സിറോ മലബാർ സഭ കുർബാന തർക്കം: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നാളെ ച‍ർച്ച

സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അട്ടക്കമുള്ളവർ ചർച്ചയില്‍ പങ്കെടുക്കും
സിറോ മലബാർ സഭ കുർബാന തർക്കം: ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നാളെ ച‍ർച്ച
Published on

എറണാകുളം-അങ്കമാലി അതിരൂപതയിലെ കുർബാന തർക്കവുമായി ബന്ധപ്പെട്ട സമരത്തില്‍ പ്രശ്ന പരിഹാരത്തിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ നാളെ ച‍ർച്ച. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ, അദ്ദേഹത്തിൻറെ ഒരു പ്രതിനിധി, സമരസമിതി അംഗങ്ങൾ, വൈദിക സമിതി അംഗങ്ങൾ എന്നിവരാകും ചർച്ചയിൽ പങ്കെടുക്കുക. ജില്ലാ കളക്ടറുടെ ചേംബറിൽ ആയിരിക്കും ചർച്ച.

കഴിഞ്ഞ ദിവസം സെന്റ് തോമസ് മൗണ്ടിൽ സിനഡ് സമ്മേളനം നടക്കുന്നതിനിടയിൽ എറണാകുളം-അങ്കമാലി അതിരൂപതയിലെ ജനാഭിമുഖ കുർബാനപക്ഷത്തുള്ള 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ളില്‍ കയറി പ്രാർഥനാ യജ്ഞം ആരംഭിച്ചിരുന്നു. കുര്‍ബാന തർക്കത്തിൽ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രാർഥനാ യജ്ഞം. കാനോനിക നിയമങ്ങളും സിവിൽ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്പെൻഡ് ചെയ്ത നടപടി മാർ ബോസ്കോ പൂത്തൂർ പിൻവലിക്കും വരെ പ്രതിഷേധങ്ങൾ തുടരുമെന്നായിരുന്നു വൈദികരുടെ നിലപാട്.

എന്നാൽ, ഇന്ന് പുലര്‍ച്ചയോടെ പൊലീസ് എത്തി പ്രതിഷേധിച്ച വൈദികരെ ബലം പ്രയോഗിച്ച് നീക്കി. ബസിലിക്ക പള്ളി കയ്യേറി പ്രതിഷേധിക്കുന്നുവെന്ന അപ്പോസ്തൊലിക് അഡ്മിനിസ്ട്രറ്ററുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. വൈദികരെ വലിച്ചിഴച്ച് പുറത്തേക്ക് എത്തിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ ബിഷപ്പ് ഹൗസിന് മുന്നിൽ വിശ്വാസികള്‍ തടിച്ചു കൂടുകയും സ്ഥിതി​ഗതികൾ സംഘർഷങ്ങളിലേക്ക് കടക്കുകയുമായിരുന്നു. സമരം രൂഷമായതോടെ  അതിരൂപതയുടെ അപ്പോസ്തലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബോസ്‌കോ പുത്തൂര്‍ രാജിവെയ്ക്കുകയും ബിഷപ്പ് ജോസഫ് പാംപ്ലാനിയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. 

അതേസമയം, ന്യായവിരുദ്ധമായി സംഘം ചേരുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിന് 21 വൈദികർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബിഷപ്പ് ഹൗസിലേക്ക് അതിക്രമിച്ചു കടന്നുവെന്നും ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. കേസ് രജിസ്റ്റർ ചെയ്തത് ബിഷപ്പ് ഹൗസിന് മുന്നില്‍‌ വീണ്ടും സംഘർഷാസ്ഥയ്ക്ക് കാരണമായി. വൈദികർ പൊലീസ് ബാരിക്കേഡ് തള്ളി നീക്കാൻ ശ്രമിക്കുകയും അറസ്റ്റ് ചെയ്ത് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com