മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമ്മേളനം സംഘടിപ്പിക്കാൻ തമിഴ്നാട്; പിണറായി വിജയനും ക്ഷണം

മന്ത്രി പി. ത്യാഗരാജനും സൗത്ത് ചെന്നൈ എംപി ഡോ. തമിഴാച്ചി തങ്കപാണ്ഡ്യനും നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. സമ്മേളനത്തിന് പൂർണ പിന്തുണയുണ്ടാകുമെന്ന് പിണറായി വിജയൻ അറിയിച്ചു
മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ സമ്മേളനം സംഘടിപ്പിക്കാൻ തമിഴ്നാട്; പിണറായി വിജയനും ക്ഷണം
Published on

കേന്ദ്രസർക്കാരിൻ്റെ ലോക്സഭാ മണ്ഡല പുനർനിർണയ നീക്കത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സ്റ്റാലിൻ്റെ കത്ത് തമിഴ്നാട് ഐടി മന്ത്രി പളനിവേൽ ത്യാഗരാജൻ മുഖ്യമന്ത്രിക്ക് കൈമാറി. സമ്മേളനത്തിന് പൂർണ പിന്തുണയുണ്ടാകുമെന്ന് പിണറായി വിജയൻ അറിയിച്ചു. മാർച്ച് 22-ന് ചെന്നൈയിലാണ് സമ്മേളനം നടക്കുക.


മന്ത്രി പി. ത്യാഗരാജനും സൗത്ത് ചെന്നൈ എംപി ഡോ. തമിഴാച്ചി തങ്കപാണ്ഡ്യനും നേരിട്ടെത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചത്. പി. ത്യാഗരാജൻ എക്സ് പോസ്റ്റ് വഴി കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പങ്കുവെച്ചു. മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയ അവർ എം.കെ. സ്റ്റാലിന്റെ ആത്മകഥയും മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. "വിഷയത്തിൽ കേരള മുഖ്യമന്ത്രി തമിഴ്‌നാടിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും, നമ്മുടെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള നമ്മുടെ കൂട്ടായ പോരാട്ടത്തിന് പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു," ത്യാഗരാജൻ എക്സ് പോസ്റ്റിൽ കുറിച്ചു. 

ലോക്സഭാ മണ്ഡല പുനർനിർണയം നടത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ ബിജെപി ഇതര മുഖ്യമന്ത്രിമാരെ അണിനിരത്താനാണ് എം.കെ.സ്റ്റാലിൻ്റെ പദ്ധതി. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ബംഗാള്‍, ഒഡീഷ, പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്കാണ് സമ്മേളനത്തിലേക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ അനുമതി നേടിയ ശേഷം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ സംസ്ഥാനങ്ങള്‍ക്കു പ്രാതിനിധ്യം കുറയുന്ന തരത്തിലാണ് ലോക്സഭാ മണ്ഡല പുനര്‍നിര്‍ണയ നീക്കമെന്നാണ് തമിഴ്നാടിൻ്റെ പക്ഷം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com