"100 വർഷത്തിനിടെ ഹിന്ദി ഭാഷ ഇല്ലാതാക്കിയത് 25 പ്രദേശിക ഭാഷകളെ"; കേന്ദ്രത്തിനെതിരെ എം.കെ. സ്റ്റാലിൻ

"ഉത്തർപ്രദേശും ബീഹാറും ഒരിക്കലും 'ഹിന്ദി ഹൃദയഭൂമി' ആയിരുന്നില്ല.അവരുടെ യഥാർത്ഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണ്",സ്റ്റാലിൻ എക്‌സിൽ കുറിച്ചു
"100 വർഷത്തിനിടെ ഹിന്ദി ഭാഷ ഇല്ലാതാക്കിയത് 25 പ്രദേശിക ഭാഷകളെ"; കേന്ദ്രത്തിനെതിരെ എം.കെ. സ്റ്റാലിൻ
Published on

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്ന കേന്ദ്രനയത്തിനെതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. 100 വർഷത്തിനിടെ ഹിന്ദി ഭാഷ ഇല്ലാതാക്കിയത് 25 പ്രദേശിക ഭാഷകളെയാണെന്ന് സ്റ്റാലിൻ പറഞ്ഞു. "ഉത്തർപ്രദേശും ബീഹാറും ഒരിക്കലും 'ഹിന്ദി ഹൃദയഭൂമി' ആയിരുന്നില്ല. അവരുടെ യഥാർഥ ഭാഷകൾ ഇപ്പോൾ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങളാണ്", സ്റ്റാലിൻ എക്‌സിൽ കുറിച്ചു.

"ഭാഷ ജനങ്ങളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ ഇല്ലാതിരുന്നുവെങ്കിൽ പാർട്ടി പ്രതിഷേധിക്കില്ലായിരുന്നു. സർക്കാർ ജനങ്ങളിൽ ഇത്തരം സമ്മർദം ചെലുത്തുമ്പോഴാണ് പാർട്ടി അതിനെതിരെ ശബ്ദമുയർത്തുന്നത്. തമി‌ഴ് വിരുദ്ധ അജണ്ടകൾ സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും ത്രിഭാഷ നയം അടിച്ചേൽപ്പിക്കുന്ന നടപടി ഫെഡറലിസത്തിന് വിരുദ്ധമാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാനയം അം​ഗീകരിച്ചില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാൻ പ്രകാരം തമിഴ്‌നാടിന് ലഭിക്കേണ്ട വിഹിതമായ 2,158 കോടി രൂപ നല്കില്ലെന്ന ധർമേന്ദ്ര പ്രധാൻ്റെ  പ്രസ്താവനയാണ് കേന്ദ്ര- തമിഴ്നാട് പോരിന് തുടക്കമിട്ടത്. ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനും കേന്ദ മുന്നറിയിപ്പിനെതിരെ ശക്തമായി പ്രതികരിച്ചു.

തമിഴ്നാട് മറ്റൊരു 'ഭാഷാ യുദ്ധത്തിന്' തയ്യാറാണെന്ന് മുന്നറിയിപ്പ് നൽകി. "ആൻഡമാനിൽ ഒഴികെ മറ്റൊരിടത്തും തമിഴ് പഠിപ്പിക്കുന്നില്ല. വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിൽ സ്ഥാപിതമായ കേന്ദ്ര സർക്കാർ സ്കൂളുകളിലും തമിഴ് ഭാഷാ അധ്യാപകരില്ല" സ്റ്റാലിൻ പറഞ്ഞു. സ്കൂളിൽ കുറഞ്ഞത് 15 വിദ്യാർഥികളെങ്കിലും തമിഴ് തെരഞ്ഞെടുത്താൽ മാത്രമേ അധ്യാപകരെ നിയമിക്കൂ എന്നായിരുന്നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി അറിയിച്ചത്.



കാശി തമിഴ് സംഗമത്തിലും, കുംഭമേളയിലും എത്രയധികം ആളുകൾ എത്തി. അവരെ സഹായിക്കാൻ എവിടെയെങ്കിലും തമിഴ് ഭാഷയിൽ നെയിം ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോയെന്ന് മോദിയോട് ചോദിക്കണമെന്നും സ്റ്റാലിൻ വ്യക്തമാക്കി. "ഹിന്ദി യുപിയുടെ മാതൃഭാഷയല്ല... യുപിക്ക് ഭോജ്പുരി, ബുന്ദേൽഖണ്ഡി (അല്ലെങ്കിൽ ബുന്ദേലി) നഷ്ടപ്പെട്ടു. ഉത്തരാഖണ്ഡിന് കുമയൂണി നഷ്ടപ്പെട്ടു. രാജസ്ഥാൻ, ഹരിയാന, ബീഹാർ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പ്രാദേശിക ഭാഷകൾ നഷ്ടപ്പെട്ടു", സ്റ്റാലിൻ പറഞ്ഞു.



തമിഴ്‌നാട്ടിൽ 1967 മുതൽ ദ്വിഭാഷാ നയം നിലവിലുണ്ട്. അന്നത്തെ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഹിന്ദിയെ 'ഔദ്യോഗിക ഭാഷ'യാക്കാനുള്ള ശ്രമങ്ങൾ അക്രമാസക്തമായ കലാപങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേതുടർന്നാണ് ദേശീയ പാർട്ടിക്ക് സംസ്ഥാനത്ത് ഭരണം നഷ്ടപ്പെട്ടത് സ്റ്റാലിൻ ഓർമപ്പെടുത്തി. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com