
ലഡു വിവാദത്തിന് പിന്നാലെ തിരുപ്പതിയിലെ വെങ്കിടേശ്വര ക്ഷേത്രത്തിൽ ശുദ്ധികലശം നടത്തി ക്ഷേത്ര പുരോഹിതർ. 'മഹാ ശനി ഹോമം' നടത്തിയായിരുന്നു പുരോഹിതരുടെ ശുദ്ധികലശം. ഈ ചടങ്ങിലൂടെ മായം കലർന്നതിൻ്റെ ദൂഷ്യഫലങ്ങൾ ഒഴിവാക്കുകയും ലഡ്ഡുവിൻ്റെ വിശുദ്ധി പുനഃസ്ഥാപിക്കുകയും ചെയ്യുമെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്. ഇതുവഴി ഭക്തരുടെ ക്ഷേമം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.
"എല്ലാം ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇനി ഭക്തജനങ്ങളാരും വിഷമിക്കരുതെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ക്ഷേത്രത്തിൽ വന്ന് ദർശനം നടത്തി പ്രസാദം വീട്ടിലേക്ക് തിരികെ കൊണ്ടുപോകൂ," ഇതായിരുന്നു ശുദ്ധികലശത്തിന് ശേഷമുള്ള പുരോഹിതൻ്റെ ആദ്യ പ്രതികരണം. രാവിലെ ആറ് മണിക്ക് തുടങ്ങിയ ആചാരങ്ങൾ നാല് മണിക്കൂർ നീണ്ടുനിന്നതായി തിരുമല തിരുപ്പതി ദേവസ്ഥാനത്തിൻ്റെ എക്സിക്യൂട്ടീവ് ഓഫീസർ ശ്യാമള റാവു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസമാണ് മുൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചിരുന്നതായി ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചത്. ടിഡിപി യോഗത്തിൽ സംസാരിക്കവെയാണ് മുൻ സർക്കാരിനെതിരെ ചന്ദ്രബാബു നായിഡു വെളിപ്പെടുത്തൽ നടത്തിയത്. ഗുണനിലവാരമില്ലാത്ത ചേരുവകൾ ഉപയോഗിച്ചാണ് ജഗന്മോഹൻ സർക്കാരിന്‍റെ കാലത്ത് തിരുപ്പതി ലഡു ഉണ്ടാക്കിയത്. തിരുപ്പതി ലഡു ഉണ്ടാക്കാൻ നെയ്യ് ഉപയോഗിക്കുന്നതിന് പകരം മൃഗക്കൊഴുപ്പാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ശുദ്ധമായ നെയ്യാണ് ഉപയോഗിക്കുന്നതെന്നും നായിഡു പറഞ്ഞിരുന്നു.