
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നിർമാണം ഇഴഞ്ഞു നീങ്ങുന്നു. പ്രഥമ സ്കൂൾ ഒളിപിക്സിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് പ്രധാന അത്ലറ്റിക്സ് വേദി നിർമാണം പൂർത്തിയാവാതെ നിൽക്കുന്നത്. നവംബർ 4 മുതൽ 11 വരെ 17 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്.
മേളയിലെ തന്നെ ഗ്ലാമർ ഇനമാണ് അത്ലറ്റിക്സ് മത്സരങ്ങൾ. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ ഇതിനായി സിന്തറ്റിക് ട്രാക്ക് നിർമാണം ആരംഭിക്കുകയും ചെയ്തു. എന്നാൽ മേള അടുത്തിട്ടും നിർമാണം എവിടെയും എത്തിയിട്ടില്ല. കാലാവസ്ഥ അനുകൂലമായി വന്നാൽ മാത്രമേ ട്രാക്കിലെ റബ്ബർ ലെയറുകൾ നിലനിൽക്കുകയുള്ളൂ. ഇടവിട്ടുള്ള മഴ, നിർമാണം നീളാൻ കാരണമാകുന്നുണ്ട്.
മുൻ വർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ഒളിബിക്സ് മാതൃകയിലാണ് ഇത്തവണ സ്കൂൾ കായിക മേള സംഘടിപ്പിക്കുന്നത്. ഭാവിയിലെ കായിക താരങ്ങൾക്ക് ലോകോത്തര നിലവാരത്തിലുള്ള കായികാനുഭവം ലക്ഷ്യമാക്കിയാണ് ഇത്തരത്തിൽ മേള ഒരുക്കിയതും.
36 ഇനങ്ങളിലായി 25000ത്തിൽ അധികം വിദ്യാർത്ഥികൾ മേളയുടെ ഭാഗമാകും. ലോകത്തിലെ ഏറ്റവും വലിയ കായിക മേളയായി തയ്യാറെടുക്കാൻ ഒരുങ്ങുന്ന സ്കൂൾ ഒളിമ്പിക്സിനു എത്തുന്ന കുട്ടികൾക്ക് താമസ സൗകര്യം അടക്കം ഒരുക്കേണ്ടതുണ്ട്. മുന്നൊരുക്കങ്ങൾ കൃത്യമായില്ലെങ്കിൽ അഭിമാനമായി മാറേണ്ട കായിക മേള മാറ്റിവയ്ക്കേണ്ടവരുമോയെന്ന ആശങ്കയിലാണ് വിദ്യാർഥികളും പരിശീലകരും.