
ഇറാനെതിരെയുള്ള ഇസ്രയേൽ ആക്രമണ പദ്ധതിയുമായി ബന്ധപ്പെട്ട അമേരിക്കൻ രഹസ്യാന്വേഷണ രേഖകൾ ചോർന്നതായി റിപ്പോർട്ട്. ദേശീയ ജിയോ സ്പേഷ്യൽ ഇന്റലിജന്‍സ് ഏജന്‍സി പെന്റഗണിന് കൈമാറിയ രണ്ട് റിപ്പോര്‍ട്ടുകളാണ് ചോര്‍ന്നതെന്നാണ് വിവരം. സംഭവത്തിൽ അമേരിക്ക അന്വേഷണം ആരംഭിച്ചു. ഒക്ടോബർ 15, 16 തിയ്യതികൾ രേഖപ്പെടുത്തിയിട്ടുള്ള ഈ രേഖകൾ ഇറാൻ അനുകൂല ടെലഗ്രാം അക്കൗണ്ടുകളിലൂടെയാണ് ആദ്യം വ്യാപകമായി പ്രചരിച്ചത്.
ഇറാനെതിരായ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾ ഇസ്രയേൽ വ്യോമസേന തുടരുന്നുവെന്നും തന്ത്രപ്രധാന മേഖലകളിലേക്ക് ആയുധങ്ങൾ ഉൾപ്പെടെ ഇസ്രയേൽ സേന നീക്കുന്നുവെന്നും സ്ഥിരീകരിക്കുന്ന വിവരങ്ങളാണ് ഈ രേഖകളിലുള്ളത്. അമേരിക്കൻ ചാര ഉപഗ്രഹങ്ങൾ പകർത്തിയ, ഇസ്രയേൽ സേനയുടെ പരിശീലന ദൃശ്യങ്ങളുടെ വിലയിരുത്തലടക്കമുള്ള രേഖകളാണ് ചോർന്നത്.
ഈ രേഖകൾ എങ്ങനെ ചോർന്നുവെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. സംഭവത്തിൽ അമേരിക്ക അന്വേഷണം ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.