പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; അല്ലു അർജുന് ഇടക്കാല ജാമ്യം

എന്നാൽ ജാമ്യം നല്‍കാനുള്ള കേസല്ല ഇതെന്നും, അല്ലു അര്‍ജ്ജുനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുമെന്നും ജാമ്യം നല്‍കരുതെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു.
പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; അല്ലു അർജുന് ഇടക്കാല ജാമ്യം
Published on


നടൻ അല്ലു അർജുന് ഇടക്കാല ജാമ്യം അനുവദിച്ച് തെലങ്കാന ഹൈക്കോടതി. ചലച്ചിത്രതാരമായല്ല, സാധാരണക്കാരനായി പരിഗണിക്കണമെന്ന് അല്ലു അര്‍ജ്ജുന്റെ അഭിഭാഷകന്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കില്ലെന്നും സാധാരണക്കാരനാണെങ്കിലും ജാമ്യം നല്‍കേണ്ടതാണെന്നും ഹൈക്കോടതി പരാമർശിച്ചു.

പൊലീസും ഒന്നാം നിലയില്‍ അല്ലു അര്‍ജ്ജുനെ കാണാനെത്തിയെന്നും ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ മതിയായ പൊലീസിനെ സ്ഥലത്ത് നിയോഗിച്ചില്ലെന്നും നടൻ്റെ അഭിഭാഷകന്‍ പറഞ്ഞു. ഹൈക്കോടതി ജാമ്യം നിഷേധിച്ചാല്‍ പൊലീസ് കസ്റ്റഡിയെ എതിര്‍ക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചു. എന്നാൽ ജാമ്യം നല്‍കാനുള്ള കേസല്ല ഇതെന്നും, അല്ലു അര്‍ജ്ജുനെതിരെ നരഹത്യാക്കുറ്റം നിലനില്‍ക്കുെമന്നും ജാമ്യം നല്‍കരുതെന്നും പ്രൊസിക്യൂഷന്‍ വാദിച്ചിരുന്നു.

അല്ലു അർജുനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് നമ്പള്ളി കോടതി ഉത്തരവിട്ടിരുന്നു. 'പുഷ്പ 2' റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തിലാണ് നടപടി. ഇന്ന് രാവിലെയാണ് ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള വസതിയിലെത്തി പൊലീസ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്. കൊലക്കുറ്റത്തിന് തുല്യമല്ലാത്ത നരഹത്യാകുറ്റമാണ് അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. വീട്ടമ്മയുടെ മരണത്തില്‍ നേരത്തേ, സന്ധ്യ തിയേറ്റര്‍ ഉടമയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.

പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയേറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെ നടന്‍ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസ് പറയുന്നു. തീയേറ്ററില്‍ ജനത്തിരക്ക് നിയന്ത്രിക്കാന്‍ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങളൊന്നും ഒരുക്കാതെയാണ് അല്ലു അര്‍ജുന്‍ തീയേറ്ററിലെത്തിയതെന്നാണ് ആരോപണം.

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ നേരത്തെ തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ന് താരത്തെ അറസ്റ്റ് ചെയ്തത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com