
കൃഷിഭൂമി തരം മാറ്റുമ്പോൾ ലഭിക്കുന്ന തുക കർഷക തൊഴിലാളി ക്ഷേമനിധിയിലേക്ക് വകയിരുത്തണമെന്ന് ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. ഭൂപരിഷ്‌കരണ നിയമത്തിൽ കാലോചിതമായ പരിഷ്‌കരണം നടത്തി ഭൂരഹിതർക്ക് ഭൂമി നൽകണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. കർഷക തൊഴിലാളി ഫെഡറേഷൻ വയനാട് ജില്ലാ ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളി ക്ഷേമനിധി കുടിശ്ശിക കൊടുത്തു തീർക്കുന്നതിന് 450 കോടി രൂപയാണ് വേണ്ടത്. ഭൂമി തരം മാറ്റുമ്പോഴും ഭൂമി ക്രയവിക്രയം നടക്കുമ്പോഴും സർക്കാരിന് ലഭിക്കുന്ന ഫീസിൻ്റെ നിശ്ചിത ശതമാനം തുക ക്ഷേമനിധിയിലേക്ക് വകയിരുത്തിയാൽ കുടിശ്ശിക കൊടുക്കുവാൻ കഴിയുമെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. 25 ലക്ഷത്തിലധികം വരുന്ന കുടുംബങ്ങൾക്ക് ഭൂമിയില്ലാത്ത അവസ്ഥയാണ്. ഇതിന് പരിഹാരം കാണാൻ ഭൂപരിഷ്‌കരണ നിയമത്തിൽ കാലോചിതമായ പരിഷ്‌കരണം വരുത്തണം. വയനാട് നേരിടുന്ന വന്യജീവി സംഘർഷത്തിനു ശാശ്വത പരിഹാരം കാണണമെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.