
10 പേർക്ക് പിഎച്ച്ഡി തീസിസ് എഴുതി കൊടുത്തിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി എഴുത്തുകാരി ഇന്ദുമേനോൻ. ഒരു തീസിസിന് മൂന്നുലക്ഷം രൂപം കൈപ്പറ്റിയിട്ടുണ്ടെന്നും എഴുത്തുകാരി ഫേയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. വെളിപ്പെടുത്തൽ വിവാദമായതോടെ എഴുത്തുകാരി ഫേസ്ബുക് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. സംഭവത്തിൽ ഇന്ദുമേനോനെതിരെ നടപടി എടുക്കണമെന്നും അവർക്കുള്ള നവകേരള ഫെലോഷിപ്പ് റദ്ദാക്കണമെന്നും എഴുത്തുകാരി ജെ.ദേവിക ആവശ്യപ്പെട്ടു.
"ഇഷ്ടം പോലെ പേർക്ക് ജേണൽ ലേഖനങ്ങൾ എഴുതി കൊടുത്തിട്ടുണ്ട്. 10 പേർക്ക് പൂർണ്ണ പി എച്ച് ഡി. തീസിസ് എഴുതി സഹായിച്ചിട്ടുണ്ട്. എന്നോട് സഹായം ചോദിച്ചവരെ ഞാൻ വിഷമിപ്പിക്കാറില്ല"-ഇതായിരുന്നു ഇന്ദുമേനോൻ ഇട്ട ഫേസ്ബുക്ക് പോസ്റ്റ്. കുട്ടികൾക്ക് വേണ്ടി സുഹൃത്തുക്കളായ അധ്യാപകരോട് അത്യാവശ്യം റെക്കമെൻ്റേഷൻ നടത്താറുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. പോസ്റ്റിന് താഴെ പ്രതികരിച്ചവരോട് ഒരു തീസിസിന് 3 ലക്ഷം രൂപയോളം കൈപ്പറ്റിയിട്ടുണ്ടെന്നും പണത്തിന് വേണ്ടി ചെയ്തതാണെന്നുമുള്ള കാര്യം വെളിപ്പെടുത്തി.
ഇത് വിവാദമായതോടെ എഴുത്തുകാരി പോസ്റ്റ് പിൻവലിച്ചു. പകരം, ബുദ്ധിയില്ലാത്ത ആളുകളുടെ വിമർശനം കാരണം പോസ്റ്റ് പിൻവലിക്കുന്നു എന്ന പുതിയ പോസ്റ്റുമിട്ടു. അതേസമയം ഇന്ദുമേനോനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ഇന്ദുമേനോൻ ചെയ്തത് ക്രിമിനൽ കുറ്റം ആണെന്ന് എഴുത്തുകാരി ജെ ദേവിക പ്രതികരിച്ചു. ഗവേഷണ വിദ്യാർത്ഥികളെ സംശയത്തിൻ്റെ നിഴലിൽ നിർത്തിയ ഇന്ദുമേനോൻ്റെ നടപടി ന്യായീകരിക്കാനാവാത്ത തെറ്റാണെന്നും ജെ ദേവിക ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇന്ദുമേനോൻ്റെ നവകേരള ഫെലോഷിപ്പ് സസ്പെൻഡ് ചെയ്യണമെന്നും ജെ ദേവിക ആവശ്യപ്പെട്ടു.