സിറിയൻ അഭയാർഥികളെ സ്വീകരിച്ച ജർമനി; തിരികെ പോകണമെന്ന് പരാമർശങ്ങളുമായി നേതാക്കൾ

ജർമനിയിൽ നിന്ന് സിറിയൻ അഭയാർഥികൾ ഉടനെ തിരികെ പോകുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്
സിറിയൻ അഭയാർഥികളെ സ്വീകരിച്ച ജർമനി; തിരികെ പോകണമെന്ന് പരാമർശങ്ങളുമായി നേതാക്കൾ
Published on

സിറിയയിൽ അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടുവെന്ന് അറിഞ്ഞതോടെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥികളായി കഴിയുന്ന ആയിരക്കണക്കിന് പേരാണ് സിറിയയിലേക്ക് തിരികെയെത്തുന്നത്. ആഭ്യന്തരയുദ്ധ കാലത്ത് സിറിയൻ അഭയാർഥികൾക്ക് വേണ്ടി വാതിലുകൾ തുറന്ന് നൽകിയ ജർമനിയും ഇവർ തിരിച്ചുപോകുമെന്നാണ് കരുതിയത്. എന്നാൽ ജർമനിയിൽ നിന്ന് സിറിയൻ അഭയാർഥികൾ ഉടനെ തിരികെ പോകുന്നില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

ജർമനിയിലെ വിവിധ മേഖലകളിലായി ആയിരക്കണക്കിന് സിറിയൻ പൗരന്മാരാണ് നിലവിൽ ജോലി ചെയ്യുന്നത്. സിറിയയിലെ ആഭ്യന്തരയുദ്ധകാലത്ത് ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് സിറിയൻ പൗരന്മാർ കുടിയേറിയിരുന്നു. 2015ൽ സിറിയൻ അഭയാർഥികൾക്ക് വേണ്ടി ജർമനിയും വാതിലുകൾ തുറന്നു. ഈ കാലഘട്ടത്തിൽ ഒരു മില്യൺ അഭയാർഥികളാണ് ജർമനിയിൽ എത്തിയത്. ഇവരിൽ ഭൂരിഭാഗം പേരും സിറിയയിൽ നിന്നുള്ളവരാണ്. അന്നത്തെ ജർമൻ ചാൻസലർ ആയിരുന്ന ആംഗല മെർക്കലിൻ്റെ ഈ തീരുമാനം വലിയ വിവാദങ്ങൾക്കും വഴിതെളിച്ചു. ഈ കാലയളവിൽ ജർമനിയിൽ വലതുപക്ഷ പാർട്ടിയായ എഎഫ്ഡിയുടെ സ്വാധീനവും വർധിച്ചു.

അസദ് ഭരണകൂടം അട്ടിമറിക്കപ്പെട്ടതോടെ, സിറിയൻ അഭയാർഥികൾ തിരികെപോകണമെന്ന സൂചന നൽകിക്കൊണ്ട് രാഷ്ട്രീയ നേതാക്കളുടെ പരാമർശങ്ങൾ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള പലരും ജർമനിയിൽ തിരികെ പോകാൻ ആഗ്രഹിക്കുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. ജർമനിയിലെ നിർമാണ മേഖലയിൽ 43000വും, ആശുപത്രികളിൽ 10,000വും തുടങ്ങി രാജ്യത്തിലെ വിവിധ മേഖലകളിൽ സിറിയൻ പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. അതേസമയം, സിറിയയിൽ നിന്നുള്ള കുടിയേറ്റം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ് ജർമനി.

എന്നാൽ രാജ്യത്ത് നിന്ന് പെട്ടന്ന് സിറിയൻ അഭയാർഥികൾ മടങ്ങിപ്പോകുന്നത് ജർമനിയിലെ സാമ്പത്തിക രംഗത്ത് പ്രതിസന്ധികൾക്ക് വഴിവെച്ചേക്കും. വലിയ തോതിൽ തൊഴിലാളി ക്ഷാമം നേരിടുന്ന രാജ്യം കൂടിയാണ് ജർമനി. അതേസമയം, ഈ വർഷത്തിലെ രണ്ടാം പാദത്തിൽ ജർമനിയുടെ സമ്പദ്ഘടന ചുരുങ്ങുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കൂടാതെ റഷ്യ-യുക്രെയ്‌ൻ യുദ്ധം ആരംഭിച്ചതോടെ, 1.2 മില്യൺ യുക്രെയ്ൻ അഭയാർഥികളും ജർമനിയിലെത്തിയിട്ടുണ്ട്. ജർമനിയിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, രാജ്യത്തെ രണ്ടാമത്തെ വലിയ പ്രശ്നമാണ് കുടിയേറ്റം. അതിനാൽ തന്നെ ഇപ്പോഴത്തെ ഈ നീക്കങ്ങൾക്കും പ്രസ്താവനകൾക്കും പിന്നിലും രാഷ്ട്രീയ ഉദ്ദേശ്യങ്ങളുണ്ടെന്നതും വ്യക്തമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com