
തെലങ്കാനയില്‍ നിര്‍മാണത്തിലിരിക്കുന്ന ടണല്‍ തകര്‍ന്ന് നിരവധി തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. ശ്രീശൈലം ഡാമിന് പിന്നിലായുള്ള ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ ടണലിന്റെ പണി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
അപകടം നടക്കുന്ന സമയത്ത് 50 ഓളം പേര്‍ ടണലില്‍ ഉണ്ടായിരുന്നതായി തെലങ്കാന ടുഡേ റിപ്പോർട്ട് ചെയ്യുന്നു. മൂന്ന് തൊഴിലാളികളെ സുരക്ഷാ സേന രക്ഷപ്പെടുത്തി. ഇവരെ ജെന്‍കോ ആശുപത്രിയിലേക്ക് മാറ്റി. എത്ര പേര്‍ ഇനിയും ടണലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഏഴോളം പേര്‍ ടണലില്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് ചില ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടല്‍ രേഖപ്പെടുത്തി. തൊഴിലാളികളെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണമെന്ന നിര്‍ദേശവും മുഖ്യമന്ത്രി നല്‍ലികിയിട്ടുണ്ട്.