
സാമന്ത-നാഗചൈതന്യ വിവാഹമോചനത്തെ കുറിച്ചുള്ള പരാമർശത്തിൽ മാപ്പ് പറഞ്ഞ് തെലങ്കാന മന്ത്രി കൊണ്ട സുരേഖ. മന്ത്രിയുടെ പരാമർശത്തിനെതിരെ സാമന്തയും നാഗചൈതന്യയും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ബിആർഎസ് നേതാവ് കെ.ടി രാമറാവുവും വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി മാപ്പ് പറഞ്ഞത്.
നാഗചൈതന്യയും സാമന്തയും വിവാഹമോചിതരായതിന് പിന്നില്‍ രാമ റാവുവാണെന്നായിരുന്നു മന്ത്രിയുടെ പരാമർശം. നടിമാര്‍ സിനിമാ മേഖല വിട്ടുപോകുന്നതിന് പിന്നില്‍ കെ.ടി. രാമറാവു ആണെന്നും കൊണ്ട സുരേഖ ആരോപിച്ചിരുന്നു. ഔദ്യോഗിക എക്സ് പോസ്റ്റ് വഴിയായിരുന്നു കൊണ്ട സുരേഖ മാപ്പപേക്ഷയുമായി രംഗത്തെത്തിയത്. കെ.ടി. രാമറാവുവിൻ്റെ സ്ത്രീകളെ ഇകഴ്ത്തുന്ന പ്രകൃതത്തെ ചോദ്യം ചെയ്യുക മാത്രമായിരുന്നു തൻ്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
"പ്രസ്താവനകളിൽ നിങ്ങളോ നിങ്ങളുടെ ആരാധകരോ അസ്വസ്ഥരായെങ്കിൽ നിരുപാധികം എൻ്റെ വാക്കുകൾ പിൻവലിക്കുന്നു. ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതത്തിൽ, എന്തെങ്കിലും നേട്ടങ്ങൾക്കായി ഞാൻ ആരുടെയും കുടുംബപ്രശ്‌നങ്ങൾ ഉപയോഗിച്ചിട്ടില്ല. ഞാൻ മനപൂർവം നിങ്ങളുടെ കുടുംബത്തെയോ സാമന്തയെയോ താഴ്ത്തിക്കെട്ടിയിട്ടില്ല. വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങൾ ആർക്കെങ്കിലും നേരെ ആയുധമാക്കുന്നത് എൻ്റെ രീതിയല്ല," കൊണ്ട സുരേഖ കുറിച്ചു.
നാഗ ചൈതന്യയുടെ വിവാഹമോചനത്തിന് കാരണം രാമറാവുവാണെന്നായിരുന്നു സുരേഖയുടെ വാദം. നാഗാർജുനയെ ഭീഷണിപ്പെടുത്തി വിവാഹമോചനം നടത്തിയെന്നാണ് ആരോപണം. ഒപ്പം പല നടിമാരും സിനിമ ഉപേക്ഷിച്ച് നേരത്തെ വിവാഹം കഴിക്കാൻ കാരണം കെ.ടി. രാമറാവുവാണെന്നും സുരേഖ പറഞ്ഞു. രാമറാവു സിനിമാ രംഗത്തെ പ്രമുഖരെ മയക്കുമരുന്നിന് അടിമകളാക്കിയ ശേഷം ബ്ലാക്ക് മെയിൽ ചെയ്യുന്നുവെന്നും അവർ അവകാശപ്പെട്ടിരുന്നു.
അതേസമയം വിഷയത്തിൽ സുരേഖക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കെ.ടി. രാമറാവുവിൻ്റെ പക്ഷം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും രാഷ്ട്രീയത്തിലെ മനുഷ്യത്വത്തിലും മാന്യതയിലും വിശ്വസിക്കുന്നുണ്ടെങ്കിൽ സുരേഖയെ തെലങ്കാന സർക്കാർ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് ബിആർഎസ് വക്താവ് ദസോജു ശ്രാവൺ ആവശ്യപ്പെട്ടു.