"പ്രസിഡന്‍റ് നോമിനിയെ കേള്‍ക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് സാധിക്കണം"; ട്രംപിന്‍റെ മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി മെറ്റ

ട്വിറ്ററിലും യൂട്യൂബിലും ട്രംപിനുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ വര്‍ഷമാണ് നീക്കിയത്. ട്രംപ് ഇപ്പോള്‍ ഉപയോഗിക്കുന്നത് ട്രൂത്ത് സോഷ്യല്‍ എന്ന തന്‍റെ തന്നെ സമൂഹ മാധ്യമമാണ്.
"പ്രസിഡന്‍റ് നോമിനിയെ കേള്‍ക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് സാധിക്കണം"; ട്രംപിന്‍റെ മേലുള്ള നിയന്ത്രണങ്ങള്‍ നീക്കി മെറ്റ
Published on

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡോണാള്‍ഡ് ട്രംപിന്‍റെ മേലുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നതായി മെറ്റ. 2021ല്‍ യുഎസ് ക്യാപ്പിറ്റോളിലേക്ക് ട്രംപ് അനുകൂലികള്‍ അക്രമാസക്തരായി അതിക്രമിച്ചു കടന്നതിനെതുടര്‍ന്ന് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മെറ്റ താല്‍ക്കാലികമായി വിലക്കിയിരുന്നു.

"റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നോമിനി എന്ന നിലയില്‍ മുന്‍ പ്രസിഡന്‍റ് സസ്‌പെന്‍ഷന്‍ നടപടികള്‍ക്ക് വിധേയനാകില്ല", മെറ്റ ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.

ജനുവരി 6, 2021 ന് ട്രംപ് അനുകൂലികള്‍ ക്യാപ്പിറ്റോള്‍ ആക്രമിച്ചതിന്‍റെ പിറ്റേന്ന തന്നെ ട്രംപിന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ മെറ്റ താല്‍ക്കാലികമായി വിലക്കിയിരുന്നു. 2023 ഫെബ്രുവരിയില്‍ ഈ അക്കൗണ്ടുകള്‍ പുനസ്ഥാപിച്ചിരുന്നുവെങ്കിലും ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങളുണ്ടായാല്‍ പിഴ ചുമത്തുമെന്നാണ് മെറ്റ പറഞ്ഞിരുന്നത്. എന്നാല്‍ വെള്ളിയാഴ്ച മെറ്റ ഈ നിയന്ത്രണങ്ങളും എടുത്തുമാറ്റി.

"രാഷ്ട്രീയ ആവിഷ്‌ക്കരണം അനുവദിക്കുകയെന്നത് ഞങ്ങളുടെ ഉത്തരമാദിത്തമാണ്. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രസിഡന്‍റ് നോമിനിയില്‍ നിന്നും കേള്‍ക്കാന്‍ അമേരിക്കന്‍ ജനതയ്ക്ക് സാധിക്കണം", മെറ്റ ബ്ലോഗില്‍ കുറിച്ചു. എല്ലാ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപഭോക്താക്കളേയും പോലെ ട്രംപും കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിധേയനായിരിക്കുമെന്നും മെറ്റ പറഞ്ഞു.

ട്വിറ്ററിലും യൂട്യൂബിലും ട്രംപിനുണ്ടായിരുന്ന വിലക്ക് കഴിഞ്ഞ വര്‍ഷമാണ് നീക്കിയത്. ട്രംപ് ഇപ്പോള്‍ ഉപയോഗിക്കുന്നത് ട്രൂത്ത് സോഷ്യല്‍ എന്ന തന്‍റെ തന്നെ സമൂഹ മാധ്യമമാണ്.

രണ്ട് ദിവസം മുന്‍പ്, ഇലക്ഷന്‍ ക്രമക്കേടുകള്‍ നടത്തുന്നതിന് മെറ്റ ഉടമ മാർക് സക്കർബർഗിനെ താന്‍  അധികാരത്തിലെത്തിയാല്‍ ജയിലിലാക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഭീഷണി മുഴക്കിയിരുന്നു. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com