'യമുനാ നദിയിൽ മുങ്ങാൻ തയ്യാറാകണം'; യമുനാജലവുമായി കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി സ്വാതി മലിവാൾ

കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ യമുന നദിയിലെ വെള്ളം നിറച്ച കുപ്പികളുമായെത്തിയ സ്വാതി മലിവാളും പൂർവാഞ്ചലിൽ നിന്നുള്ള സ്തീകളുടെ സംഘവും പ്രതീകാത്മക കുളത്തിൽ കെജ്‌രിവാളിൻ്റെ ഡമ്മി മുക്കി പ്രതിഷേധിച്ചു
'യമുനാ നദിയിൽ മുങ്ങാൻ തയ്യാറാകണം'; യമുനാജലവുമായി കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ പ്രതിഷേധം നടത്തി സ്വാതി മലിവാൾ
Published on
Updated on

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ ആംആദ്മി പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ വീണ്ടും നാടകീയ രംഗങ്ങൾ. വിമത എംപി സ്വാതി മലിവാളിൻ്റെ നേതൃത്വത്തിൽ നിരവധി സ്ത്രീകൾ യമുനയിലെ വെള്ളം നിറച്ച കുപ്പികളുമായി പ്രതിഷേധ പ്രകടനം നടത്തി. യമുനയിലെ വെള്ളം നിറച്ച പ്രതീകാത്മക കുളത്തിൽ കെജ്‌രിവാളിൻ്റെ ഡമ്മി മുക്കിയും പ്രതിഷേധങ്ങൾ അരങ്ങേറി.



എഎപിയുടെ വിമത എംപി സ്വാതി മലിവാളിൻ്റെ നേതൃത്വത്തിലാണ് പാർട്ടിക്കെതിരെ പ്രതിഷേധം രൂക്ഷമാകുന്നത്. കെജ്‌രിവാളിൻ്റെ വസതിക്ക് മുന്നിൽ യമുന നദിയിലെ വെള്ളം നിറച്ച കുപ്പികളുമായെത്തിയ സ്വാതി മലിവാളും പൂർവാഞ്ചലിൽ നിന്നുള്ള സ്തീകളുടെ സംഘവും പ്രതീകാത്മക കുളത്തിൽ കെജ്‌രിവാളിൻ്റെ ഡമ്മി മുക്കി പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി പ്രതിഷേധക്കാരെ നീക്കം ചെയ്തു.

ആയിരത്തിലധികം സ്ത്രീകളാണ് കെജ്‌രിവാളിനെതിരെ പ്രതിഷേധിക്കാൻ എത്തിച്ചേർന്നത്. കറുത്ത നിറത്തിലുള്ള വൃത്തികെട്ട വെള്ളമാണ് യമുനയിൽ ഒഴുകുന്നതെന്നും എഎപി അധ്യക്ഷൻ യമുന നദിയെ മലിനീകരിച്ചെന്നും സ്വാതി മലിവാൾ ആരോപിച്ചു. കെജ്‌രിവാൾ കൊട്ടാരത്തിൽ ജീവിച്ച്, വിലകൂടിയ വാഹനങ്ങളിൽ കറങ്ങി നടക്കുമ്പോൾ യമുന നദി ജീവശ്വാസം വലിക്കുകയാണ്. യമുന നദിയിൽ മുങ്ങാൻ കെജ്‌രിവാൾ തയ്യാറാകണമെന്നും ഛത് പൂജ ചെയ്യാൻ സാധിക്കാത്തതിനാൽ പൂർവാഞ്ചലിലെ സ്ത്രീകളുടെ ശാപം കെജ്‌രിവാളിന് ഏൽക്കുമെന്നും രാജ്യസഭാ എംപി പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു കെജ്‌രിവാളിൻ്റെ വീട്ടിലേക്ക് ട്രക്കുകളിൽ മാലിന്യം നിറച്ച് സ്വാതി മലിവാൾ എത്തിയത്. അന്ന് വികാസ്പൂരിലെ സ്ത്രീകളായിരുന്നു സ്വാതിക്കൊപ്പമുണ്ടായിരുന്നത്. കെജ്‌രിവാളിൻ്റെ കാരിക്കേച്ചറും കൈയ്യിലേന്തി എത്തിയ സ്വാതി ഡെൽഹിക്ക് കെജ്‌രിവാൾ നൽകിയ സമ്മാനം എന്തുചെയ്യണമെന്ന ചോദ്യമായിരുന്നു അന്ന് ഉയർത്തിയത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ വിമത എംപിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതിഷേധ ശരങ്ങളോട് ഡൽഹി ജനത എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരുന്ന് കാണാം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com