ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവം: ഭാര്യ നികിതയും അമ്മയും സഹോദരനും അറസ്റ്റിൽ

ടെക്കി യുവാവ് ജീവനൊടുക്കിയ സംഭവം: ഭാര്യ നികിതയും അമ്മയും സഹോദരനും അറസ്റ്റിൽ

നികിതയെ ഗുരുഗ്രാമിൽ നിന്നും അമ്മയെയും സഹോദരനെയും അലഹബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
Published on


34 കാരനായ ടെക്കി യുവാവ് അതുൽ സുബാഷ് ആത്മഹത്യ ചെയ്ത കേസിൽ ഭാര്യ നികിത സിംഘാനിയ, ഇവരുടെ അമ്മ, സഹോദരൻ എന്നിവരെ ബെം​ഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. അതുലുമായി വേർപിരിഞ്ഞ ഭാര്യ നികിത, അമ്മ നിഷ, സഹോദരൻ അനുരാഗ്, അമ്മാവൻ സുശീൽ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുത്തിരുന്നു. നികിതയെ ഗുരുഗ്രാമിൽ നിന്നും അമ്മയെയും സഹോദരനെയും അലഹബാദിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയായ സുശീൽ ഒളിവിലാണ്. ഇന്ന് രാവിലെയാണ് മൂവരെയും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ബീഹാറിലെ സമസ്തിപൂർ സ്വദേശിയായ അതുൽ സുഭാഷിനെ തിങ്കളാഴ്ചയാണ് ബെംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്കും ഭാര്യയുടെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണം ഉന്നയിച്ചാണ് അതുൽ ആത്മഹത്യ ചെയ്തത്. തനിക്കെതിരെ ഭാര്യയും കുടുംബവും കേസുകൾ കെട്ടിച്ചമക്കുകയാണെന്നും നിരന്തരമായി പീഡിപ്പിക്കുകയാണെന്നുമാണ് 24 പേജുള്ള ആത്മഹത്യാ കുറിപ്പിലും 80 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലും അതുൽ ഉന്നയിച്ചത്.

'നീതി വൈകി' എന്ന തലക്കെട്ടോടെയായിരുന്നു അതുലിൻ്റെ ആത്മഹത്യ കുറിപ്പ്. തന്നെ ഉപദ്രവിക്കാനും ജീവനാംശമായി വൻതുക തട്ടിയെടുക്കാനും നികിതയും കുടുംബാംഗങ്ങളും ഒന്നിലധികം കേസുകൾ നൽകിയിട്ടുണ്ടെന്നാണ് അതുൽ ആരോപിച്ചത്. നിരവധിയാളുകൾക്ക് ഈ ആത്മഹത്യാക്കുറിപ്പ് അയച്ചുകൊടുത്താണ് അതുൽ സുഭാഷ് ജീവനൊടുക്കിയത്. സുഭാഷ് റെക്കോഡ് ചെയ്ത വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com