
കണ്ണമാലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കടൽക്കയറ്റം രൂക്ഷമായതോടെ ചെല്ലാനത്ത് ജനങ്ങൾ ഹർത്താൽ നടത്തി. ആലപ്പുഴ -കൊച്ചി തീരദേശ പാത ഉപരോധിച്ചായിരുന്നു ജനങ്ങളുടെ പ്രതിഷേധം. തീരദേശ പാതയിലൂടെ യാത്ര ചെയ്ത ഹൈക്കോടതി ജഡ്ജി ബച്ചൂ കുര്യനെ ജനം മടക്കി അയച്ചു. ഒടുവിൽ കളക്ടറുടെ ഉറപ്പിൽ തീരവാസികൾ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. രണ്ട് ആഴ്ച്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിക്കാമെന്നാണ് കളക്ടർ നൽകിയ ഉറപ്പ്.
തങ്ങളുടെ വീടും സമ്പാദ്യങ്ങളും കടലെടുക്കുന്നത് നോക്കി നിൽക്കാൻ കഴിയാതായതോടെയാണ് ഇവർ തെരുവിലേക്കിറങ്ങിയത്. ഇത്തവണയുണ്ടായ കടൽ കയറ്റത്തിൽ കണ്ണമാലിയിൽ മാത്രം 3 വീടുകളാണ് പൂർണ്ണമായും തകർന്നത്. എന്നിട്ടും അധികാരികൾ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് ആക്ഷേപം. കളക്ട്രേറ്റ് വളയൽ അടക്കമുള്ള സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം