തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും; ചൂരൽമല ദുരന്തം കവർന്നെടുത്ത 67 പേർ ഇനി ഒന്നിച്ചുറങ്ങും

തിരിച്ചറിയാനാവാത്ത 27 മൃതദേഹങ്ങളും മറ്റുള്ളവ ശരീര ഭാഗങ്ങളുമാണ്
തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും; ചൂരൽമല ദുരന്തം കവർന്നെടുത്ത 67 പേർ ഇനി ഒന്നിച്ചുറങ്ങും
Published on

വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഞെട്ടിക്കുന്ന ഉരുൾപൊട്ടൽ ദുരന്തം ജീവൻ കവർന്നെടുത്ത 67 പേർ ഇനി പുത്തുമലയിൽ ഒന്നിച്ചുറങ്ങും. തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. സംസ്കാരം വൈകിട്ട് 7.30ന് മേപ്പാടി പുത്തുമലയിലാണ് നടത്തുക. ദുരന്തനിവാരണ നിയമമനുസരിച്ചാണ് സംസ്കാരം.

വയനാട് ദുരന്തത്തിൽ മരിച്ച 67 പേരുടെ മൃതദേഹമാണ് ഹാരിസൺ മലയാളത്തിൻ്റെ ഭൂമിയിലാണ് സംസ്കരിക്കുന്നത്. ഇതിനായി 64 സെന്റ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. സംസ്കാരം നാളെയും തുടരും. ഹാരിസണ്‍ മലയാളം പ്ലാൻ്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്ത് സര്‍വമത പ്രാര്‍ത്ഥനയോടെയാണ് സംസ്കാരച്ചടങ്ങുകൾ നടത്തുക. തിരിച്ചറിയാനാവാത്ത 27 മൃതദേഹങ്ങളും മറ്റുള്ളവ ശരീര ഭാഗങ്ങളുമാണ്. ഓരോ ശരീര ഭാഗങ്ങളും ഓരോ മൃതദേഹമായി കണ്ട് കുഴിയെടുത്താണ് സംസ്കരിക്കുന്നത്. മരിച്ചവരെ സംസ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സർവമത പ്രാർഥന നടത്തിയാകും മൃതദേഹങ്ങൾ യഥോവിധം സംസ്കരിക്കുക. മുഴുവൻ കുഴികളുമെടുക്കുന്ന ജോലികൾ പൂർത്തിയായിട്ടില്ല. ഈ ജോലികൾ പൂർത്തിയാവുന്ന മുറയ്ക്ക് സംസ്കാര ചടങ്ങുകൾ ആരംഭിക്കും. നിരവധി ആംബുലൻസുകളിലായാണ് മൃതശരീരങ്ങൾ സ്ഥലത്തേക്ക് എത്തിച്ചത്. കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തമാണ് ചൂരൽമലയിൽ ഉണ്ടായത്. അതേസമയം, ചാലിയാറിൽ മൃതദേഹങ്ങൾ കണ്ടെത്തുന്നതിനായുള്ള ഇന്നത്തെ തെരച്ചിൽ അവസാനിപ്പിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com