പാരസെറ്റമോൾ അടക്കമുള്ള 50 ഓളം മരുന്നുകൾ നിലവാരമില്ലാത്തതെന്ന് അപെക്‌സ് ഡ്രഗ്സ് റെഗുലേറ്ററി ബോഡി

ഈ നിലവാരമില്ലാത്ത മരുന്നുകളിൽ 22 എണ്ണം നിർമ്മിക്കുന്നത് ഹിമാചൽ പ്രദേശിലാണ്
പാരസെറ്റമോൾ അടക്കമുള്ള 50 ഓളം മരുന്നുകൾ നിലവാരമില്ലാത്തതെന്ന് അപെക്‌സ് ഡ്രഗ്സ് റെഗുലേറ്ററി ബോഡി
Published on

പാരസെറ്റമോൾ അടക്കമുള്ള 50 ഓളം മരുന്നുകൾ നിലവാരമില്ലാത്തതാണെന്ന കണ്ടെത്തലുമായി ഇന്ത്യയിലെ അപെക്‌സ് ഡ്രഗ്സ് റെഗുലേറ്ററി ബോഡി. പാരസെറ്റമോൾ, പാൻ്റോപ്രസോൾ, ബാക്ടീരിയ അണുബാധയ്ക്കുള്ള ചില ആൻറിബയോട്ടിക്കുകൾ ഉൾപ്പടെയുള്ള മരുന്നുകൾ ആണ് അപെക്‌സ് ഡ്രഗ്സ് റെഗുലേറ്ററി ബോഡി നടത്തിയ ഗുണനിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. ഹിമാചൽ പ്രദേശ്, ജയ്പൂർ, ഹൈദരാബാദ്, വഗോഡിയ, വഡോദര, ആന്ധ്രാപ്രദേശ്, ഇൻഡോർ എന്നിവിടങ്ങളിൽ നിന്നാണ് ഇതിനായി സാമ്പിളുകൾ ശേഖരിച്ചത്.

ഈ നിലവാരമില്ലാത്ത മരുന്നുകളിൽ 22 എണ്ണം നിർമ്മിക്കുന്നത് ഹിമാചൽ പ്രദേശിലാണ് എന്ന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ മെയ് മാസത്തിൽ പുറപ്പെടുവിച്ച ജാഗ്രതാ നിർദ്ദേശത്തിൽ വ്യക്തമാക്കിയിരുന്നു. സിഡിഎസ്‌സിഒ നടത്തിയ ഗുണനിലവാര പരിശോധനയിൽ ഉൾപ്പെടുത്തിയ 52 സാമ്പിളുകളും പരാജയപ്പെട്ടെന്ന് ജൂൺ 20ന് പുറപ്പെടുവിച്ച ഡ്രഗ് അലേർട്ടിലും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഡ്രഗ് റെഗുലേറ്റർമാർ ബന്ധപ്പെട്ട ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഈ മരുന്നുകൾ ഉടൻ തന്നെ വിപണിയിൽ നിന്ന് തിരിച്ചെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

അപസ്മാരത്തിന് ഉപയോഗിക്കുന്ന ക്ലോനാസെപാം ഗുളികകൾ, വേദനസംഹാരിയായ ഡിക്ലോഫെനാക്, ടെൽമിസാർട്ടൻ, ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ആംബ്രോക്സോൾ, ഫ്ലൂക്കോണസോൾ, ആൻ്റിഫംഗൽ, എന്നിവയും നിലവാരമില്ലാത്ത മരുന്നുകളുടെ പട്ടികയിൽ ഉൾപ്പെടുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com