സമാധാന ചർച്ചകൾ ഫലം കണ്ടില്ല, ഗാസയിൽ പലായനം തുടരുന്നു; കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പോലും നീക്കാനാവാതെ അധികൃതർ

സമാധാന ഉടമ്പടി ഒപ്പുവെയ്ക്കാത്ത സാഹചര്യത്തിൽ ഇസ്രായേൽ വീണ്ടും അക്രമത്തിന് പദ്ധതിയിടുന്നതായും ആരോപണം
സമാധാന ചർച്ചകൾ ഫലം കണ്ടില്ല, ഗാസയിൽ പലായനം തുടരുന്നു; കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങൾ പോലും നീക്കാനാവാതെ അധികൃതർ
Published on

ഗാസയിൽ നിന്നുള്ള പലായനം തുടരുമ്പോഴും രക്ഷപ്പെടാനാകാതെ നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. എത്രയും വേഗം ഗാസ വിടുകയെന്ന ഇസ്രായേൽ അന്ത്യശാസനം ലഭിച്ചതിന് പിന്നാലെയാണ് ഗാസയിലെ പലസ്തീൻ കുടുംബങ്ങൾ ദക്ഷിണ ഗാസ ലക്ഷ്യം വെച്ച് നീങ്ങുന്നത്. എന്നാൽ അക്രമണത്തിനിരയായും, പട്ടിണി മൂലവും മരിച്ച ആളുകളുടെ മൃതദേഹങ്ങൾ നീക്കം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നാണ് പലസ്തീൻ ഉദ്യോഗസ്ഥർ പറയുന്നത്.

ഖത്തറും ഈജിപ്തും ഉൾപ്പടെയുള്ള രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന സമാധാന ചർച്ചകൾ കരാറുകളിലെത്താതെ അവസാനിച്ചതോടെയാണ് നിത്യശാന്തിയുടെ തീരം പലസ്തീൻ ജനതയ്ക്ക് വീണ്ടും അന്യമായാത്. തെക്കോട്ട് പോകാനുള്ള ഉത്തരവ് ഒരു വിഭാഗം പലസ്തീൻ കുടുംബങ്ങൾ അവഗണിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം പലായനം ചെയ്യാൻ കഴിയാതെ നിരവധി കുടുംബങ്ങൾ ഗാസയിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.

സമാധാന ചർച്ചകൾക്ക് ഫലം കാണാതെ വന്നതോടെ ഗാസയിൽ വീണ്ടും ഇസ്രായേൽ ബോംബാക്രമണം നടത്തിയതായി പലായനം ചെയ്യുന്ന കുടുംബങ്ങൾ റോയിട്ടേഴ്‌സിനോട് പ്രതികരിച്ചു. സമാധാന ഉടമ്പടി ഒപ്പുവെയ്ക്കാത്ത സാഹചര്യത്തിൽ ഇസ്രായേൽ വീണ്ടും അക്രമത്തിന് പദ്ധതിയിടുന്നതായും ആരോപണം ഉയരുന്നുണ്ട്.

സമാധാനം ഇനിയും കാതങ്ങളകലെയാണെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടാണ് ഗാസയിൽ നിന്നും ഓരോ പലസ്തീൻ കുടുംബവും വിട്ടുപോകുന്നത്. തീരുമാനമാകാത്ത സമാധാന ചർച്ചകൾ ജീവിതത്തെ ചോദ്യത്തിന് മുന്നിൽ നിർത്തുമ്പോൾ ഒന്നുകിൽ ഗാസ വിടുക അല്ലെങ്കിൽ മരിക്കുക എന്നത് മാത്രമാണ് അവശേഷിക്കുന്ന പോംവഴിയെന്ന് ഈ മനുഷ്യർ സാക്ഷ്യപ്പെടുത്തുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com