ഭക്തിസാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി അണിഞ്ഞ് അയ്യന്‍

നാളെയും തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ ഭക്തർക്ക് ദർശിക്കാം. നാളെ ഉച്ചയ്ക്ക് 12നും 12.30നും ഇടയിലാണ് മണ്ഡലപൂജാ ചടങ്ങുകൾ
ഭക്തിസാന്ദ്രമായി ശബരിമല സന്നിധാനം; തങ്ക അങ്കി അണിഞ്ഞ് അയ്യന്‍
Published on

ഭക്തിനിർഭരമായി സന്നിധാനത്ത് തങ്ക അങ്കി ചാർത്തി ദീപാരാധന. 22ന് ആറന്മുള ക്ഷേത്രത്തിൽ നിന്നാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര ഇന്ന് വൈകിട്ടോടെയാണ് സന്നിധാനത്തെത്തിയത്. ഇന്നും നാളെയും അയ്യപ്പന് തങ്ക അങ്കി ചാർത്തിയായിരിക്കും ദർശനം. മണ്ഡലകാലത്തിന് പരിസമാപ്തി കുറിച്ച് നാളെ മണ്ഡലപൂജ നടക്കും.


ഈ മാസം 22ന് ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിച്ച തങ്ക അങ്കി ഘോഷയാത്ര വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പമ്പയിലെത്തിയത്. ദേവസ്വം മന്ത്രി വി.എൻ. വാസവൻ പമ്പയിൽ തങ്ക അങ്കിക്ക് സ്വീകരണം നൽകി.


പമ്പാ ഗണപതി ക്ഷേത്രത്തിൽ വിശ്രമിച്ച ശേഷം മൂന്ന് മണിയോടെ തലച്ചുമടായി തങ്ക അങ്കി പേടകം സന്നിധാനത്തേക്ക് പുറപ്പെട്ടു. ശരംകുത്തിയിൽ തന്ത്രിയുടെ പ്രതിനിധി സംഘം ഉപചാരപൂർവം തങ്ക അങ്കി ഏറ്റുവാങ്ങി.പതിനെട്ടാം പടി കയറിയെത്തിയ തങ്ക അങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്വീകരിച്ച് സോപാനത്തിലൂടെ നടയിലേക്ക് ആനയിച്ചു. തന്ത്രിയും മേൽശാന്തിയും ചേർന്ന് തങ്ക അങ്കി പേടകം ഏറ്റുവാങ്ങി. തുടർന്ന് തങ്ക അങ്കി ചർത്തിയുള്ള ദീപാരാധന നടന്നു.

ദീപാരാധനയ്ക്ക് ശേഷമാണ് ഭക്തർക്ക് ദർശനം അനുവദിച്ചത്. വിർച്വൽ ക്യു ബുക്കിംഗ് വഴി 50000 പേർക്കും സ്പോട് ബുക്കിങ്ങിലൂടെ 5000 പേർക്കും മാത്രമാണ് ഇന്ന് ദർശനത്തിന് അനുമതി. നാളെയും തങ്ക അങ്കി ചാർത്തിയുള്ള അയ്യപ്പനെ ഭക്തർക്ക് ദർശിക്കാം. നാളെ ഉച്ചയ്ക്ക് 12നും 12.30നും ഇടയിലാണ് മണ്ഡലപൂജാ ചടങ്ങുകൾ. 41 ദിവസം നീണ്ട മണ്ഡല കാലത്തിന് നാളെ മണ്ഡലപൂജയോടെ സമാപനമാവും. നാളെ നട അടച്ച ശേഷം ഡിസംബർ 30ന് മകരവിളക്ക് പൂജകൾക്കായി വീണ്ടും നട തുറക്കും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com