
''എന്‍ നെഞ്ചില്‍ കുടിയിറുക്കും രസികര്‍കള്‍'' ഈയൊരു ഒറ്റവാചകം മതി വിജയ് എന്ന നടനെ അടയാളപ്പെടുത്താന്‍. പോകുന്ന വേദികളില്ലെല്ലാം ആരാധകരുടെ മനംകവരുന്ന വിജയ്യെ, അണ്ണനെന്ന് വിളിച്ച് പ്രായഭേദമെന്യേയാണ് ഏവരും ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നത്. സിനിമയിലും ജീവിതത്തിലും അടിമുടി പൊളിറ്റിക്കലായ മനുഷ്യന്‍. എക്കാലത്തും തിരുത്തലുകള്‍ സ്വാഗതം ചെയ്യുന്ന നടന്‍. സിനിമയ്ക്കു പുറത്ത് ഉച്ചത്തില്‍ രാഷ്ട്രീയം പറയാന്‍ തുടങ്ങിയ അതേദിവസം, കാലങ്ങളായി നാം കേട്ട അഭിസംബോധനയില്‍ വരെ മാറ്റത്തിന്റെ അലയൊലി നാം കേട്ടു, 'എന്‍ നെഞ്ചില്‍ കുടിയിറുക്കും തോഴര്‍കള്‍'. ആര്‍ക്കും വിധേയപ്പെടാതെ, ഭയപ്പെടാതെ സിനിമയിലും ജീവിതത്തിലും രാഷ്ട്രീയം പറഞ്ഞുകൊണ്ട് അദ്ദേഹം സ്വയം രൂപപ്പെടുത്തിയതാണ് ഈ ജനപ്രിയത. കരിയറിന്റെ തുടക്കം തന്നെ വിമര്‍ശനപെയ്ത്തില്‍ മുങ്ങിയ ഒരു കാലമുണ്ടായിരുന്നു വിജയ്ക്ക്. പരിഹാസമേറ്റ്, അപമാനഭാരത്താല്‍ അടച്ചിട്ട മുറിക്കുള്ളിലിരുന്ന് കരഞ്ഞുതീര്‍ക്കേണ്ടിവന്ന രാത്രികള്‍. അവിടെ നിന്നാണ് ഫീനിക്സ് പക്ഷിയെപ്പോലെ അവന്‍ പറന്നുയര്‍ന്നത്. ഇന്ന് തമിഴകത്തെ നമ്പര്‍ വണ്‍ എന്റര്‍ടെയ്‌നറായി, ബോക്‌സ് ഓഫിസ് സാമ്രാട്ടായി ഇന്ത്യന്‍ സിനിമയ്‌ക്കൊപ്പം, ദേശഭാഷാഭേദമെന്യേ നിറഞ്ഞാടുകയാണ് 'ജോസഫ് വിജയ് ചന്ദ്രശേഖര്‍'.
1984ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം 'വെട്രി'യില്‍ ബാലതാരമായിട്ടാണ് വിജയ്യുടെ അരങ്ങേറ്റം. ആദ്യമായി മുഖംകാട്ടിയത് വെട്രിയിലാണെങ്കിലും മുഴുനീള നായകനായെത്തിയ ആദ്യചിത്രം 1992ല്‍ റിലീസ് ചെയ്ത 'നാളൈയ തീര്‍പ്പി'ലായിരുന്നു. വെള്ളിത്തിരയില്‍ സൂപ്പര്‍സ്റ്റാറാവാന്‍ പുറപ്പെട്ട വിജയ്‌യെ നോക്കി സിനിമ ലോകം അന്ന് പൊട്ടിച്ചിരിച്ചു. 'ഇല്ലാത്ത പൈസ എണ്ണിക്കൊടുത്ത് തീയേറ്ററില്‍ വരുന്നത് ഇവന്റെയൊക്കെ മുഖം കാണാനാണോയെന്ന് ഒരു കൂട്ടം പുച്ഛിച്ചു''. ഒരു മാഗസിനിന്റെ പുറംച്ചട്ടയില്‍ വന്ന വിജയ്യുടെ ഫോട്ടോയില്‍ ''എലിമൂഞ്ചി''യെന്ന് അച്ചടിച്ചുവന്നു. അപമാനഭാരം പേറി വിജയ് നാടുവിടുമെന്ന് എല്ലാവരും ഉറപ്പിച്ചു. പക്ഷേ, അതൊരു തുടക്കമായിരുന്നു. പരിഹസിച്ചവരുടെയെല്ലാം മുഖത്തെ ചിരി മായ്ച്ചുകൊണ്ട് അവന്‍ തിരുമ്പി വന്തിട്ടേന്‍. കളിയാക്കിയവരുടെ മുന്നിലൂടെ തലയുയര്‍ത്തി ചങ്കുറപ്പോടെ അവന്‍ നടന്നു. വിമര്‍ശനങ്ങള്‍ കൂരമ്പുകളായി നെഞ്ചില്‍ പതിച്ചപ്പോഴും സിനിമയെന്ന ഒറ്റവാക്കില്‍ ഉറച്ചുനിന്നു. നായകനായെത്തിയ ആദ്യ ചിത്രമായ നാളൈ തീര്‍പ്പിലെ പുഷ് അപ്പ് സീന്‍ കണ്ട് കൂകിവിളിച്ച അതേ കാണികളെകൊണ്ട് മെര്‍സലിലെ പുഷപ്പ് സീനിന് കൈയടിപ്പിച്ചു. 1996ല്‍ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രത്തോടെയാണ് വിജയ്‌യിലെ താരത്തെ ജനങ്ങള്‍ അംഗീകരിച്ചത്. 1999ല്‍ തുള്ളാത മനവും തുള്ളുമെന്ന ചിത്രം ആരാധകരുടെ മനം കവര്‍ന്നു. വൈകാതെ റൊമാന്റിക് നടനെന്ന ടാഗ് ആരാധകര്‍ ചാര്‍ത്തികൊടുത്തു. ഖുഷിയിലെ അഭിനയം വിജയ്‌യുടെ ബ്രാന്‍ഡ് വാല്യൂ ഉയര്‍ത്തി. തിരുമലൈ എന്ന ചിത്രത്തോടെ യുവാക്കളെ ത്രസിപ്പിക്കുന്ന ആക്ഷന്‍ ഹീയോയായുള്ള പരിവേഷം. 2004ല്‍ പുറത്തിറങ്ങിയ മാസ് ചിത്രം ഗില്ലിയോടെ തമിഴകത്തെ സൂപ്പര്‍ സ്റ്റാര്‍ കസേരയില്‍ വിജയ് ഇരുപ്പുറപ്പിച്ചു. അന്ന് ആരാധകര്‍ ചാര്‍ത്തികൊടുത്ത വിളിപ്പേരാണ് ഇളയ ദളപതി.
തമിഴകത്ത് രജനികാന്ത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമായി മാറി. എന്നാല്‍ പിന്നീട് ഇറങ്ങിയ ചിത്രങ്ങളൊന്നും ഗില്ലിയോളമെത്തിയില്ല. വിജയ് എന്ന നടന്റെ കരിയര്‍ അവസാനിച്ചുവെന്ന് നിരൂപകര്‍ വിധിയെഴുതി. പക്ഷേ, 2013ല്‍ ആരാധകരുടെ നെഞ്ചം കീഴടക്കിയ തുപ്പാക്കി കരിയറില്‍ നിര്‍ണായകമായി. പിന്നീടിറങ്ങിയ വിജയ് ചിത്രങ്ങള്‍ക്ക് ഒരു പൊതുസ്വഭാവമുണ്ടായിരുന്നു. സാമൂഹിക പ്രശ്‌നങ്ങളെ സിനിമകള്‍ അടയാളപ്പെടുത്താന്‍ തുടങ്ങി. സൗമ്യനായ വിജയ്, ഉറച്ച ശബ്ദത്തില്‍, ചുരുങ്ങിയ വാചകത്തില്‍, സിനിമയ്ക്ക് പുറത്തും രാഷ്ട്രീയം പറയാന്‍ തുടങ്ങി. യെസ്, ദി റിയല്‍ ആക്ടര്‍ വിജയ് കം ബാക്ക്... കത്തി, സര്‍ക്കാര്‍, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ടാക്കിയ തലവേദന ചെറുതായിരുന്നില്ല. തുടര്‍ന്ന് സമാനതകളില്ലാത്ത അനിശ്ചിതത്വങ്ങള്‍ക്ക് വിജയ്‌യും അദ്ദേഹത്തിന്റെ സിനിമകളും വിധേയമായി. വിജയ്‌യെ പ്രതിരോധത്തിലാക്കാന്‍ രണ്ടുതവണ ആദായനികുതി വകുപ്പ് പരിശോധനക്കെത്തി, പക്ഷേ തലകുനിച്ച് തിരിച്ചുപോകേണ്ടിവന്നു. വാര്‍ത്തയറിഞ്ഞ് തിരുനെല്‍വേലിയിലെ ഷൂട്ടിങ് സെറ്റിലേക്ക് പാഞ്ഞെത്തിയ ആരാധക വൃന്ദത്തെ സാക്ഷിയാക്കി വിജയ് എടുത്ത ആ ഒരു സെല്‍ഫി, അത് അടയാളപ്പെടുത്തലാണ്, കാലമെത്ര താണ്ടിയാലും മറയാത്ത അടിയുറച്ച രാഷ്ട്രീയമാണ്.
തുപ്പാക്കിക്കുശേഷമുള്ള സിനിമകളിലൂടെ വിജയ് തന്റെ രാഷ്ട്രീയം വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആറ്റ്‌ലിയും എ.ആര്‍ മുരുഗദോസും അതിനുള്ള വേദിയൊരുക്കി. സിനിമയ്ക്കകത്തും പുറത്തും അതേ രാഷ്ട്രീയം വിജയ് പങ്കുവെച്ചു. തമിഴ് സിനിമയുടെ നൂറാം വാര്‍ഷികത്തില്‍ വിജയ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചത്, സ്റ്റണ്ട് ആര്‍ട്ടിസ്റ്റുകളുടെ ജീവിതത്തിലേക്കായിരുന്നു. അന്നം തരുന്ന കര്‍ഷകരുടെ ദുരിതാവസ്ഥകളെക്കുറിച്ചും പൊതുവേദിയില്‍ താരം വികാരാധീനനായി. വികലമായ വിദ്യാഭ്യാസ സമ്പ്രദായങ്ങളെക്കുറിച്ചും, നികുതി ഉള്‍പ്പെടെ വിഷയങ്ങളിലും ഭയമേതുമില്ലാതെ താരം അഭിപ്രായം പറഞ്ഞു, അതും ഉറച്ച ബോധ്യത്തോടെ. രാഷ്ട്രീയലക്ഷ്യങ്ങളുള്ള താരങ്ങളുടെ പതിവ് പ്രസ്താവനകള്‍ക്കപ്പുറം കാമ്പുള്ളതായിരുന്നു താരത്തിന്‌റെ നിലപാടുകള്‍. നീറ്റ് എന്‍ട്രന്‍സില്‍ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് ആത്മഹത്യ ചെയ്ത കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചും, തൂത്തുക്കുടി സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ സമരത്തിനിടെ വെടിയേറ്റു മരിച്ചയാളുടെ കുടുംബത്തെ സന്ദര്‍ശിച്ചും വിജയ് തന്റെ രാഷ്ട്രീയം വ്യക്തമാക്കി. ജെല്ലിക്കെട്ട് നിരോധനം മുതല്‍ കള്ളക്കുറിച്ചി മദ്യദുരന്തം വരെ, മനുഷ്യരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ വിജയ് ഇടപെട്ടു, സങ്കടങ്ങളില്‍ ഒപ്പം നിന്നു. വിജയ് സിനിമകളെ ആഘോഷമാക്കിയതിനേക്കാള്‍ ആള്‍ക്കൂട്ടം അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് കൈയടിച്ചുതുടങ്ങി. ഇതിനെയെല്ലാം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താന്‍ അച്ഛനും ചിലയാളുകളും മുന്നോട്ടുവന്നെങ്കിലും, അതിനെയെല്ലാം റദ്ദ് ചെയ്തുകൊണ്ട് വിജയ് നിലപാട് പറഞ്ഞു, ഇപ്പോള്‍ രാഷ്ട്രീയ പ്രവേശനമില്ല.
2023ല്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പ്രചരിച്ചുതുടങ്ങി. താരം ഉടന്‍തന്നെ ഇക്കാര്യം പ്രഖ്യാപിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നു. എന്നാല്‍ പിന്നെയും കാത്തിരിക്കേണ്ടിവന്നു. 2024 ഫെബ്രുവരിയില്‍ 'തമിഴക വെട്രി കഴകം' എന്ന പാര്‍ട്ടിയുമായി താരം ജനങ്ങളിലേക്കെത്തി. ആരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം അംഗങ്ങളായിരുന്നു പിന്നില്‍. കരാറൊപ്പിട്ട ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം, അഭിനയം നിര്‍ത്തി, പൂര്‍ണസമയം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുമെന്നും താരം പ്രഖ്യാപിച്ചു. ആരാധകരെ ഏറെ വിഷമിപ്പിച്ച തീരുമാനമായിരുന്നു അത്. പക്ഷേ, വിജയ്ക്ക് പറയാന്‍ കാരണമുണ്ടായിരുന്നു: 'വെറും ജോലിയായി ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ കാണുന്നില്ല. വലിയ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. അതിനായി മുന്‍ഗാമികളില്‍നിന്ന് ഏറെ പഠിക്കാനുണ്ട്''. 2026ല്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള തയ്യാറെടുപ്പ് നിഴലിടുന്നതാണ് താരത്തിന്റെ വാക്കുകള്‍. വെങ്കട്ട് പ്രഭുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന ചിത്രത്തിനുശേഷം, മറ്റൊരു ചിത്രം കൂടി താരം പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുശേഷമാകും രാഷ്ട്രീയഭൂമികയിലേക്കുള്ള ഇളയ ദളപതിയുടെ മാസ്റ്റര്‍ എന്‍ട്രി. തമിഴകത്ത് എംജിആറിന് ലഭിച്ച സ്വീകാര്യത ആവര്‍ത്തിക്കാന്‍ പ്രാപ്തനായ നടന്‍ എന്ന വിശേഷണമുണ്ട് വിജയ്ക്ക്. അത് സിനിമയ്ക്കപ്പുറം ട്വിസ്റ്റുകളും ചതിക്കുഴികളും പോര്‍വിളികളും നിറഞ്ഞ രാഷ്ട്രീയ ഭൂമികയില്‍ വിജയ്ക്ക് നേട്ടമാകുമോ എന്ന് കാത്തിരുന്നു കാണാം.