
കോഴിക്കോട് പേരാമ്പ്രയിലെ തങ്കമല കരിങ്കൽ ക്വാറി മൂലം ദീർഘകാലമായി പരിസരവാസികൾ അനുഭവിച്ചുവരുന്ന ദുരിതത്തിൽ, ഒടുവിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. 15 ദിവസത്തിനകം പരിശോധിച്ച് വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ കോഴിക്കോട് ജില്ലാ കളക്ടറോട് നിർദേശിച്ചു. മലിനീകരണ നിയന്ത്രണബോർഡ് ജില്ലാ ഓഫീസറും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും വിശദീകരണം നൽകണമെന്നും കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഉത്തരവിട്ടത്. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
കോഴിക്കോട് കീഴരിയൂര്‍, തുറയൂര്‍ വില്ലേജുകളില്ലായി 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് തങ്കമല ക്വാറി. ഐസക്ക് ജേക്കബെന്ന വ്യാപാരിയുടെ പയ്യോളി ഗ്രാനൈറ്റ്സ് കമ്പനിയിൽ നിന്നുമാണ് ഈ ക്വാറി ദേശീയ പാത നിർമ്മാണ കരാർ കമ്പനിയായ വഗാഡ് ഏറ്റെടുത്തത്.
ഖനനാനുമതി ലഭിച്ചതിനേക്കാൾ കൂടുതൽ പാറകൾ തുരന്നായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. ഖനനത്തിന്‍റെ ഭാഗമായി ജനവാസ കേന്ദ്രത്തിന് സമീപം വലിയ ഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശം ഉരുൾപൊട്ടൽ ഭീഷണി നേരിടുകയാണ്. ചെറിയ മഴ പെയ്‌താൽ പോലും ഈ മണ്ണ് വെള്ളം സംഭരിക്കുകയും, ഒരു പരിധി കഴിഞ്ഞാൽ മണ്ണും വെള്ളവുമായി മലവെള്ളം പോലെ താഴേക്ക് കുത്തിയൊലിക്കാറുമുണ്ട്. മഴക്കാലമായതോടെ ക്വാറിക്ക് സമീപം പലഭാഗത്തും മണ്ണ് ഇടിയുന്നതും സ്ഥിരമാണ്. ഈ പരിസരത്ത് താമസിക്കുന്ന നിരവധി പേരുടെ ജീവനും സ്വത്തിനുമാണ് ക്വാറി ഭീഷണിയാകുന്നത്. പാറമടയിൽ നിന്ന് വെള്ളവും കല്ലുമൊക്കെ പൊട്ടി ഒഴുകി വലിയൊരു ദുരന്തത്തിന് കാരണാമാകുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ.