
ടി20 ലോകകപ്പുമായി ഇന്ത്യന്‍ ടീം അംഗങ്ങള്‍ ഡല്‍ഹിയിലെത്തി. വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ഇന്ത്യന്‍ ടീമുമായുള്ള ചാര്‍ട്ടേഡ് വിമാനം ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്. പുലര്‍ച്ചെ മുതല്‍ ആയിരക്കണക്കിന് ആരാധകരാണ് പ്രിയതാരങ്ങളെ സ്വീകരിക്കാനായി ഡല്‍ഹി വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ കാത്തുനിന്നിരുന്നത്.
ബാര്‍ബഡോസ് ഗ്രാന്റ്ലി ആദംസ് വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ചയാണ് ഇന്ത്യന്‍ ടീം ജന്മനാട്ടിലേക്ക് യാത്രതിരിച്ചത്. താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്രമോദി കാണും. 11 മണിക്ക് പ്രധാനമന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഇതിനുശേഷം സ്വീകരണത്തിനും റോഡ് ഷോയ്ക്കുമായി ടീം മുംബൈയിലേക്ക് പോകും.
താരങ്ങള്‍, സപ്പോര്‍ട്ടിങ് സ്റ്റാഫ്, കുടുബാംഗങ്ങള്‍ എന്നിവര്‍ക്കായി ബിസിസിഐ പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയിരുന്നു. ബുധനാഴ്ച അതിരാവിലെ തന്നെ വിമാനം ബാര്‍ബഡോസ് വിമാനത്താവളത്തില്‍ എത്തി. കിരീട നേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് 'ബെറില്‍' ചുഴലിക്കാറ്റ് ആഞ്ഞടിഞ്ഞത്. ഇതോടെ ബാര്‍ബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലില്‍പ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലില്‍ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബിസിസിഐ ഇടപെട്ടാണ് പ്രത്യേകവിമാനം ഏര്‍പ്പാടാക്കിയത്.