
പുതുവത്സരത്തിന് കാത്തിരിക്കുന്ന രാജ്യത്തെ നാണിപ്പിച്ച് ഉത്തർപ്രദേശിൽ വീണ്ടും ആൾക്കൂട്ട കൊല. പശുവിനെ കൊന്നെന്ന് ആരോപിച്ച് മൊറാദാബാദ് ജില്ലയിലാണ് മുസ്ലിം യുവാവിനെ ഗോ സംരക്ഷകർ തല്ലിക്കൊന്നത്. 29കാരനായ ഷാഹെ ദിൻ എന്ന യുവാവാണ് ക്രൂരമർദ്ദനത്തിനിരയായി ചികിത്സയിലിരിക്കെ ഇന്ന് ആശുപത്രിയിൽ വെച്ച് മരിച്ചത്.
ഷാഹെ ദിൻ പശുവിനെ കൊന്നതായി ആരോപിച്ച് ഗോ സംരക്ഷകർ ഇരുമ്പു കമ്പികളും വടികളുമൊക്കെ ഉപയോഗിച്ച് യുവാവിനെ ആക്രമിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഷാഹെ ദിൻ മരിച്ചത്. ചൊവ്വാഴ്ച രാവിലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും സംസ്കരിക്കുകയും ചെയ്തു.
30ന് രാത്രി മരിച്ച ഷാഹെ ദിനിൻ്റെ പോസ്റ്റ്‌മോർട്ടം അന്നു രാത്രി തന്നെ നടത്തുകയും, 31ന് രാവിലെ മൃതദേഹം സംസ്‌കരിച്ചതായും മൊറാദാബാദ് അഡീഷണൽ പൊലീസ് സൂപ്രണ്ട് കുമാർ രൺവിജയ് സിംഗ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ മൊറാദാബാദ് ജില്ലയിലെ മുസ്ലീം ആധിപത്യമുള്ള നിരവധി പ്രദേശങ്ങളിൽ പ്രതിഷേധം ശക്തമാണ്. ഈ മേഖലകളിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിലെ ക്രമസമാധാന നില പൂർണമായും നിയന്ത്രണവിധേയമാണെന്ന് മൊറാദാബാദ് ഡിവിഷണൽ കമ്മീഷണർ ഔഞ്ജനേയ കുമാർ സിംഗ് പറഞ്ഞു.
മരിച്ചയാളുടെ സഹോദരൻ്റെ പരാതിയിൽ ചൊവ്വാഴ്ച മജോല പൊലീസ് സ്റ്റേഷനിൽ അജ്ഞാതരായ അക്രമികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. അതേസമയം, ഗോഹത്യ നടത്തിയെന്നാരോപിച്ച് കൊല്ലപ്പെട്ട ഷാഹെ ദിനിനും മറ്റു മൂന്ന് പേർക്കുമെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
പശുവിനെ അറുക്കുന്നതിനിടെ അസലത്‌പുര സ്വദേശിയായ ഷാഹെ ദിനിനെ ഒരു സംഘമാളുകൾ തടഞ്ഞുവെക്കുകയും പിന്നീട് ക്രൂരമായി മർദ്ദിച്ച് ആൾക്കൂട്ട വിചാരണ നടത്തുകയായിരുന്നു. പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.