മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സ്റ്റാലിൻ; കച്ചത്തീവ് വിഷയം വീണ്ടും സജീവ ചർച്ചയാകുന്നു

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ബിജെപി ആളിക്കത്തിച്ച വിഷയമായിരുന്നു കച്ചത്തീവ്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ കച്ചത്തീവ് വിഷയം കേന്ദ്രത്തിൻ്റെ കോർട്ടിലേക്ക് തിരിച്ചടിക്കുകയാണ് എം.കെ. സ്റ്റാലിൻ.
മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സ്റ്റാലിൻ; കച്ചത്തീവ് വിഷയം വീണ്ടും സജീവ ചർച്ചയാകുന്നു
Published on

തമിഴ്നാട്ടിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കച്ചത്തീവ് വിഷയം വീണ്ടും സജീവ ചർച്ചയാകുന്നു. ദ്വീപ് തിരിച്ചുപിടിക്കണമെന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. ഐക കണ്ഠേനയാണ് പ്രമേയം പാസായത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ മറ്റു മാർഗങ്ങളില്ലെന്നാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ പക്ഷം.


കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ബിജെപി ആളിക്കത്തിച്ച വിഷയമായിരുന്നു കച്ചത്തീവ്. ഇന്ത്യയുടെ ഭാഗമായിരുന്ന ദ്വീപ് ശ്രീലങ്കക്ക് വിട്ടുകൊടുത്ത കോൺഗ്രസ് തീരുമാനത്തെ അതിനിശിതമായി മോദി വിമർശിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഉൾപ്പടെ വിമർശനം ഉയരുമെന്നറിഞ്ഞിട്ടും തമിഴ്നാട്ടിലെ രാഷ്ട്രീയ വിജയം മുന്നിൽക്കണ്ടായിരുന്നു ബിജെപി നീക്കം. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ കച്ചത്തീവ് വിഷയം കേന്ദ്രത്തിൻ്റെ കോർട്ടിലേക്ക് തിരിച്ചടിക്കുകയാണ് എം.കെ. സ്റ്റാലിൻ.

ദ്വീപ് തിരിച്ചുപിടിക്കണമെന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. ബിജെപി അടക്കമുള്ള പ്രതിപക്ഷ എംഎൽഎമാരുടെ പിന്തുണയോടെയാണ് നിയമസഭയിൽ പ്രമേയം പാസായത്. ഇനി വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രസർക്കാരാണ്.


ശ്രീലങ്കൻ നേതൃത്വവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തണമെന്നും അതിർത്തി ലംഘിച്ചതിനെ തുടർന്ന് പിടികൂടിയ മത്സ്യത്തൊഴിലാളികളെയും തിരികെ കൊണ്ടുവരാൻ നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്. കാലങ്ങളായി നിലനിൽക്കുന്ന ഈ പ്രശ്നം പരിഹരിക്കുന്നതിലൂടെ മാത്രമേ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാനാകൂവെന്നും പ്രമേയം.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് തമിഴ്നാട്ടിലെ രാഷ്ട്രീയപാർട്ടികളെ പ്രതികൂട്ടിൽ നിർത്താൻ ശ്രമിച്ച നരേന്ദ്ര മോദിക്കെതിരെ അതേ നാണയത്തിൽ മറുപടി ചോദിക്കുകയാണ് സ്റ്റാലിൻ. നെഹ്റു, ഇന്ദിരാ ഗാന്ധി കാലത്തെ കാര്യങ്ങൾ എണ്ണിപ്പറഞ്ഞ മോദിയോട്, രണ്ട് വർഷം മുമ്പ് ദ്വീപിനെപ്പറ്റി തമിഴ്നാട് മുന്നോട്ട് വെച്ച ആവശ്യങ്ങൾ വായിച്ചിരുന്നോയെന്നും സ്റ്റാലിൻ ചോദിക്കുന്നു. ഒരിക്കലെങ്കിലും മത്സ്യത്തൊഴിലാളികൾ നേരിടുന്ന അവസ്ഥയെ മോദി അപലപിച്ചിട്ടുണ്ടോയെന്നും തമിഴ്നാട് മുഖ്യമന്ത്രി ചോദിക്കുന്നു.


അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയം കൂടുതൽ രാഷ്ട്രീയവൽക്കരിക്കാനാകും ഡിഎംകെ ശ്രമിക്കുക. കേന്ദ്ര തീരുമാനത്തിൽ വൈകിയാൽ എതിർപക്ഷത്തുള്ള ബിജെപി- എഐഡിഎംകെ സഖ്യത്തിനെ കടന്നാക്രമിക്കാനും ഡിഎംകെയ്ക്ക് സാധിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com