
കോഴിക്കോട് താമരശേരിയിൽ ലഹരിക്ക് അടിമയായ ഭർത്താവ് മദ്യപിച്ചെത്തി ഭാര്യയെയും മകളെയും ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. അമ്പയത്തോട് സ്വദേശി നൗഷാദിനെയാണ് താമരശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ ഉൾപ്പടെ ചുമത്തി പൊലീസ് കേസെടുത്തു. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ നൗഷാദിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇന്നലെ രാത്രി പത്ത് മണിയോടെ മദ്യപിച്ച് വീട്ടിലെത്തിയ നൗഷാദ് ഭാര്യയേയും മകളെയും അതിക്രൂരമായി മർദിക്കുകയായിരുന്നു. മർദനം സഹിക്കാൻ കഴിയാതെ മകളുമായി പുറത്തേക്ക് ഓടിയ യുവതിയെ പ്രതി വെട്ടുകത്തി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. പിന്തുടർന്ന് മർദിച്ചതോടെ അർദ്ധരാത്രി വീട് വിട്ടോടിയ യുവതിയെയും മകളെയും നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. അക്രമം തടയാൻ ശ്രമിച്ച എട്ടു വയസുകാരിയായ മകൾക്കും മർദനത്തില്‍ പരിക്കേറ്റു. നസ്ജയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഭാര്യമാതാവിനെ നൗഷാദ് മർദിക്കുകയും, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. നൗഷാദ് ലഹരിക്ക് അടിമയാണെന്നും നിരന്തരം വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളാണെന്നും നാട്ടുകാർ പറയുന്നു.
വിവാഹം കഴിഞ്ഞത് മുതൽ ഉപദ്രവിക്കാറുണ്ടെന്നും ഇത്തവണ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്നുമാണ് യുവതി താമരശേരി പൊലീസിന് നൽകിയ മൊഴി. സ്ഥിരം മദ്യപാനിയായ നൗഷാദ് നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ടെന്നും യുവതി പറഞ്ഞു.