"ഇവിടെയൊരു സർക്കാരുണ്ടോ, വനംവകുപ്പുണ്ടോ? വനംവകുപ്പ് മന്ത്രി രാജി വെയ്ക്കണം": താമരശ്ശേരി ബിഷപ്പ്

തുടരുന്ന വന്യജീവി ആക്രമണങ്ങളുടെ  ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജി വയ്ക്കണമെന്നാണ് ബിഷപ്പിൻ്റെ ആവശ്യം
"ഇവിടെയൊരു സർക്കാരുണ്ടോ, വനംവകുപ്പുണ്ടോ? വനംവകുപ്പ് മന്ത്രി രാജി വെയ്ക്കണം": താമരശ്ശേരി ബിഷപ്പ്
Published on


വന്യജീവി അക്രമണം തുടർക്കഥയാവുന്ന സാഹചര്യത്തിൽ വനം മന്ത്രി എ.കെ. ശശീന്ദ്രൻ രാജി വെയ്ക്കണമെന്ന് താമരശ്ശേരി ബിഷപ്പ്. കാഞ്ഞിരപ്പള്ളി പാറത്തോടിൽ ഇൻഫാം സംസ്ഥാന അസംബ്ലിയിലായിരുന്നു താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇൻജനാനിയിലിന്റെ പ്രതികരണം. വയനാട്ടിൽ വീണ്ടും വന്യജീവി ആക്രമണത്തിൽ മരണമുണ്ടായ സാഹചര്യത്തിലാണ് ബിഷപ്പിൻ്റെ വിമർശനം.


ഇവിടെയൊരു സർക്കാർ ഉണ്ടോ, ഇവിടെയൊരു വനം വകുപ്പ് ഉണ്ടോ ഇതായിരുന്നു ബിഷപ്പ് മാർ റെമിജിയോസ് ഇൻജനാനിയിലിന്റെ ചോദ്യം. തുടരുന്ന വന്യജീവി ആക്രമണങ്ങളുടെ  ഉത്തരവാദിത്വം ഏറ്റെടുത്ത് വനം മന്ത്രി രാജി വയ്ക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു. നേരത്തെ വനമന്ത്രി എ.കെ. ശശീന്ദ്രനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തിയിരുന്നു.

അതേസമയം വന്യജീവി ആക്രമണത്തിൽ സർക്കാർ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നായിരുന്നു എ.കെ. ശശീന്ദ്രൻ്റെ പ്രതികരണം. ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം വിഷയത്തിൽ അടിയന്തര നടപടികൾ ആലോചിക്കും. വനത്തിനുള്ളിലും പുറത്തും വനം വകുപ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി.


ആദിവാസികൾ അല്ലാത്തവർ വനത്തിൽ എത്തുന്നത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ എ.കെ. ശശീന്ദ്രൻ, അവർ എന്തിനാണ് വനത്തിൽ എത്തുന്നതെന്ന് പരിശോധിക്കണമെന്നും പറഞ്ഞു. കഴിഞ്ഞദിവസം നടന്ന വന്യജീവി ആക്രമണങ്ങൾ എവിടെയാണെന്ന് പരിശോധിക്കണം. എന്നാൽ മരണമുണ്ടായാൽ സാങ്കേതികത്വം നോക്കില്ലെന്നും വനം മന്ത്രി വ്യക്തമാക്കി.

വന്യജീവി ആക്രമണമുണ്ടായാൽ സർക്കാർ വേണ്ടതെല്ലാം ചെയ്യും. ഉച്ചയ്ക്ക് ചേരുന്ന ഉന്നതതലയോഗം അടിയന്തര നടപടികൾ ആലോചിക്കും. ആക്രമണമുണ്ടായാൽ സാങ്കേതിക വിഷയങ്ങൾ നോക്കാതെ എല്ലാവർക്കും ആവശ്യമായ സഹായം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com