
ഒരു ചെറിയ ഭൂപ്രദേശം. അതിനെ ചുറ്റിപ്പറ്റി വർഷങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഉടമസ്ഥ തർക്കം. ഈ വിശേഷണം ഇന്ന് ഒരുപാട് രാജ്യങ്ങൾക്ക് ചേരും. അവിടങ്ങളിലൊക്കെ വലിയ സാമ്പത്തിക - സൈനിക ശക്തികളായ രാജ്യങ്ങളുടെ പരസ്പര വൈര്യവും മത്സരവും ഒരു ജനതയെ വീർപ്പുമുട്ടിക്കുന്നത് കാണാം. തായ്‌വാനിലും സ്ഥിതി വ്യത്യസ്തമല്ല. ചൈനയ്ക്ക് തായ്‌വാന്‍ അവരുടെ മാതൃഭൂമിയുടെ ഭാഗമാണ്. തായ്‌വാന് ആവശ്യം സ്വന്തം രാജ്യമെന്ന സ്വത്വവും. എന്നാല്‍ അതത്ര എളുപ്പമല്ല. പ്രതിരോധിക്കേണ്ടത് ചൈനയെപ്പോലൊരു വന്‍ശക്തിയെയാണ്. തായ്‌വാനെ ചൈനയില്‍ നിന്നും അടര്‍ത്തിയെടുക്കാന്‍ ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് പ്രഖ്യാപിക്കാന്‍ ചൈനീസ് പ്രതിരോധ മന്ത്രിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല എന്നത് തന്നെ ആ ശക്തിയുയർത്തുന്ന സമ്മർദ്ദത്തിന്‍റെ തെളിവാണ്. കൂട്ടിച്ചേർക്കലുകളിലൂടെ വികസിക്കുന്ന രാജ്യ വിസ്തൃതിയ്ക്ക് വേണ്ടിയല്ലിത്. ആ ഭൂപ്രദേശത്തിനുള്ള രാഷ്ട്രീയ പ്രാധാന്യമാണ് കാരണം.
ഇന്ത്യൻ മഹാസമുദ്രത്തെ തെക്കൻ ചൈനീസ് സമുദ്രം, ജാപ്പനീസ് സമുദ്രം എന്നിവയുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ മേഖലയിലാണ് തായ്‌വാൻ സ്ഥിതിചെയ്യുന്നത്. ചൈനയെ കൂടാതെ ഇന്ത്യ, ജപ്പാൻ, ഓസ്ട്രേലിയ, തെക്കൻ കൊറിയ എന്നിവരും ഈ ഭാഗത്തെ പ്രധാന രാഷ്ട്രീയ ശക്തികളാണ്. ഭൗമ രാഷ്ട്രീയ കണക്കുകൂട്ടലുകൾ അട്ടിമറിച്ചുകൊണ്ട് അമേരിക്കയെ മറികടന്ന ചൈനയുടെ വളർച്ച ഈ പ്രദേശത്തിന്‍റെ പ്രാധാന്യം വർധിപ്പിക്കുന്നു. തെക്ക് പടിഞ്ഞാറൻ കടൽ മേഖലയിൽ അനവധി അതിർത്തി തർക്കങ്ങളുടെ ഭാഗമാണ് ചൈന. ഇതിൽ തായ്‌വാന്‍റെ കാര്യത്തിൽ ചരിത്രപരമായ കാരണങ്ങളാണ് ചൈന ഉയർത്തുന്നത്.
തായ്‌വാന്‍ എന്ന രാജ്യം
തെക്കൻ ചൈനയിൽ നിന്നും കുടിയേറിയ ആസ്ട്രോയേഷ്യൻ ഗോത്രക്കാരെയാണ് തായ്‌വാനിലെ ആദ്യ നിവാസികളായി കണക്കാക്കുന്നത്. എ.ഡി 239ലെ ചൈനീസ് രേഖകളിൽ ഈ ദ്വീപിനെപ്പറ്റിയുള്ള പരാമര്‍ശങ്ങളുണ്ടെന്നതാണ് ഈ ഭൂമിയ്ക്ക് മേലുള്ള ചൈനീസ് അവകാശവാദങ്ങളുടെ കാതൽ.
അധികാര കൈമാറ്റങ്ങളുടെ വലിയ നിര തന്നെ തായ്‌വാന്‍ ചരിത്രത്തില്‍ കാണാം. കുറച്ചു കാലം ഡച്ച് കോളനിയായിരുന്ന തായ്‌വാൻ അവരില്‍ നിന്നും ചൈനയുടെ ക്വിങ് രാജവംശത്തിന്‍റെ ഭരണത്തിന് കീഴിലായി. പിന്നീട് ചീനൊ - ജാപ്പനീസ് യുദ്ധത്തിന് ശേഷം ഈ പ്രദേശം ടോക്കിയോയ്ക്ക് കീഴിലായി. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയപ്പോൾ ഈ ഭൂപ്രദേശം ചൈനയുടെ അധീനതയിലെത്തി. സഖ്യകക്ഷികളായ യുഎസ്സിന്‍റെയും യു.കെയുടെയും സമ്മതത്തോടെ റിപ്പബ്ലിക്ക് ഓഫ് ചൈനയാണ് ഇവിടം ഭരിച്ചു കൊണ്ടിരുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് ശേഷം ചൈനയിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെടുകയും, ചിയാങ് കായ് ഷെക്കിന്‍റെ ഭരണത്തെ മാവോ സെ തുങ്ങിന്‍റെ കമ്മ്യൂണിസ്റ്റ് സൈന്യം അട്ടിമറിക്കുകയും ചെയ്തു. 1949 ൽ, ചിയാങ്ങും അദ്ദേഹത്തിന്‍റെ കുവോമിൻതാങ് സർക്കാരിൽ ബാക്കിവന്ന ഏകദേശം 1.5 മില്യൺ ആളുകളും തായ്‌വാനിലേക്ക് പലായനം ചെയ്തു. 1980കൾ വരെ തായ്‌വാൻ ഭരിച്ചിരുന്നത് ചിയാങ് സ്ഥാപിച്ച ഏകാധിപത്യ ഭരണകൂടമാണ്. ചിയാങ്ങിന്‍റെ മരണ ശേഷമാണ് ഇത് അവസാനിക്കുന്നത്. ജനാധിപത്യത്തിലേക്ക് കടന്ന തായ്‌വാനിൽ 1996 ലാണ് ആദ്യ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആ പരിണാമത്തിന്‍റെ ഭാഗമായി ചിയാങ്ങിന്‍റേതായി തായ്‌വാനില്‍ സ്ഥാപിച്ചിരുന്ന 750 നു മേല്‍ പ്രതിമകളാണ് അവര്‍ നീക്കം ചെയ്തത്. സർവാധിപത്യത്തിന്‍റെ അടയാളങ്ങൾ സ്വന്തം മണ്ണിൽ നിന്നും നീക്കം ചെയ്തിട്ടും അത് വെളിയിൽ നിന്നും തങ്ങളെ ഭയപ്പെടുത്തിക്കൊണ്ടേയിരിക്കും എന്ന് തായ്‌വാൻ ജനത വിചാരിച്ചു കാണില്ല.
തായ്‌വാൻ - ചൈന പോര്
തായ്‌വാന് സ്വന്തമായി ഭരണഘടനയുണ്ട്, ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഭരണ സംവിധാനമുണ്ട്. എന്നാലും തായ്‌വാന്‍റെ രാഷ്ട്ര പദവി എന്നും വിവാദപരമായ വിഷയമാണ്. മുഴുവൻ ചൈനയെയും പ്രതിനിധാനം ചെയ്യുന്നത് തങ്ങളാണെന്നും ചൈനയെ വീണ്ടെടുക്കുമെന്നുമായിരുന്നു രാജ്യഭ്രഷ്ടനായ ചിയാങ് സ്ഥാപിച്ച റിപ്പബ്ലിക് ഓഫ് ചൈന (ആർ.ഒ.സി) ഭരണകൂടത്തിന്‍റെ അവകാശവാദം. തായ്‌വാൻ ചൈനയുമായി കൂട്ടിച്ചേർക്കുമെന്നൊരു ധ്വനികൂടി അതിലുണ്ട്. ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയിൽ ഒരു ഘട്ടത്തിൽ ചൈനീസ് സർക്കാർ എന്ന നിലയിൽ സ്ഥാനം ഉറപ്പിക്കാൻ പോലും ആർ.ഒ.സിയ്ക്ക് സാധിച്ചു. പല പടിഞ്ഞാറൻ രാജ്യങ്ങളും ഈ സർക്കാരിനെയാണ് ഒരേയൊരു ചൈനീസ് സർക്കാരായി കണക്കാക്കിയത്. എന്നാൽ 1970നു ശേഷം സ്ഥിതിഗതികൾ മാറി. ചിയാങ് സർക്കാർ ചൈനീസ് വൻകരയിലെ ജനങ്ങളെ പ്രതിനിധാനം ചെയ്യുന്നില്ല എന്നൊരു വാദം ഉയർന്നു വന്നു. 1971ൽ യുഎൻ നയതന്ത്രപരമായ അംഗീകാരം ബെയ്‌ജിങ്ങിനു നൽകി. 1979ൽ ചൈന തങ്ങളുടെ വിപണിയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിനു പ്രവേശനം നല്കിയതോടു കൂടി യുഎസും ബെയ്‌ജിങ്ങിന് അനുകൂലമായി. ചൈനയുമായി അവർ ഒരു നയതന്ത്ര ബന്ധത്തിൽ ഏർപ്പെടുക കൂടി ചെയ്തു.
1980കളോടെ തായ്‌വാൻ ചൈനയുമായുള്ള ബന്ധത്തിൽ ചില മാറ്റങ്ങൾ കൊണ്ടു വന്നു തുടങ്ങിയിരുന്നു. തായ്‌വാൻ പൗരര്‍ക്ക് ചൈന സന്ദർശിക്കുന്നതിനും അവിടെ നിക്ഷേപങ്ങൾ നടത്തുന്നതിനുമായി നിയമങ്ങളിൽ ഇളവുകൾ കൊണ്ടുവന്നു. 1991ൽ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയുമായുള്ള യുദ്ധം അവസാനിച്ചുവെന്ന് ആർ.ഒ.സി പ്രഖ്യാപിച്ചു. ഇതോടെയാണ് ചൈന, സ്വയംഭരണാവകാശം വാഗ്ദാനം ചെയ്യുന്ന, ' ഒരു രാജ്യം രണ്ട് സംവിധാനം' എന്ന ആശയവുമായി വരുന്നത്. എന്നാൽ തായ്‌വാൻ ഈ നിർദേശം നിരസിച്ചു. ഇതിനെത്തുടർന്നാണ് തായ്‌വാനിലെ ആർ.ഒ.സി സർക്കാരിനെ ചൈന നിയമ വിരുദ്ധമായ സംവിധാനമായി കണക്കാക്കിത്തുടങ്ങിയത്.
പിന്നീട് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയുടെ ചെൻ ഷുയി ബിയാൻ പ്രസിഡന്‍റായി അധികാരത്തിൽ വരുന്നതോടെയാണ് ചൈന നിലപാടുകൾ കടുപ്പിക്കുന്നത്. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിയെ വിഘടനവാദികളുടെ സംഘടനയായാണ് ചൈന കാണുന്നത്. ചെന്നിന്‍റെയും പാർട്ടിയുടെയും തായ്‌വാൻ സ്വാതന്ത്ര്യ വാദമാണ് ചൈനയെ ചൊടിപ്പിക്കുന്നത്. 2016 സായ് ഇംഗ് വൻ അധികാരത്തിൽ വന്നതോടെ ചൈന തായ്‌വാനുമായുള്ള എല്ലാ ബന്ധങ്ങളും പിൻവലിച്ചു. ഏക ചൈനാ രാഷ്ട്ര വാദം അംഗീകരിക്കാത്ത സായ് യുടെ നിലപാടുകളാണ് ഇതിനു കാരണം. തായ്‌വാൻ സ്വതന്ത്ര്യയാണ് എന്ന് സായ് പറഞ്ഞുകൊണ്ടേയിരുന്നു. ചൈന തങ്ങളുടെ ആയുധ ബലവും സൈന്യ ബലവും കാണിക്കുവാനായി തുടർച്ചയായി തായ്‌വാൻ അതിർത്തികളിൽ സൈനിക പരിശീലനങ്ങൾ സംഘടിപ്പിച്ചു. അമേരിക്കയുടെ തായ്‌വാൻ നിലപാടുകളിലെ തന്ത്രപരമായ അവ്യക്തതയും ഈ ശക്തി പ്രകടനങ്ങളുടെ കാരണമാകാറുണ്ട്. 2022ൽ അമേരിക്കൻ സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചതിനു പിന്നാലെ വലിയൊരു സൈനിക അഭ്യാസ പ്രകടനം തന്നെ തായ്‌വാൻ അതിർത്തിയിൽ ചൈന നടത്തി.
2024ല്‍ പ്രസിഡന്‍റായി ലായ് ചിങ് തെ അധികാരത്തിലെത്തിയ ഉടനെ തന്നെ തായ്‌വാന്‍ അതിർത്തിയിൽ ദ്വിദിന സൈനിക പരിശീലനവുമായി ചൈനയെത്തി. 2024-A എന്ന് പേരിട്ടിരുന്ന ഈ പരിശീലന പരിപാടി ഇനിയും വരാനിരിക്കുന്ന പരിശീലനങ്ങളുടെ തുടക്കമായാണ് കണക്കാക്കുന്നത്. 2016 മുതൽ തായ്‌വാന്‍ പ്രസിഡന്‍റായിരുന്ന സായ് ഇംഗ് വെനിൽ നിന്നുമാണ് ലായ് അധികാരം ഏറ്റുവാങ്ങിയത്. ഇരുവരും ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി അംഗങ്ങളാണ്. തായ്‌വാനിലെ ചൈനീസ് സർവാധിപത്യത്തെ എതിർത്ത പാർട്ടിയാണിത്. തായ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്നും അത് ബലപ്രയോഗത്തിലൂടെയാണെങ്കിലും വീണ്ടെടുക്കുമെന്നും ചൈന ഉറപ്പിച്ചു പറയുന്നു.
2022 ഓഗസ്റ്റിനും 2023 ഏപ്രിലിനും ഇടയിൽ സമാനമായ രീതിയിൽ പരിശീലന പരിപാടികൾ തായ്‌വാന്‍ അതിർത്തിയിൽ ചൈന നടത്തിയിരുന്നു. ഗ്രേ സോൺ എന്ന സൈനിക തന്ത്രത്തിന്‍റെ ഭാഗമാണിത്. യുദ്ധത്തിനും സമാധാനത്തിനും ഇടയില്‍ നിലയുറപ്പിച്ച്, തങ്ങളുടെ സൈനിക ബലം കാണിക്കാനാണ് രാജ്യങ്ങൾ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നത്. തായ്‌വാനിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ശിക്ഷയാണിതെന്നാണ് ബെയ്ജിങ് പറയുന്നത്.
ഇപ്പോഴിതാ 'തായ്‌വാന്‍ സ്വാതന്ത്ര്യവാദം' തീവ്രമായി ഉന്നയിക്കുന്ന വിഘടനവാദികളെ വധശിക്ഷയ്ക്ക് വിധിക്കുമെന്ന ഭീഷണി ഉയർത്തിയിരിക്കുകയാണ് ചൈന. എന്നാല്‍ ഇതിനുള്ള അധികാരം ചൈനീസ് കോടതികള്‍ക്കില്ല. തായ്‌വാനില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ അധികാരത്തിലുള്ള സാഹചര്യത്തില്‍ ചൈനയുടെ ഭീഷണിയെ സമ്മര്‍ദ്ദ തന്ത്രമായാണ് അവര്‍ കാണുന്നത്. ലായ് ചിങ് തെ നിരന്തരമായി ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ചൈന തയ്യാറാകാത്ത സ്ഥിതിയാണുള്ളത്. ഇതിനു മുന്‍പ് ഇപ്പോഴത്തെ തായ്‌വാന്‍ ഉപരാഷ്ട്രപതിക്കെതിരെ ചൈന ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
തായ്‌വാൻ സ്വാതന്ത്ര്യത്തിനു വേണ്ടി തീവ്രമായി വാദിക്കുന്ന ലായ് യുടെ സ്ഥാനാരോഹണം ചൈനയെ വലിയ തോതിൽ അലോസരപ്പെടുത്തിയതിന്‍റെ തെളിവാണ് ഇത്തരം പോര്‍വിളികള്‍.
ഈ സാഹചര്യങ്ങള്‍ ചില സുപ്രധാനമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ഭൂമിയിലുള്ള അവകാശം ആർക്കാണ്? ജനങ്ങൾക്കോ? അവർ തെരഞ്ഞെടുത്ത ഭരണാധികാരികൾക്കോ? അതോ അതിശക്തരായ അയല്‍ രാജ്യങ്ങള്‍ക്കോ?