ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല, സിപിഎം നടത്തുന്നത് രാഷ്ട്രീയ ഗൂഢാലോചന: ടി. സിദ്ദിഖ്

സിപിഎമ്മും ചില ചാനലുകളും പ്രചരിപ്പിക്കുന്ന രേഖകള്‍ ഒരു അടിസ്ഥാനവും ഇല്ലാത്തതാണെന്ന് സണ്ണി ജോസഫ് എംഎൽഎയും പറഞ്ഞു
ടി.സിദ്ധിഖ്
ടി.സിദ്ധിഖ്
Published on

ഡിസിസി ട്രഷറർ എൻ.എം. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട് ഐ.സി. ബാലകൃഷ്ണൻ എംഎൽഎയെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന് കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി. സിദ്ദിഖ് എംഎൽഎ. സിപിഎം നടത്തുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. പെരിയ വിധിയിൽ മുഖം നഷ്ട്ടപ്പെട്ടതിനു പിന്നാലെ പലവിധ വ്യാജ ആരോപണങ്ങളുമായി സിപിഎം രംഗത്ത് വന്നിരിക്കുകയാണെന്നും സിദ്ദിഖ് ആരോപിച്ചു.

സിപിഎമ്മും ചില ചാനലുകളും പ്രചരിപ്പിക്കുന്ന രേഖകള്‍ ഒരു അടിസ്ഥാനവും ഇല്ലാത്തതാണെന്ന് സണ്ണി ജോസഫ് എംഎൽഎയും പറഞ്ഞു. ഡിസിസി ട്രഷറ‍ർ എൻ.എം. വിജയന്‍റെയും മകന്റെയും മരണത്തിന് പിന്നാലെയാണ് ബാങ്ക് ജോലിക്കായി കോഴ വാങ്ങിയതിന്റെ കരാ‍ർ രേഖ പുറത്തുവന്നത്. ബാങ്ക് നിയമനത്തിനായി ഉദ്യോഗാര്‍ഥിയുടെ പിതാവില്‍ നിന്ന് 30 ലക്ഷം വാങ്ങിയതായി രേഖയിൽ പറയുന്നു. കരാ‍ർ രേഖയിൽ എൻ.എം വിജയനാണ് രണ്ടാം സാക്ഷി. 2019 ഒക്ടോബര്‍ 9 നാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന സുൽത്താൻ ബത്തേരി അർബൻ ബാങ്കിലോ, പൂതാടി സർവീസ് ബാങ്കിലോ, മടക്കിമല സർവീസ് ബാങ്കിലോ ആദ്യം വരുന്ന, ഒഴിവിൽ നിയമനം നല്‍കാമെന്ന ഡിസിസി പ്രസിഡൻ്റും എംഎൽഎയുമായ ഐ.സി ബാലകൃഷ്ണൻ്റെ നിർദേശത്തിൻ്റെയും, ഉറപ്പിൻ്റെയും അടിസ്ഥാനത്തിലുമാണ് പണം നല്‍കിയിരിക്കുന്നതെന്ന് രേഖയില്‍ നിന്നും വ്യക്തമാകുന്നുണ്ട്. എന്നാല്‍, ഈ കരാ‍ർ വ്യാജമാണെന്നായിരുന്നു എംഎൽഎയുടെ വാദം.

അതേസമയം, ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയെ കോൺഗ്രസ് സംസ്ഥാന നേതൃത്വം സംരക്ഷിക്കുന്നതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ആരോപിച്ചു. കോഴപ്പണം കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും വി.ഡി. സതീശനും കൈപ്പറ്റിയതുകൊണ്ടാണ് ഈ വിഷയത്തിൽ നടപടി ഉണ്ടാവാതിരുന്നത് എന്നും സനോജ് ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com