
അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ: മൻമോഹൻ സിങ്ങിന് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകണമെന്ന പ്രമേയം തെലങ്കാന നിയമസഭ പാസാക്കി. ഏകകണ്ഠമായാണ് പ്രമേയം പാസാക്കിയത്. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ മൻമോഹൻ സിങ്ങിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്ര പുരോഗതിക്കും തെലങ്കാന സംസ്ഥാന രൂപീകരണത്തിനും അദ്ദേഹം നൽകിയ വിലമതിക്കാനാകാത്ത സംഭാവനകളെ അംഗീകരിക്കുകയും ചെയ്തു.
കൂടാതെ തെലങ്കാന ജനതയുടെ 60 വർഷത്തെ അഭിലാഷങ്ങൾ സാക്ഷാത്കരിച്ച മഹാനായ നേതാവെന്ന നിലയിൽ ഡോ. മൻമോഹൻ സിങ്ങിൻ്റെ സ്മരണയ്ക്കായി ഹൈദരാബാദിൽ അദ്ദേഹത്തിൻ്റെ പ്രതിമ സ്ഥാപിക്കാനുള്ള നിർദേശത്തിനും നിയമസഭ അംഗീകാരം നൽകി. 2014ൽ തെലങ്കാന സംസ്ഥാന രൂപീകരണവും, ആന്ധ്രപ്രദേശ് പുനഃസംഘടനാ നിയമവും, മൻമോഹൻസിങ്ങ് അധികാരത്തിലിരിക്കെയാണ് പാർലമെൻ്റിൽ പാസാക്കിയത്. സംസ്ഥാന രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ച ഡോ. മൻമോഹൻ സിങ്ങിനോട് തെലങ്കാന കടപ്പെട്ടിരിക്കുന്നുവെന്ന പറഞ്ഞ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, രാജ്യത്തിന് അദ്ദേഹം നൽകിയ സേവനങ്ങൾ ഒരിക്കലും മറക്കാനാവില്ലെന്നും പറഞ്ഞു.
ഇന്ത്യയില്‍ നവസാമ്പത്തിക ക്രമം ചിട്ടപ്പെടുത്തിയയാള്‍ എന്ന നിലയില്‍ ശ്രദ്ധേയനായ വ്യക്തിയായിരുന്നു മൻമോഹൻ സിങ്ങ്. തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ആരോഗ്യ മിഷന്‍, ആധാര്‍ എന്നിവ നടപ്പാക്കിയത് ഇദ്ദേഹത്തിൻ്റെ കാലത്താണ്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍, യുജിസി ചെയര്‍മാന്‍, ധനസെക്രട്ടറി തുടങ്ങിയ പദവികളിലെല്ലാം മികവു തെളിയിച്ച ബഹുമുഖ പ്രതിഭ കൂടിയായിരുന്നു അദ്ദേഹം. നെഹ്‌റുവിനും ഇന്ദിരാഗാന്ധിക്കും നരേന്ദ്രമോദിക്കും ശേഷം ദീര്‍ഘകാലം പ്രധാനമന്ത്രിയായ മൻമോഹൻ സിങ്ങ് ഡിസംബർ 27നാണ് അന്തരിച്ചത്.