റഷ്യയിൽ തീമഴ പെയ്യിച്ച് യുക്രെയ്ൻ; 'ഡ്രാഗൺ ഡ്രോണിൻ്റെ' ഭീതിപ്പെടുത്തുന്ന വീഡിയോ വൈറലാവുന്നു
റഷ്യൻ അധീനതയിലുള്ള ഖാർകിവ് മേഖലയിൽ തീ മഴ പെയ്യിച്ച് യുക്രെനിയൻ തെർമൈറ്റ് ഡ്രോണുകൾ. വളരെ ഉയർന്ന ഊഷ്മാവിൽ കത്തുന്ന, അലുമിനിയം പൊടിയുടെയും അയൺ ഓക്സൈഡിൻ്റെയും മിശ്രിതമായ തെർമൈറ്റ് ഉപയോഗിച്ചായിരുന്നു യുക്രെയ്ൻ ആക്രമണം. വിവിധ ടെലിഗ്രാം ചാനലുകളിലൂടെ പ്രചരിക്കുന്ന തീ തുപ്പുന്ന 'ഡ്രാഗൺ ഡ്രോണിൻ്റെ' വീഡിയോയിൽ മരങ്ങൾ തീപിടിച്ച് നശിക്കുന്നതായി കാണാം.
ഖോർനെ ഗ്രൂപ്പ് എന്ന ടെലിഗ്രാം ചാനലിലൂടെയാണ് യുക്രെയ്ൻ ഡ്രോൺ വർഷിക്കുന്ന വീഡിയോ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങളിൽ ഒന്നായാണ് തെർമൈറ്റ് ഡ്രോണുകൾ കണക്കാക്കപ്പെടുന്നത്. ഈ ലോഹസങ്കരത്തിന് മരങ്ങൾ, കെട്ടിടങ്ങൾ, ലോഹങ്ങൾ, സൈനിക വാഹനങ്ങൾ, കവചങ്ങൾ എന്നിവ പെട്ടെന്ന് കത്തിക്കാൻ കഴിയും.
"പുതുതായുള്ള സ്ട്രൈക്ക് ഡ്രോണുകൾ നമ്മുടെ പ്രതികാരത്തിൻ്റെ ചിറകുകളാണ്, ആകാശത്ത് നിന്ന് നേരിട്ട് തീ കൊണ്ടുവരുന്നവ! ശത്രുവിൻ്റെ പ്രദേശങ്ങൾ മറ്റാർക്കും സാധിക്കാത്ത കൃത്യതയോടെ ആക്രമിച്ച്, ഇവ എതിരാളികൾക്ക് ഒരു യഥാർഥ ഭീഷണിയായി മാറുന്നു. ഞങ്ങളുടെ "വിദാർ"( നോഴ്സ് മിത്തോളജി പ്രകാരമുള്ള പ്രതികാരത്തിൻ്റെ ദൈവം) പ്രവർത്തിക്കുമ്പോൾ റഷ്യൻ സ്ത്രീ ഒരിക്കലും ഉറങ്ങുകയില്ല," തെർമിറ്റ് ഡ്രോണിൻ്റെ ഫൂട്ടേജ് പങ്കിട്ടുകൊണ്ട് യുക്രെനിയൻ ബ്രിഗേഡ് കുറിച്ചു.
റഷ്യൻ, യുക്രെയ്ൻ സൈനികർ മുൻപും ഇത്തരം ആയുധങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. സ്ഫോടനസ്വഭാവമുള്ള പരമ്പരാഗത ബോംബുകളിൽ നിന്ന് വ്യത്യസ്തമായി തീവ്രമായ ചൂട് സൃഷ്ടിച്ചാണ് തെർമൈറ്റുകൾ ആക്രമണം നടത്തുക. സ്റ്റീൽ, ഇരുമ്പ്, റെയിൽവേ ട്രാക്കുകൾ എന്നിവയുടെ വെൽഡിങ്ങിനാണ് സാധാരണയായി തെർമൈറ്റുകൾ ഉപയോഗിക്കുന്നത്.
"തെർമൈറ്റ് ബോംബുകളുടെ വ്യാപകമായ ഉപയോഗം ഇത് ജനവാസ മേഖലകളിൽ വിന്യസിക്കുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നുണ്ട്. ഇവ സിവിലിയൻമാർക്കിടയിൽ ഗുരുതരമായ പരിക്കുകളും ജീവഹാനിയും ഉണ്ടാക്കിയേക്കാം" ആക്ഷൻ ഓൺ ആംഡ് വയലൻസ് (AOAV) എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. ഇയിൻ ഓവർട്ടർ പറഞ്ഞു.
അതേസമയം റഷ്യയെ ആക്രമിക്കാൻ ദീർഘ ദൂര മിസൈലുകൾ നൽകാനും അവ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നീക്കണമെന്നും പാശ്ചാത്യ രാജ്യങ്ങളോട് സെലൻസ്കി അഭ്യർത്ഥിച്ചിരുന്നു. യുദ്ധം നേരത്തെ അവസാനിപ്പിക്കാൻ ദീർഘ ദൂര ആയുധങ്ങൾ സഹായിക്കുമെന്നും സെലൻസ്കി പറഞ്ഞു. ജർമനിയിലെ റാംസ്റ്റെയിനിൽ നടക്കുന്ന പ്രതിരോധ ഉച്ചകോടിയിൽ സംസാരിക്കവെയായിരുന്നു സെലൻസ്കിയുടെ പ്രസ്താവന.
250 മില്യൺ ഡോളറിൻ്റെ പുതിയ സുരക്ഷാ പാക്കേജാണ് യുക്രെയ‌്‌നു വേണ്ടി അമേരിക്ക പ്രഖ്യാപിച്ചത്. 16 കോടി പൗണ്ട് വില വരുന്ന 650 വ്യോമ പ്രതിരോധ മിസൈലുകൾ കൈമാറുമെന്ന് ബ്രിട്ടനും പ്രഖ്യാപിച്ചു. ജർമ്മനി, കാനഡ തുടങ്ങിയ രാജ്യങ്ങളും സഹായ വാഗ്ദാനങ്ങളുമായി മുൻ നിരയിലുണ്ട്.