
തെലങ്കാനയിൽ തുരങ്കം തകർന്നതിനെ തുടർന്ന് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ എട്ടു പേരുടെ അതിജീവന സാധ്യത വളരെ വിരളമെന്ന് മന്ത്രി കൃഷ്ണ റാവു. രക്ഷാദൗത്യം 48 മണിക്കൂർ പിന്നിട്ടു. കുടുങ്ങിയവരിൽ ഒരാളുടെ കൈ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്.
നീണ്ട 48 മണിക്കൂർ പിന്നിടുകയാണ് രക്ഷാ പ്രവർത്തനം. ടണലിന്റെ 25 മീറ്ററോളം ഉയരത്തിൽ രക്ഷാ പ്രവർത്തകർക്ക് എത്തിപ്പെടാൻ ആകാത്ത വിധം ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും കുമിഞ്ഞുകൂടി കിടക്കുകയാണ്. സൈന്യത്തിൻ്റെ എഞ്ചിനിയറിംഗ് ടാസ്ക് ഫോഴ്സ്, NDRF, SDRF സംഘങ്ങളുടെ നേതൃത്വത്തിലാണ് രക്ഷാ ദൗത്യം. കുടുങ്ങി കിടക്കുന്നവർ അതിജീവിക്കാനുള്ള സാധ്യത വളരെ വിദൂരമാണെന്നാണ് തെലങ്കാന മന്ത്രി ജുപ്പള്ളി കൃഷ്ണ റാവു വ്യക്തമാക്കിയത്. ചെളിയും വെള്ളക്കെട്ടും സിമന്‍റ് പാളികളും പാറക്കെട്ടുകളും രക്ഷാപ്രവർത്തകർക്ക് വലിയ വെല്ലുവിളിയാണ്. ദൗത്യത്തിൻ്റെ വിജയത്തിനായി എല്ലാ ശ്രമവും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്ക രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്ന ആറ് പേരും ദൗത്യസംഘത്തിനൊപ്പം ചേർന്നിട്ടുണ്ട്. തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന പ്രദേശത്തിന് 150 മീറ്റർ അകലെ വരെ ദൗത്യസംഘത്തിന് എത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. കുടുങ്ങിയവരിൽ ഒരാളുടെ കൈ രക്ഷാപ്രവർത്തകർ കണ്ടെത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിയും, മന്ത്രി ഉത്തം കുമാർ റെഡ്ഡിയും രക്ഷാ പ്രവർത്തനം വിലയിരുത്തുന്നുണ്ട്. ഉള്ളിലുള്ളവരെ അധികം വൈകാതെ തന്നെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. രണ്ട് എഞ്ജിനിയർമാർ ഉൾപ്പെടെ എട്ട് പേരാണ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നത്. നാഗർകൂർണൂലിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാൽ പ്രൊജക്ടിന്റെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച നിർമാണപ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ പ്രവേശിച്ചപ്പോൾ മുകൾ ഭാഗം തകർന്ന് വീഴുകയായിരുന്നു. 43 തൊഴിലാളികളെ രക്ഷപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഫെബ്രുവരി 18നാണ് ടണൽ തുറന്ന് പ്രവർത്തനം ആരംഭിച്ചത്.