പതിനായിരകണക്കിന് ലഹരിഗുളികള്‍ വീട്ടുപകരണങ്ങളിലടക്കം ഒളിപ്പിച്ച നിലയിൽ; സിറിയയിൽ വിമതർ പിടിച്ചെടുത്തത് വന്‍ ലഹരി ശേഖരം

വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം നടന്നിരുന്ന ലാബിനകത്ത്, വീട്ടുപകരങ്ങളിലും പഴങ്ങളിലുമടക്കം ഒളിപ്പിച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ലാബില്‍ ലഹരിനിർമ്മാണ നിർമ്മാണത്തിന് ആവശ്യമായ നിരവധി രാസമിശ്രിതങ്ങളുമുണ്ടായിരുന്നു.
പതിനായിരകണക്കിന് ലഹരിഗുളികള്‍ വീട്ടുപകരണങ്ങളിലടക്കം ഒളിപ്പിച്ച നിലയിൽ; സിറിയയിൽ വിമതർ പിടിച്ചെടുത്തത് വന്‍ ലഹരി ശേഖരം
Published on

സിറിയയില്‍ അസദ് ഭരണം തകർന്ന് നാലാംദിനം, ഡമാസ്‌കസില്‍ നിന്ന് വിമതർ പിടിച്ചെടുത്തത് വന്‍ ലഹരി ശേഖരമാണ്.. പതിനായിരകണക്കിന് ലഹരിഗുളികള്‍ വീട്ടുപകരണങ്ങളിലടക്കം ഒളിപ്പിച്ച നിലയിലാണ് പിടിച്ചെടുത്തത്. പശ്ചിമേഷ്യയിലെ അനധികൃത ലഹരി കടത്തില്‍ അസദ് ഭരണകൂടത്തിനുള്ള പങ്കില്‍ ഇതാദ്യമായാണ് ആരോപണങ്ങള്‍ക്ക് അപ്പുറം, തെളിവ് പുറത്തുവരുന്നത്.


അര്‍ധചന്ദ്രാകൃതിയിലുള്ള ചിഹ്നങ്ങളും ലെക്‌സസ് എന്ന അടയാളപ്പെടുത്തലുമുള്ള ക്യാപ്റ്റഗൺ രാസലഹരിയെന്ന ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. സിറിയയില്‍ ബഷാർ അല്‍ അസദിന്‍റെ ഭരണകേന്ദ്രമായ ഡമാസ്കസിന്‍റെ പടിഞ്ഞാറ് ദൌമയില്‍ നിന്ന് ഇത്തരം പതിനായിരക്കണക്കിന് ലഹരിഗുളികകളാണ് വിമതസെെന്യം പിടിച്ചെടുത്തത്. വ്യാവസായിക അടിസ്ഥാനത്തില്‍ ഉത്പാദനം നടന്നിരുന്ന ലാബിനകത്ത്, വീട്ടുപകരങ്ങളിലും പഴങ്ങളിലുമടക്കം ഒളിപ്പിച്ച നിലയിലായിരുന്നു ഇവയുണ്ടായിരുന്നത്. ലാബില്‍ ലഹരിനിർമ്മാണ നിർമ്മാണത്തിന് ആവശ്യമായ നിരവധി രാസമിശ്രിതങ്ങളുമുണ്ടായിരുന്നു. ഇന്ത്യയും ചെെനയും സൌദി അറേബ്യയുമടക്കമുള്ള രാജ്യങ്ങളില്‍നിന്ന് എത്തിച്ചവയാണ് ഈ രാസപഥാർഥങ്ങളെന്ന് ലേബലുകളില്‍ നിന്ന് റോയിട്ടേഴ്സ് കണ്ടെത്തി.

പാവങ്ങളുടെ കൊക്കെയ്ന്‍ എന്നാണ് ക്യാപ്റ്റഗൺ അറിയപ്പെടുന്നത്. കൊക്കെയ്ന് സമാനമായി അമിതമായി തലച്ചോറിനെ ഉത്തേജിപ്പിക്കുന്നതാണ് ഈ ലാസലഹരി. ക്യാപ്റ്റഗണിന്‍റെ ആഗോള ഉത്പാദനത്തില്‍ 80 ശതമാനവും സിറിയയില്‍ നിന്നാണെന്നാണ് അമേരിക്കയടക്കം പാശ്ചാത്യരാജ്യങ്ങളുടെ കണ്ടെത്തല്‍. പ്രതിവർഷം 10 ശതകോടിയുടെ ആഗോള വില്‍പ്പന നടക്കുമ്പോള്‍ അസദ് ഭരണകൂടം ഉണ്ടാക്കുന്ന ലാഭം 2.4 ശതകോടിയോളമെന്ന് ന്യൂയോർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്യാപ്റ്റഗണ്‍ ട്രേഡ് പ്രോജക്ട് പറയുന്നു. സൌദി അറേബ്യയടക്കം പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ് ഈ രാസലഹരിയുടെ പ്രധാനവിപണി, രണ്ടാമത്തേത് യൂറോപ്പും.

അസദ് സർക്കാരിന്‍റെ അറിവോടെ തലസ്ഥാനം കേന്ദ്രമാക്കി നടന്നുവന്ന ഈ അനധികൃത രഹരി കടത്തിന് ചരടുവലിച്ചിരുന്നത് ബഷാർ അല്‍ അസദിന്‍റെ സഹോദരന്‍, മഹർ അൽ അസദും മഹറിന്‍റെ നിയന്ത്രണത്തിലുണ്ടായിരുന്ന സിറിയന്‍ സെെന്യത്തിന്‍റെ നാലാം ഡിവിഷനുമാണെന്നും ആരോപണങ്ങളുണ്ട്. ഇപ്പോള്‍ ലഹരിശേഖരം പിടിച്ചെടുത്ത ലാബിന്‍റെ 2018 മുതലുള്ള ഉടമസ്ഥന്‍ മഹർ അൽ അസദിനോട് അടുത്ത ബന്ധമുള്ള അമേർ അൽ-ഖിതി എന്ന വ്യവസായിയാണ്. സിറിയന്‍ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ച മുല്ലപ്പൂ വിപ്ലവകാലത്ത് പശ്ചിമേഷ്യയില്‍ പ്രചാരം വർദ്ധിച്ച ഈ ലഹരി, വിപ്ലവാനന്തരം സാമ്പത്തികമായി തകർന്ന അസദ് ഭരണകൂടം വ്യാവസായികാടിസ്ഥാനത്തില്‍ പ്രോത്സാഹിപ്പിച്ചു എന്നാണ് പറയപ്പെടുന്നത്. പ്രാദേശിക ക്രിമനല്‍ മാഫിയ സംഘങ്ങള്‍ക്ക് ഒപ്പം, ഹെസ്ബൊള്ളയുടെ അടക്കം സാങ്കേതിക സഹായത്തോടെയാണ് ഇത്തരം ലാബുകള്‍ സിറിയയില്‍ പ്രവർത്തിച്ചതെന്നും തിങ്ക് ടാങ്കായ ന്യൂലെെന്‍സ് ഇന്‍സ്റ്റിട്ട്യൂട്ട് പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com