"വ്യോമസേന ആവശ്യപ്പെട്ടതിലുമധികം സജ്ജീകരണങ്ങൾ ഒരുക്കി"; മറീന ബീച്ച് അപകടത്തിൽ വിശദീകരണവുമായി സ്റ്റാലിൻ

അടുത്ത തവണ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു
"വ്യോമസേന ആവശ്യപ്പെട്ടതിലുമധികം സജ്ജീകരണങ്ങൾ ഒരുക്കി"; മറീന ബീച്ച് അപകടത്തിൽ വിശദീകരണവുമായി സ്റ്റാലിൻ
Published on

ചെന്നൈയിൽ വ്യോമസേനയുടെ എയർ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് അഞ്ച് പേർ മരിച്ച സംഭവത്തിൽ വിശദീകരണവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മറീന ബീച്ചിൽ നടക്കുന്ന എയർ ഷോയ്‌ക്കായി ഇന്ത്യൻ വ്യോമസേന ആവശ്യപ്പെട്ടതിലും അധികം സൗകര്യങ്ങൾ സംസ്ഥാനസർക്കാർ ഒരുക്കിയിരുന്നെന്നായിരുന്നു സ്റ്റാലിൻ്റെ വിശദീകരണം.

ഐഎഎഫ് എയർഷോയ്ക്ക് ആവശ്യമായ സഹകരണവും സൗകര്യങ്ങളും തമിഴ്‌നാട് സർക്കാർ നൽകിയിരുന്നു. പ്രതീക്ഷിച്ചതിലും അപ്പുറം ആളുകൾക്ക് വാഹനത്തിൽ എത്തിച്ചേരാനും പൊതുഗതാഗതം ഉപയോഗിച്ച് തിരിച്ച് പോകാനും ബുദ്ധിമുട്ടുണ്ടായെന്ന് മനസിലാക്കുന്നു. ഇവൻ്റ് കഴിഞ്ഞ് മടങ്ങുമ്പോൾ പ്രതീക്ഷിച്ചതിലും വളരെ കൂടുതൽ ആളുകൾ എത്തിയതെന്നും എം.കെ. സ്റ്റാലിൻ പറഞ്ഞു. അടുത്ത തവണ ഇത്തരം പരിപാടികൾ സംഘടിപ്പിക്കുമ്പോൾ ഇക്കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുകയും, അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കുടുംബങ്ങൾക്ക് സ്റ്റാലിൻ സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട് .

അപകടം അതീവ ദുഃഖകരമാണ് അതിൽ രാഷ്ട്രീയം കലർത്തരുതെന്നായിരുന്നു തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യൻ്റെ പ്രസ്താവന. സർക്കാർ സാധ്യമായ എല്ലാ ക്രമീകരണവും ഏർപ്പെടുത്തിയിരുന്നുവെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവനും വ്യക്തമാക്കി.

ഇന്ത്യൻ വ്യോമസേനയുടെ 92-ാമത് വാർഷികാഘോഷവുമായി ബന്ധപ്പെട്ടാണ് മറീന ബീച്ചിൽ വ്യോമാഭ്യാസ പ്രകടനം സംഘടിപ്പിച്ചത്. 15 ലക്ഷത്തോളം പേർ കാണികളായെത്തി ലിംകാ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ എയർ ഷോ പക്ഷേ ദുരന്തത്തിലാണ് അവസാനിച്ചത്. എയർ ഷോ കാണാനെത്തിയ ജനക്കൂട്ടം ഒരുമിച്ച് മടങ്ങവേ തിക്കും തിരക്കുമുണ്ടായി. നിരവധിപേർ കുഴഞ്ഞുവീണു.  അപകടത്തിൽ 5 പേർ മരിക്കുകയും 200-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ സ്റ്റാലിൻ സർക്കാരിനെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. സർക്കാരിന് വീഴ്ച പറ്റിയതായും മോശം ആസൂത്രണം കൊണ്ടാണ് അപകടമുണ്ടായതെന്നും ബിജെപിയും എഐഎഡിഎംകെയും കുറ്റപ്പെടുത്തി. സർക്കാർ അവഗണനയാണ് അപകട കാരണമെന്ന് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈ ആരോപിച്ചു. ജനത്തിന് സുരക്ഷയൊരുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ഡിഎംകെയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ബിജെപി ചൂണ്ടിക്കാട്ടി. സർക്കാർ സ്പോൺസേർഡ് കൊലപാതകമാണ് മറീന ബീച്ചിലുണ്ടായതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവല്ലയും വിമർശിച്ചു. ക്രമീകരണങ്ങളിലെ അപര്യാപ്തത അപകടത്തിലേക്ക് നയിച്ചുവെന്ന് എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com