തഹാവൂര്‍ റാണയെ 18 ദിവസത്തെ NIA കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും

വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്.
തഹാവൂര്‍ റാണയെ 18 ദിവസത്തെ NIA കസ്റ്റഡിയില്‍ വിട്ടു; ഇന്ന് ചോദ്യം ചെയ്യും
Published on


മുംബൈ ഭീകരാക്രമണ കേസ് മുഖ്യ ആസൂത്രകന്‍ തഹാവൂര്‍ റാണയെ എന്‍ഐഎ 18 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. റാണയെ ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യും. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് തഹാവൂര്‍ റാണയെ ഇന്ത്യയിലെത്തിച്ചത്.

നിലവില്‍ എന്‍ഐഎ ആസ്ഥാനത്തുള്ള തഹാവൂര്‍ റാണയെ പിന്നീട് തീഹാര്‍ ജയിലിലേക്ക് മാറ്റും. ഇന്ത്യയിലെത്തിയ റാണയെ പ്രത്യേക കോടതിക്ക് മുമ്പാകെ ഹാജരാക്കിയിരുന്നു. റാണയ്ക്കായി ഡല്‍ഹിയിലെ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ അഭിഭാഷകന്‍ പിയൂഷ് സച്ച്ദേവിനെയാണ് സര്‍ക്കാര്‍ ഒരുക്കിയത്.

2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണ ഗൂഢാലോചനയില്‍ ലഷ്‌കര്‍ ബന്ധമുള്ള റാണയ്ക്ക് പങ്കുണ്ടെന്ന ഇന്ത്യന്‍ വാദം അംഗീകരിച്ച് റാണയെ കൈമാറാന്‍ 2023 മേയ് 18 ന് അമേരിക്ക തീരുമാനിച്ചിരുന്നു. ഇതിനെതിരെ റാണ നടത്തിയത് ഒന്നരപ്പതിറ്റാണ്ട് കാലത്തെ നിയമയുദ്ധമാണ്. ഫെഡറല്‍ കോടതികളെല്ലാം തള്ളിയ റിട്ട് ഒടുവില്‍ അമേരിക്കന്‍ സുപ്രീം കോടതിയും തള്ളി.

2025 ജനുവരി 25 ന് റാണയെ ഇന്ത്യക്ക് കൈമാറാന്‍ അമേരിക്കന്‍ സുപ്രിംകോടതി അനുമതിയും നല്‍കി. വിധി ചോദ്യം ചെയ്ത് റാണ അടിയന്തര അപേക്ഷ നല്‍കി. അതും തള്ളി. റാണക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നും ഇന്ത്യയില്‍ സ്വേച്ഛാധിപത്യ പ്രവണതകള്‍ വര്‍ധിച്ച് വരികയാണെന്നും, ന്യായമായ വിചാരണയ്ക്കുള്ള റാണയുടെ അവകാശം ഇല്ലാതാക്കും, പാക് ബന്ധം റാണയുടെ ജീവന് ഇന്ത്യയില്‍ ഭീഷണി സൃഷ്ടിക്കും എന്നെല്ലാം റാണയുടെ അഭിഭാഷകര്‍ വാദിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കപ്പെട്ടില്ല. ഒടുവില്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റിനെ രാജ്യത്ത് എത്തിക്കാനായി.

റാണയെ ഇന്ത്യയിലെത്തിക്കുന്നതിനു മുന്നോടിയായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. റാണയെ ഇന്ത്യയിലെത്തിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്രത്തിന്റെ വിജയമാണെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com