
തമിഴ്‌നാട് തിരുനെൽവേലിയിൽ കഴിഞ്ഞ ദിവസം കാണാതായ മൂന്ന് വയസുകാരൻ്റെ മൃതദേഹം അയൽവാസിയുടെ വാഷിങ് മെഷീനിൽ കണ്ടെത്തി. തമിഴ്‌നാട് തിരുനെൽവേലിക്കടുത്ത് രാധാപുരത്താണ് സംഭവം. കുട്ടിയെ കൊലപ്പെടുത്തി വാഷിങ് മെഷീനിൽ ഒളിപ്പിച്ച അയൽവാസിയായ സ്ത്രീയെ രാധാപുരം പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ പിതാവിനോടുള്ള അയൽവാസിയുടെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം സ്വന്തം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കവെ ആണ് സഞ്ജയ് എന്ന മൂന്ന് വയസുകാരനെ കാണാതാവുന്നത് . അങ്കണവാടിയിലേക്ക് പോകാൻ സമയമായപ്പോൾ സഞ്ജയെ കൊണ്ടുപോകാൻ അമ്മ രമ്യ വീടിന് പുറത്തുവന്നെങ്കിലും കുട്ടിയെ കണ്ടില്ല. ഒരുപാട് തെരഞ്ഞെങ്കിലും ആ പരിസരത്തെങ്ങും മകൻ ഉണ്ടായിരുന്നില്ല. കുട്ടിയെ കാണാതായതോടെ നിർമാണ തൊഴിലാളിയായ പിതാവ് വിഘ്നേഷ് രാധാപുരം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പൊലീസെത്തി സമീപത്തെ വീടുകളിൽ തെരച്ചിൽ നടത്തി. അയൽവാസിയായ തങ്കമ്മാളിൻ്റെ വീട്ടിലും തെരഞ്ഞു. അപ്പോഴാണ് കുഞ്ഞിൻ്റെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ് വാഷിങ് മെഷീനിൽ ഒളിപ്പിച്ചതായി കണ്ടെത്തിയത്. വിഘ്നേഷും തങ്കമ്മാളും തമ്മിൽ മുൻ വൈരാഗ്യമുണ്ടായിരുന്നതായി ജില്ലാ പൊലീസ് മേധാവി എൻ. ചിലംബരശൻ അറിയിച്ചു. അടുത്തിടെ ഉണ്ടായ ഒരു അപകടത്തിൽ തങ്കമ്മാളിൻ്റെ മകൻ മരിച്ചെന്നും തങ്കമ്മാളിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നുമാണ് അയൽവാസികൾ പറയുന്നത്.