നിയമസംവിധാനം മെച്ചപ്പെടുത്താൻ നീക്കം; രാജ്യത്ത് 23ാം ലോ കമ്മീഷൻ നിലവിൽ വന്നു

നിയമ മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം, പാനലിൽ മുഴുവൻ സമയ അധ്യക്ഷനും മെമ്പർ സെക്രട്ടറി ഉൾപ്പെടെ നാല് മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരിക്കും
നിയമസംവിധാനം മെച്ചപ്പെടുത്താൻ നീക്കം; രാജ്യത്ത് 23ാം ലോ കമ്മീഷൻ നിലവിൽ വന്നു
Published on
Updated on

രാജ്യത്ത് 23ാം ലോ കമ്മീഷൻ നിലവിൽ വന്നു. ഏക സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക വിഷയങ്ങളിൽ പുതിയ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചേക്കും. 2024 സെപ്റ്റംബർ 1 മുതൽ 2027 ഓഗസ്റ്റ് 31 വരെയായിരിക്കും 23ാം നിയമ കമ്മീഷൻ്റെ കാലാവധി. നിയമ മന്ത്രാലയത്തിൻ്റെ ഉത്തരവ് പ്രകാരം, പാനലിൽ മുഴുവൻ സമയ അധ്യക്ഷനും, മെമ്പർ സെക്രട്ടറി ഉൾപ്പെടെ നാല് മുഴുവൻ സമയ അംഗങ്ങളും ഉണ്ടായിരിക്കും. പുതിയ പാനലിൽ സുപ്രീം കോടതിയിലെയും ഹൈക്കോടതിയിലെയും ജഡ്ജിമാരും ഉൾപ്പെടും.

22ാമത് ലോ കമ്മീഷൻ്റെ കാലാവധി ഓഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. യൂണിഫോം സിവിൽ കോഡ്, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കമുള്ള നിർണായക വിഷയങ്ങളിൽ 22ാം ലോ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ക്രിമിനൽ നിയമങ്ങളിൽ പേര് മാറ്റം അടക്കം നിർണായക മാറ്റങ്ങൾ നടപ്പാക്കിയാണ് 22ാമത് ലോ കമ്മീഷൻ്റെ കാലാവധി അവസാനിക്കുന്നത്.

രാജ്യത്തെ നിയമസംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നിയമപരിഷ്കാരങ്ങൾ അവലോകനം ചെയ്യുകയും, ശുപാർശ നൽകുകയും ചെയ്യുകയെന്നതാണ് ലോ കമ്മീഷൻ്റെ ചുമതല. ജസ്റ്റിസ് റിതു രാജ് അവസ്തിയെ ലോക്‌പാൽ അംഗമായി നിയമിച്ചതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളായി അധ്യക്ഷൻ ഇല്ലാതെ തുടരുകയായിരുന്നു 22ാം നിയമ കമ്മീഷൻ. പൂർത്തിയാക്കാത്ത റിപ്പോർട്ടുകൾ അതിവേഗം പൂർത്തിയാക്കുക എന്ന ലക്ഷ്യം കൂടി 23ാം നിയമ കമ്മീഷന് മുന്നിലുണ്ട്.

News Malayalam 24x7
newsmalayalam.com