
രജനികാന്ത് ചിത്രം വേട്ടയ്യന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിച്ച കേസില്‍ കൊച്ചിയില്‍ അറസ്റ്റിലായ പ്രതികള്‍ക്കെതിരെ തമിഴ്നാട് പൊലീസും കേസെടുക്കും. ടൊവിനോ ചിത്രം അജയന്‍റെ രണ്ടാം മോഷണത്തിന്‍റെ വ്യാജ പതിപ്പ് പങ്കുവെച്ച കേസില്‍ പിടിയിലായ തമിഴ്നാട് സത്യമംഗലം സ്വദേശികളായ കുമരേശന്‍, പ്രവീൺ കുമാർ എന്നിവര്‍ തന്നെയാണ് വേട്ടയ്യന്‍റെയും പ്രിന്‍റ് ലീക്ക് ചെയ്തതെന്ന് കൊച്ചി സൈബര്‍ പൊലീസ് കണ്ടെത്തിയിരുന്നു.
തമിഴ്നാട്ടിലെ തീയേറ്ററില്‍ നിന്നാണ് വേട്ടയ്യന്‍ സിനിമ സംഘം ഷൂട്ട് ചെയ്തത്. വണ്‍ തമിഴ് എംവി എന്ന വെബ്സൈറ്റിന്‍റെ ഉടമകളായ പ്രതികള്‍ തമിഴ്റോക്കേഴ്സനും സിനിമയുടെ വ്യാജപതിപ്പ് വിറ്റിരുന്നു. ഇതേതുടര്‍ന്നാണ് തമിഴ്നാട് പൊലീസും ഇവര്‍ക്കെതിരെ കേസെടുക്കുന്നത്. തമിഴ് റോക്കേഴ്സിനെിരെ കൊച്ചിയില്‍ കേസെടുക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. ഐപി അഡ്രസ് അടക്കുമുള്ള വിവരങ്ങള്‍ തമിഴ്നാട് പൊലീസിന് കൈമാറും.
എആര്‍എം കേസിലെ പ്രതികള്‍ ബെംഗളൂരുവിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുമരേശന്‍, പ്രവീൺ കുമാർ എന്നിവരെ കാക്കനാട് സൈബർ പൊലീസ് ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തത്. സിനിമ അനധികൃതമായി ഷൂട്ട് ചെയ്തതിനും അപ്‌ലോഡ് ചെയ്തതിനും തെളിവ് ഇവരുടെ ഫോണിൽ തന്നെ ഉണ്ടായിരുന്നു. ഈ തെളിവ് സഹിതമാണ് ഇവർ പിടിയിലായത്. ഇത്തരത്തിൽ 35 ഓളം സിനിമകൾ ആണ് ഇവർ അപ്‌ലോഡ് ചെയ്തത്. ഷൂട്ട് ചെയ്തതിന് ഒപ്പം തന്നെ മറ്റുള്ളവരില്‍ നിന്ന് പണം നല്‍കി സിനിമകളുടെ വ്യാജ പ്രിന്‍റുകള്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്തിരുന്നു.