
യുഎസ് പ്രസിഡന്‍റ് ആരാണെന്ന് നിശ്ചയിക്കുക രാജ്യത്തെ ഏഴ് സ്വിങ് സ്റ്റേറ്റുകളായിരിക്കുമെന്നാണ് പൊതുവെ വിലയിരുത്തുന്നത്. അതുകൊണ്ട് തന്നെ റിപ്പബ്ലിക്കന്‍ സ്ഥാനാർഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസും തങ്ങളുടെ പ്രചാരണങ്ങള്‍ കേന്ദ്രീകരിച്ചത് ഈ സ്വിങ് സ്റ്റേറ്റുകളിലായിരുന്നു. ഏകപക്ഷീയമായിരുന്നു ഈ സ്റ്റേറ്റുകളുടെ വിധിയെഴുത്ത്. വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂറുകളില്‍ തന്നെ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപ് വ്യക്തമായ മാർജിനില്‍ മുന്നേറുന്നതാണ് കാണാന്‍ സാധിച്ചത്. 2020 തെരഞ്ഞെടുപ്പില്‍ ഒരു സ്വിങ് സ്റ്റേറ്റില്‍ മാത്രമാണ് ട്രംപിനു വിജയിക്കാന്‍ സാധിച്ചിരുന്നത് എന്നതാണ് ഈ മുന്നേറ്റത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നത്.
2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഏഴ് സ്വിങ് സ്റ്റേറ്റുകളിലുമുള്ള ട്രംപിന്‍റെ മുന്നേറ്റം ഡെമോക്രാറ്റിക് പാർട്ടിയുടെ നയങ്ങള്‍ക്കേറ്റ തിരിച്ചടികൂടിയാണ്. റിപ്പബ്ലിക്കന്മാർക്ക് വ്യക്തമായ ജനവിധി നല്‍കി ഡെമോക്രാറ്റുകളെ യുഎസിലെ ജനങ്ങള്‍ പൂർണമായ നിരാകരിച്ചിരിക്കുന്നു എന്നതാണ് തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്.
സ്വിങ് സ്റ്റേറ്റുകള്‍
സ്വിങ് സ്റ്റേറ്റുകള്‍ നിലനില്‍ക്കാനുള്ള ഏക കാരണം യുഎസിലെ ഇലക്ട്രല്‍ വോട്ട് സംവിധാനമാണ്. യുഎസ് തെരഞ്ഞെടുപ്പ് രീതി പ്രകാരം പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത് ഇലക്ട്രല്‍ കോളേജാണ്. അതായത്, നെബ്രാസ്ക, മെയ്‌ന്‍ എന്നീ സ്റ്റേറ്റുകള്‍ മാറ്റി നിർത്തിയാല്‍ യുഎസിലെ 50 സ്റ്റേറ്റുകളില്‍ 48 എണ്ണത്തിലും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയ്ക്കും അനുവദിച്ചിരിക്കുന്ന നിശ്ചിത എണ്ണം ഇലക്ട്രല്‍ വോട്ടുകളില്‍ ഭൂരിപക്ഷം നേടുന്നവരാകും അടുത്ത യുഎസ് പ്രസിഡന്‍റ്. പ്രൊപ്പോഷണലി ആണ് നെബ്രാസ്കയിലും മെയ്നിലും ഇലക്ട്രല്‍ വോട്ടുകള്‍ വിതരണം ചെയ്യുക. യുഎസില്‍ ആകെ 538 ഇലക്ട്രൽ വോട്ടുകൾ അല്ലെങ്കിൽ ഇലക്‌ടർമാരാണുള്ളത്. ഓരോ ഇലക്ടറും ഇലക്ട്രൽ കോളേജിൽ ഒരു വോട്ടിനെയാണ് പ്രതിനിധീകരിക്കുന്നത്. അതായത് ഒരു സ്ഥാനാർഥിക്ക് വിജയിക്കണമെങ്കില്‍ 270 ഇലക്ടർമാരുടെ പിന്തുണ ഉറപ്പാക്കേണ്ടതുണ്ട്.
രണ്ട് സംസ്ഥാനങ്ങൾ ഒഴികെ മറ്റെല്ലായിടത്തും ഏറ്റവും കൂടുതൽ വോട്ടുകൾ നേടുന്ന സ്ഥാനാർഥിക്ക് അവിടുത്തെ എല്ലാ ഇലക്ട്രൽ വോട്ടുകളും ലഭിക്കും എന്നാണ് വ്യവസ്ഥ. അതായത് ഈ സംസ്ഥാനങ്ങളില്‍ വലിയ മാർജിനില്‍ വിജയിക്കുന്നതും ഒരു വോട്ടിന് വിജയിക്കുന്നതും തുല്യമെന്ന് അർഥം. അതു കൊണ്ടുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണം പലപ്പോഴും ഇത്തരത്തില്‍ ചെറിയ വ്യതിയാനങ്ങളിലൂടെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും കൊണ്ടുതരുന്ന സ്റ്റേറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും. എന്നാല്‍, ഇവയില്‍ സാമ്പ്രദായിക വോട്ട് ബാങ്കുകളല്ലാത്ത ചില സംസ്ഥാനങ്ങളുമുണ്ട്. ഇവ സ്ഥിരമായി ഒരു പാർട്ടിയെ പിന്തുണയ്ക്കാറില്ല. ഡെമോക്രാറ്റുകളേയും റിപ്പബ്ലിക്കന്മാരെയും ഈ സംസ്ഥാനങ്ങള്‍ മാറ്റി പരീക്ഷിക്കും. ഇത്തരം സംസ്ഥാനങ്ങളാണ് പലപ്പോഴും തെരഞ്ഞെടുപ്പ് വിജയിയെ നിർണയിക്കുക. അതുകൊണ്ടു തന്നെ സ്ഥാനാർഥികളുടെ പ്രചരണവും ഈ സ്റ്റേറ്റുകളെ കേന്ദ്രീകരിച്ചായിരിക്കും. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍, അരിസോണ, ജോർജിയ, മിഷിഗൺ, നോർത്ത് കരോലിന, നെവാഡ, പെൻസിൽവാനിയ, വിസ്കോൺസിൻ എന്നിവയാണ് സ്വിങ് സ്റ്റേറ്റുകള്‍ അഥവാ ബാറ്റില്‍ഗ്രൗണ്ട് സ്റ്റേറ്റുകള്‍.
ഈ സ്വിങ് സ്റ്റേറ്റുകള്‍ എല്ലാക്കാലത്തും അസ്ഥിരമായ വോട്ടിങ് സ്വഭാവം പിന്തുടർന്നവരുന്നവരല്ല. ഈ അടുത്ത കാലത്താണ് അരിസോണ സ്വിങ് സ്റ്റേറ്റായത്. അതേസമയം സ്വിങ് സ്റ്റേറ്റുകളായിരുന്ന ഫ്ലോറിഡയും ഒഹായോയും റിപ്പബ്ലിക്കന്മാരുടെ ശക്തി കേന്ദ്രമാകുകയും ചെയ്തു. ഇതിനു പ്രധാന കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത് രാജ്യത്ത് വർദ്ധിച്ചു വരുന്ന രാഷ്ട്രീയ ധ്രുവീകരണം വോട്ടർമാർക്കിടയില്‍ സൃഷ്ടിക്കുന്ന പക്ഷപാത മനോഭാവമാണ്. മറ്റൊന്ന്, ജോലി, വിരമിക്കൽ, മറ്റ് കാരണങ്ങൾ എന്നിവയ്ക്കായി യുഎസിനുള്ളിലെ ജനങ്ങളുടെ സ്ഥലമാറ്റങ്ങളാണ്. ഇത്തരം ജനസംഖ്യാപരമായ വ്യതിയാനങ്ങള്‍ ഒരു സംസ്ഥാനത്തിൻ്റെ വംശീയ അനുപാതങ്ങള്‍ തന്നെ മാറ്റിയേക്കും. അത് ആ സ്റ്റേറ്റുകളുടെ രാഷ്ട്രീയ ഘടനയെ തന്നെ അപ്രവചനീയവും ദുരൂഹവുമായി മാറ്റിനിർത്തും.
Also Read: 'ഹഷ് മണി, വധശ്രമം, ക്യാറ്റ് ലേഡീസ്...'; സംഭവബഹുലമായ ട്രംപ്-കമല തെരഞ്ഞെടുപ്പ് പോരാട്ടം
2024 ല്‍ സ്വിങ് സ്റ്റേറ്റുകള്‍ വിധി എഴുതിയതിങ്ങനെ...
ജോർജിയ
സംസ്ഥാനത്ത് വർധിച്ചു വരുന്ന കറുത്ത വംശജരുടെ എണ്ണമാണ് റിപ്പബ്ലിക്കന്‍ കോട്ടയായിരുന്ന ജോർജിയയെ സ്വങ് സ്റ്റേറ്റായി മാറ്റിയത്. 2020ല്‍ 12,000ല്‍ താഴെ വോട്ടുകള്‍ നേടിയാണ് ഇവിടെ ബൈഡന്‍ വിജയിച്ചത്. എന്നാല്‍ 2022ല്‍ റിപ്പബ്ലിക്കന്‍ പാർട്ടിയുടെ ഗവർണർ സ്ഥാനാർഥി ബ്രയാന്‍ കെംപ് 7.5 ശതമാനം പോയിന്‍റുകള്‍ക്ക് സംസ്ഥാനം പിടിച്ചെടുത്തു. 16 ഇലക്ട്രല്‍ വോട്ടുകളാണ് സ്റ്റേറ്റിലുള്ളത്.
2024 പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും ഇതിന്‍റെ പ്രതിഫലനം കാണാന്‍ സാധിക്കും. 2,651,206 (50.8%) വോട്ടുകള്‍ നേടിയാണ് ട്രംപ് ജോർജിയയില്‍ വിജയിച്ചത്. 48.5 ശതമാനം വോട്ടുകള്‍ (2,533,821) മാത്രമാണ് കമലയ്ക്ക് നേടാന്‍ സാധിച്ചത്.
വിസ്കോണ്‍സിന്‍
1988 മുതല്‍ 2012 വരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഡെമോക്രാറ്റിക് പാർട്ടിയെ പിന്തുണച്ച സംസ്ഥാനമാണ് വിസ്കോണ്‍സിന്‍. 2016ല്‍ സംസ്ഥാനത്തെ റിപ്പബ്ലിക്കന്‍ പാർട്ടിക്ക് അനുകൂലമായി മാറ്റാന്‍ ട്രംപിനു സാധിച്ചു. എന്നാല്‍, 2020 തെരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തില്‍ ജോ ബൈഡന്‍ സംസ്ഥാനം തിരിച്ചെടുത്തു. 10 ഇലക്ട്രല്‍ വോട്ടുകളാണ് സ്റ്റേറ്റിലുള്ളത്.
2024 തെരഞ്ഞെടുപ്പില്‍ 1,665,939 വോട്ടുകള്‍ (49.9%) നേടിയാണ് ഡൊണാള്‍ഡ് ട്രംപ് സംസ്ഥാനത്ത് വിജയിച്ചത്. 1,624,136 വോട്ടുകളാണ് സ്റ്റേറ്റില്‍ കമല ഹാരിസ് കരസ്ഥമാക്കിയത്. അതായത് സംസ്ഥാനത്തെ 48.6 ശതമാനം വോട്ട്.
മിഷിഗണ്‍
2020 തെരഞ്ഞെടുപ്പില്‍ ട്രംപില്‍ നിന്നും ജോ ബൈഡന്‍ പിടിച്ചെടുത്ത സംസ്ഥാനങ്ങളില്‍ ഒന്നാണ് മിഷിഗണ്‍. 1992 മുതല്‍ 2012 വരെ സ്ഥിരതയോടെ ഡെമോക്രാറ്റുകളെ പിന്തുണച്ചിരുന്ന സംസ്ഥാനം 2016നാണ് ട്രംപിനു അനുകൂലമായി വോട്ടിങ് രേഖപ്പെടുത്തിയത്. 15 ഇലക്ട്രല്‍ വോട്ടുകളാണ് സ്റ്റേറ്റിലുള്ളത്.
2024ല്‍, 2,716,074 (50.1%) വോട്ടുകളുമായി ട്രംപ് സംസ്ഥാനത്ത് മുന്നിലാണ്. 48.1%ശതമാനം വോട്ടുകള്‍ (2,607,389) ആണ് കമല ഇതുവരെ നേടിയത്.
പെൻസിൽവാനിയ
പ്രസിഡന്‍റ് ജോ ബൈഡന്‍ ജനിച്ച സംസ്ഥാനമാണ് പെന്‍സില്‍വാനിയ. 1992 മുതല്‍ 2016 വരെ ഡെമോക്രാറ്റുകളുടെ ശക്തി കേന്ദ്രമായിരുന്നു ഈ സ്റ്റേറ്റ്. എന്നാല്‍ 2016 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ട്രംപ് സംസ്ഥാനത്ത് അട്ടിമറി വിജയം നേടുകയായിരുന്നു. 2020ല്‍ ബൈഡന്‍ താന്‍ ജനിച്ച സംസ്ഥാനത്തിന്‍റെ പിന്തുണ തിരിച്ചു പിടിച്ചു. ഡെമോക്രാറ്റുകള്‍ക്ക് അനുകൂലമെന്ന് തോന്നുന്ന വോട്ടിങ് ചരിത്രമാണ് സംസ്ഥാനത്തിനുള്ളതെങ്കിലും ഒരു നിർണായക സ്വിങ് സ്റ്റേറ്റായാണ് പെനിന്‍സില്‍വാനിയ കണക്കാക്കുന്നത്.
2024 തെരഞ്ഞെടുപ്പില്‍ 3,426,670 വോട്ടുകള്‍ ( 50.7 %) നേടിയാണ് സംസ്ഥാനത്ത് ട്രംപ് വിജയിച്ചത്. 3,261,450 (48.3%) വോട്ടുകളാണ് കമല നേടിയത്.
അരിസോണ
2020ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ 11,000ൽ താഴെ വോട്ടുകളുടെ വ്യത്യാസത്തിലാണ് അരിസോണയില്‍ ഡൊണാൾഡ് ട്രംപിനെതിരെ ജോ ബൈഡന് വിജയിച്ചത്. രാജ്യത്തെ ഏറ്റവും കുറവ് മാർജിനിലെ വിജയമായിരുന്നു ഇത്. ഗർഭച്ഛിദ്ര അവകാശമാണ് സംസ്ഥാനത്തെ പ്രചാരണത്തിനായി ഇത്തവണ ഡെമോക്രാറ്റുകള്‍ ഉയർത്തിക്കാട്ടിയത്. ട്രംപിന്‍റെ കുടിയേറ്റ നയങ്ങള്‍ മുന്‍നിർത്തിയായിരുന്നു റിപ്പബ്ലിക്കന്‍ പാർട്ടിയുടെ പ്രചരണം. 11 ഇലക്ടറൽ വോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
2024 തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ 940,508 വോട്ടുകള്‍ (50.1%) ആണ് ട്രംപ് സംസ്ഥാനത്ത് നേടിയത്. കമല 49.1 (921,341) ശതമാനം വോട്ടുകളും.
നോർത്ത് കരോലിന
2020 തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ച ഏക സ്വിങ് സ്റ്റേറ്റാണ് നോർത്ത് കരോലിന. 2008ല്‍ ബറാക്ക് ഒബാമ മത്സരിച്ചപ്പോഴാണ് ഡെമോക്രാറ്റിക് പാർട്ടി അവസാനമായി സംസ്ഥാനത്ത് വിജയിച്ചത്. യുവാക്കുളുടെ വോട്ടാണ് ആ തെരഞ്ഞെടുപ്പില്‍ നിർണായകമായത്. വോട്ടിങ് ശതമാനം ഉയർത്തിയാല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാർഥിക്ക് വിജയിക്കാന്‍ സാധിക്കുമെന്നായിരുന്നു നിരീക്ഷകരുടെ വിലയിരുത്തല്‍. വിജയിക്ക് സംസ്ഥാനത്തെ 16 ഇലക്ട്രൽ വോട്ടുകൾ ലഭിക്കും.
2024 തെരഞ്ഞെടുപ്പില്‍ 2,875,538 വോട്ടുകളാണ് ട്രംപ് നോർത്ത് കരോലിനയില്‍ നേടിയത്. അതായത് സംസ്ഥാനത്തെ 51.1 ശതമാനം വോട്ടുകള്‍. റിപ്പബ്ലിക്കന്‍ സ്ഥാനാർഥിയായ കമല ഹാരിസിനു 47.7 ശതമാനം വോട്ടുകള്‍ (2,683,995) ആണ് സമാഹരിക്കാനായത്.
നെവാഡ
കക്ഷിരഹിത വോട്ടർമാരുടെ വലിയൊരു സമൂഹമുള്ള സംസ്ഥാനമാണ് നെവാഡ. പാർട്ടി രജിസ്ട്രേഷൻ സംബന്ധിച്ച സംസ്ഥാന നിയമത്തിലെ സമീപകാല മാറ്റങ്ങളും കക്ഷിരാഷ്ട്രീയത്തിൽ വോട്ടർമാർക്കിടയിൽ വർദ്ധിച്ചുവരുന്ന അതൃപ്തിയുമാണ് ഇത്തരത്തിലൊരു മനോഭാവത്തിനു കാരണം. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഗർഭച്ഛിദ്ര അവകാശങ്ങൾ സംരക്ഷിക്കുന്ന ബാലറ്റ് നടപടികളുള്ള 10 സംസ്ഥാനങ്ങളിൽ ഒന്നാണ് നെവാഡ. ആറ് ഇലക്ടറൽ വോട്ടുകളാണ് സംസ്ഥാനത്തുള്ളത്.
2024 പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 51.5 ശതമാനം വോട്ടുകള്‍(660,980) ആണ് സംസ്ഥാനത്ത് ട്രംപ് നേടിയത്. കമല 46.8 ശതമാനം (601,118) വോട്ടുകളും.