ മേളയിലെ അപകടം: ഗൂഢാലോചനയെന്ന് സംശയം, സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാൻ അന്വേഷണ സംഘം
Published on

മഹാകുംഭമേളയിൽ തിക്കിലും തിരക്കിലും 30 പേർ മരിച്ചതിൽ ഗൂഡാലോചനയുണ്ടോ എന്നതടക്കം അന്വേഷിച്ച് യുപി പൊലീസ്. സിസിടിവി ദൃശ്യങ്ങളും 16,000 ത്തോളം മൊബൈലുകളും കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനം. വസന്തപഞ്ചമി ദിനത്തിലും കോടിക്കണക്കിന് ഭക്തരെത്തുന്നതിനാൽ കനത്ത സുരക്ഷയാണ് പ്രയാഗ് രാജിൽ ഏർപ്പെടുത്തിയിരിക്കുന്നത്. 


ജനുവരി 29 ന് രണ്ടാം വിശേഷ സ്‌നാന ദിനമായ മൗനി അമാവാസിയുടെ ഭാഗമായി രണ്ട് ദിവസങ്ങളിലായി 3.5 കോടിയോളം വിശ്വാസികളാണ് പ്രയാ​ഗ് രാജ് മഹാ കുംഭമേളയ്‌ക്കെത്തിയത്. ത്രിവേണി സംഗമത്തിലെ അമൃത്‌സ്നാനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 30 പേർ മരിക്കുകയും 60 പേർ പരിക്കേൽക്കുകയും ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഈ ദുരന്തത്തിൽ ഗൂഢാലോചന നടന്നോ എന്നത് കൂടി അന്വേഷണ വിധേയമാക്കുന്നതായി ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സംഭവത്തെക്കുറിച്ച് മൂന്നം​ഗ ജുഡീഷ്യൽ പാനൽ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു. മരണസംഖ്യ 30 എന്നാണ് ഔദ്യോ​ഗികമായി സ്ഥിരീകരിച്ചതെങ്കിലും 40 മൃതദേഹം കണ്ടെടുത്തതായാണ് റോയിറ്റേഴ്സ് ന്യൂസ് ഏജൻസി റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. സുരക്ഷാ ക്രമീകരണങ്ങളിലെ വീഴ്ചയാണ് ദുരന്തമുണ്ടാക്കിയെന്നാണ് മരിച്ചവരുടെ കുടുംബങ്ങളുടെ ആരോപണം. പരിക്കേറ്റവ‍ർ അലഹബാദ് മോട്ടിലാൽ നെഹ്റു മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.


അപകടദിവസം അവിടെയുണ്ടായ വ്യക്തികളിൽ 16,000 ത്തിലധികം ആളുകളുടെ മൊബൈൽ നമ്പറുകൾ  കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കൺട്രോൾ റൂമിൽ ശേഖരിച്ച സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. നദിയിലെ മറ്റ് ഘാട്ടുകളില്‍ സ്നാനം ചെയ്യുന്നതിന് പകരം ത്രിവേണി സംഗമത്തിനരികിലേക്ക് ആളുകൾ തിരക്കിട്ട് എത്തിയതോടെ സമീപത്തെ ബാരിക്കേഡുകൾ തകരുകയും പലരും വീണ് ചവിട്ടേൽക്കുകയുമായിരുന്നു.

വസന്ത പഞ്ചമി ദിനത്തിൽ മഹാകുംഭമേളയുടെ മൂന്നാം അമൃത്‌സ്നാനം നടക്കാനിരിക്കുകയാണ്. അമൃത് സ്നാനത്തിന് ത്രിവേണി സംഗമത്തിലേക്കുള്ള ജനപ്രവാഹം വീണ്ടും ഉയരുന്നതിനാണ് ഇത് വഴിവെക്കുന്നത്. അതിനാൽ സുരക്ഷ ശക്തമാക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക യോഗം വിളിച്ചു. തിരക്ക് നിയന്ത്രിക്കാൻ സന്നാഹങ്ങളൊരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത പുണ്യസ്നാനം  ഫെബ്രുവരി 22 നും, അവസാനത്തേത് ഫെബ്രുവരി 26 നുമാണ് നടക്കുക.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com