
തമിഴ്‌നാട്ടിൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ ശല്യപ്പെടുത്തിയെന്ന് പരാതിപ്പെട്ട യുവതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. യുവതിയുടെ ഫോട്ടോയെടുത്തെന്നും നിരുത്തരവാദപരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപണമുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നപടിക്ക് സംസ്ഥാന വനിതാ കമ്മീഷൻ ശുപാർശ ചെയ്തു.
കാഞ്ചീപുരം ജില്ലയിൽ മെഴുകുതിരി വിറ്റ് ഉപജീവനം നടത്തുന്ന യുവതി കഴിഞ്ഞ വർഷമാണ് താംബരം പൊലീസിൽ പരാതിയുമായി ചെല്ലുന്നത്. ചില ഓട്ടോറിക്ഷാ ഡ്രൈവർമാർ നാല് മാസമായി ശല്യം ചെയ്യുകയാണെന്നായിരുന്നു യുവതിയുടെ പരാതി. എന്നാൽ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായില്ല. പകരം മൊബൈലിൽ യുവതിയുടെ ഫോട്ടോയെടുക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾ നടത്തുകയും ചെയ്തെന്ന് താംബരം പൊലീസ് കമ്മീഷണർക്ക് അയച്ച കത്തിൽ വനിതാ കമ്മീഷൻ വ്യക്തമാക്കുന്നു.
പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ചോദ്യം ചെയ്തതോടെ ഇമ്മോറൽ ട്രാഫിക് നിരോധന നിയമപ്രകാരം യുവതിക്കെതിരെ കേസെടുത്തു. തുടർന്ന് അഞ്ച് മാസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടെന്നും കമ്മീഷൻ അറിയിച്ചു. ജയിലിൽ നിന്നിറങ്ങിയ യുവതി സംസ്ഥാന വനിതാ കമ്മീഷനിൽ പരാതിപ്പെട്ടു. തുടർന്നാണ് താംബരം പൊലീസ് ഇൻസ്പെക്ടർ ചാൾസ്, സബ് ഇൻസ്പെക്ടർ ദുർഗ എന്നിവർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് കമ്മീഷൻ ശുപാർശ ചെയ്തത്.