തിരുവനന്തപുരത്ത് നിന്നും കാണാതായ തസ്മിതിനെ കണ്ടെത്തി

പെണ്‍കുട്ടി ചെന്നൈ എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ ആറാമത്തെ പ്ലാറ്റ്ഫോമില്‍ നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു
തിരുവനന്തപുരത്ത് നിന്നും കാണാതായ തസ്മിതിനെ കണ്ടെത്തി
Published on

തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ 13 വയസുകാരിയായ തസ്മിത് ബീഗത്തെ കണ്ടെത്തി. വിശാഖപട്ടണത്തുനിന്നാണ് കണ്ടെത്തിയത്. ചെന്നൈയില്‍ നിന്നും താംബരം എക്സ്പ്രസിലാണ് തസ്മിത് വിശാഖപ്പട്ടണത്തില്‍ എന്നിയതെന്നാണ് സൂചന. മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. 

പെൺകുട്ടിയുമായി മാതാപിതാക്കൾ വീഡിയോ കോളിൽ സംസാരിച്ചു. അമ്മ തല്ലിയതുകൊണ്ടാണ് വീട് വിട്ടതെന്നാണ് പെൺകുട്ടി പറഞ്ഞത്. കുട്ടിയെ ഉടൻ നാട്ടിലെത്തിക്കും. ആർപിഎഫ് കുട്ടിയെ ചൈൽഡ് ലൈനിന് കൈമാറും. 

അതിഥി സംസ്ഥാന തൊഴിലാളിയായ അൻവർ ഹുസൈനാണ് തസ്മിതിന്‍റെ പിതാവ്. കണിയാപുരം മുസ്ലീം ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് തസ്മിത്.  സഹോദരിയുമായി വഴക്കിട്ടതിന് തസ്മിതിനെ അമ്മ ശകാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയത്. തുടർന്ന് കുടുംബം കഴക്കൂട്ടം പൊലീസിൽ പരാതി നൽകുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് കുട്ടിയുടെ കുടുംബം തിരുവനന്തപുരത്തെത്തിയത്.

ഇന്നലെ രാവിലെ 10 മണിയോടെയാണ് പെൺകുട്ടി അമ്മയോട് പിണങ്ങി കഴക്കൂട്ടത്തെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്. കഴക്കൂട്ടത്തില്‍ നിന്നും ഐലൻഡ് എക്സ്പ്രസിൽ വന്ന പെണ്‍കുട്ടി കന്യാകുമാരിയിൽ ഇറങ്ങിയതിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. കന്യാകുമാരിയിൽ നിന്ന് ചെന്നൈ എഗ്മോറിലേക്ക് പോകുന്നതാണ് ഈ ട്രെയിൻ. നാഗർകോവിൽ സ്റ്റേഷനിൽ നിന്നും ലഭിച്ച കുട്ടിയുടെ സിസിടിവി ദൃശ്യങ്ങൾ പ്രകാരം, പുലർച്ചെ 3.03 ന് കുട്ടി പ്ലാറ്റ്‌ഫോമിൽ ഇറങ്ങിയിരുന്നു. കുപ്പിയിൽ വെള്ളം എടുത്ത ശേഷം അതേ വണ്ടിയിൽ തിരികെ കയറുന്നതായാണ് ദൃശ്യങ്ങളിൽ. ഇതോടെ കുട്ടി കന്യാകുമാരിയിലേക്ക് പോയിരിക്കാം എന്ന നിഗമനത്തിൽ പൊലീസ് എത്തി.

ഐലൻഡ് എക്സ്പ്രസ് ഇന്നലെ കന്യാകുമാരിയിൽ എത്തിയത് മൂന്നരയോടെയാണ്. 5.58നാണ് ഈ ട്രെയിൻ കന്യാകുമാരിയിൽ നിന്ന് പുറപ്പെട്ടത്. ട്രെയിൻ ഇന്ന് പുലർച്ചെ 06.34 ന് ചെന്നൈ എഗ്മോറിൽ എത്തി. നേരത്തെ പെൺകുട്ടിയെ കന്യാകുമാരിയിൽ കണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നെങ്കിലും കുട്ടിയെ കണ്ടെത്താനായിരുന്നില്ല. കന്യാകുമാരിയിലെ സിസിടിവി ദൃശ്യങ്ങളിലും കുട്ടിയെ കണ്ടിരുന്നില്ല. തുടർന്ന് ചെന്നെെ എഗ്മോറിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കുട്ടിയുടെ വിവരങ്ങള്‍ ലഭിക്കുകയായിരുന്നു.

തസ്മിത് അഞ്ചാമത്തെ പ്ലാറ്റ്‍ഫോമില്‍ നിന്നും ആറാമത്തെ പ്ലാറ്റ്‍ഫോമിലേക്ക് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുണ്ടായിരുന്നത്. ഇവിടെ നിന്നും പെണ്‍കുട്ടി എവിടേക്കാണ് പോയതെന്ന് കണ്ടെത്താനായി ചെന്നൈ പൊലീസും ആർപിഎഫും മറ്റ് സിസിടിവി ക്യാമറകളില്‍ പരിശോധന നടത്തി. ഒടുവില്‍, 37 മണിക്കൂറിനു ശേഷം വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് തസ്മിതിനെ മലയാളി സമാജം പ്രവർത്തകർ തിരിച്ചറിയുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. നിലവില്‍, കുട്ടി പൊലീസിന്‍റെ സംരക്ഷണയിലാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com