
കോടതി മുറികളിലെ സഹിഷ്ണുതയോടെയും സാഹോദര്യത്തോടെയുമുള്ള സംവാദങ്ങളാണ് ഭരണഘടനയെ നിലനിർത്തുന്നതെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള നിയമപ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹോദര്യവും സഹവർത്തിത്വവുമാണ് ജനാധിപത്യത്തിന്റെ കാതലെന്നും, പൗരന്റെ അന്തസ് ഉയർത്തിപ്പിടിക്കാതെ രാഷ്ട്രങ്ങളുടെ പുരോഗതി അപൂർണമാണെന്നും, ഭരണഘടന ശില്പി ഡോ. ബി.ആർ. അംബേദ്കർ മുന്നോട്ടുവെച്ച സാഹോദര്യം രാഷ്ട്രീയത്തിന് അതീതമായിരുന്നു എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷത വഹിച്ചു. ഹൈക്കോടതിയിലെ വിവിധ ജഡ്ജിമാർ, അഭിഭാഷക സംഘടന നേതാക്കൾ, വിവിധ അഭിഭാഷകർ എന്നിവർ പങ്കെടുത്തു. ഭരണഘടനാ ദിനത്തോടനുബന്ധിച്ചുള്ള നിയമപ്രഭാഷണത്തിനാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഹൈക്കോടതിയിൽ എത്തിയത്.